'സിനിമാക്കാരെ കുറ്റം പറയേണ്ട കാര്യമില്ല, നായകൻ റോളുകളിലും നല്ല കഥാപാത്രങ്ങളുമായും സീരിയലിൽ തിരക്കിലായിരുന്നു'
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടനാണ് ശരത് ദാസ്. മിനിസ്‌ക്രീനിലെ നിത്യഹരിത താരമായ ശരത് ശ്രീ മഹാഭാരതം പരമ്പരയിലെ ശ്രീകൃഷ്ണനായാണ് ആരാധകരുടെ മനസിലേക്ക് ചേക്കേറിയത്. ശേഷം നിരവധി സിനിമകളിലും പരമ്പരകളിലുമായി ശരത് എന്നും ക്യാമറയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നു. നായകനായും സൗമ്യനായ വേഷങ്ങളിലൂടെയും ആരാധകര്‍ക്ക് പ്രിയങ്കരനായ ശരത് ഇതിനോടകം നൂറിലധികം പരമ്പരകളില്‍ വേഷമിട്ടു. സിനിമയിൽ സഹനടനായി നിരവധി അഭിനയിച്ചിട്ടുണ്ട്.
പക്ഷെ സീരിയലിൽ താരം ശ്രദ്ധ കേന്ദ്രീകരിച്ചശേഷം സിനിമയിൽ നിന്നും ശരത് അപ്രത്യക്ഷമായി. സീരിയൽ താരങ്ങൾക്ക് സിനിമാക്കാർ അവസരം നൽകുന്നില്ലെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ തന്റെ കാഴ്ചപ്പാട് മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിനോട് പങ്കുവെച്ചിരിക്കുകയാണ് താരം. സിനിമയിലേക്ക് വിളിക്കുന്നില്ലെന്ന് കരുതി സിനിമാക്കാരെ താൻ കുറ്റപ്പെടുത്തേണ്ടതില്ലല്ലോയെന്ന് ശരത് പറഞ്ഞു.

സിനിമയിലേക്ക് വിളിക്കുന്നില്ലെന്ന് പറഞ്ഞ് ഞാൻ സിനിമാക്കാരെ കുറ്റം പറയേണ്ട കാര്യമില്ലല്ലോ. അവർക്ക് ഇഷ്ടമുണ്ടെങ്കിൽ വിളിക്കട്ടെ. അങ്ങനൊരു കഥാപാത്രം ഉണ്ടായി കഴിയുമ്പോൾ അത് എന്നെ തേടി എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സീരിയലിൽ അഭിനയിക്കുന്നൊരാളെ സിനിമയിലേക്ക് വേണ്ടെന്ന് അവർ തീരുമാനിച്ച് കഴിഞ്ഞാൽ അത് അവരുടെ ഇഷ്ടം. അത് നമുക്ക് മാറ്റാൻ പറ്റില്ല. എനിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള വഴിയിലൂടെ സഞ്ചരിച്ച് പോവുക എന്നത് മാത്രമെയുള്ളു.
ജോഷി സാറിനോടും രഞ്ജിത്തേട്ടനോടുമെല്ലാം ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട്. പിന്നെ സിനിമയുടെ പ്രോസസ് നമുക്ക് അറിയാമല്ലോ. ഇപ്പോഴാണെങ്കിൽ ഒടിടി പ്ലാറ്റ്ഫോമിലെ ആളുകൾ കൂടി ഭാഗമായി അവരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും സിനിമ എടുക്കുന്നത്. അവർ ഏതൊക്കെ താരങ്ങൾ വേണമെന്ന് ഡിമാന്റ് വെക്കുന്നുണ്ടാകും.
എന്റെ തുടക്കം സിനിമയിലായിരുന്നു. കുറേ സിനിമകൾ ചെയ്തു. പിന്നെ കുറച്ച് വർഷം സ്ട്രഗിൾ ചെയ്തു. ശേഷം സീരിയലിലേക്ക് ചാടി. പിന്നെ സിനിമ നോക്കാനുള്ള അവസരം എനിക്ക് കിട്ടിയിട്ടില്ല. നായകൻ റോളുകളിലും നല്ല കഥാപാത്രങ്ങളുമായും എനിക്ക് സീരിയലിൽ നല്ല തിരക്കായിരുന്നു ഇത്രയും കാലം. അതുകൊണ്ടാകും സിനിമാക്കാർ വിളിക്കാത്തത്. അതിൽ വിഷമവുമില്ല. സ്ക്രീൻ ടെസ്റ്റിൽ പങ്കെടുത്ത് തന്നെയാണ് ഞാൻ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്.
അടിച്ചുപൊളി കഥാപാത്രങ്ങൾ സിനിമയിൽ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. പക്ഷെ പാവത്താൻ റോളുകളെ ചേരൂവെന്ന മുൻവിധി ആളുകൾക്കുണ്ടെന്ന് തോന്നുന്നുവെന്നും നടൻ പറയുന്നു. ദിലീപ് സിനിമകളെ കുറിച്ചും താരം സംസാരിച്ചു. ദിലീപേട്ടന്റെ കഴിവ് നമ്മൾ ആക്സപ്റ്റ് ചെയ്തെ പറ്റു. ദിലീപേട്ടനെ അങ്ങനെ ഒതുക്കി നിർത്താൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.

സിനിമയെ കുറിച്ച് അറിയാവുന്നയാളാണ് അദ്ദേഹം. നിർഭാഗ്യവശാലാണ് പവി കെയർ ടേക്കർ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുട്ടികൾക്ക് വേണ്ടിയുള്ള സിനിമകൾ ദിലീപേട്ടൻ കൂടുതൽ ചെയ്യണമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സിഐഡി മൂസയൊക്കെ വലിയവർ വരെ കണ്ട് ചിരിച്ചിട്ടുള്ള സിനിമയാണ്. അതുകൊണ്ട് കുട്ടികൾക്ക് വേണ്ടി സിനിമയെടുത്താൽ അത് കാണാൻ കുട്ടികളേയും കൊണ്ട് മാതാപിതാക്കളും തിയേറ്ററിൽ പോകും.
അത്തരം സിനിമകൾ അതുകൊണ്ട് അദ്ദേഹം ചെയ്ത് കാണാനാണ് എനിക്ക് ആഗ്രഹം. മാത്രമല്ല അതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അങ്ങനൊരാൾ ഇപ്പോൾ സിനിമയിലില്ല. ഇവരിൽ നിന്നൊക്കെ ഞാൻ പഠിച്ചൊരു പാഠം ഹാർഡ് വർക്ക് ചെയ്യുക എന്നതാണെന്നും ശരത്ത് പറയുന്നു.


Click it and Unblock the Notifications