ഭാര്യ നാല് വർഷമായി കോമയിൽ... ഭക്ഷണം നൽകുന്നത് ട്യൂബിലൂടെ; കിടപ്പിലായ ഭാര്യയെ മകളെപ്പോലെ പരിചരിക്കുന്ന സത്യരാജ്
കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷമായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ് നടൻ സത്യരാജ്. എഴുപതുകാരനായ താരം ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടെ 250ൽ അധികം സിനിമകളിൽ അഭിനയിച്ചു. ആഗതൻ അടക്കം മൂന്നോളം മലയാളം സിനിമകളിലും സത്യരാജ് വേഷമിട്ടിട്ടുണ്ട്. മലയാളത്തിൽ അദ്ദേഹം ചെയ്തിട്ടുള്ളത് ഏറെയും വില്ലൻ വേഷങ്ങളാണ്. ഒരു കാലത്ത് നായക വേഷങ്ങളും ചെയ്തിരുന്ന താരം ഇപ്പോൾ സഹനടൻ, വില്ലൻ റോളുകളിലാണ് കൂടുതൽ തിളങ്ങുന്നത്.
ഇപ്പോഴിതാ സത്യരാജിനെ കുറിച്ച് അദ്ദേഹത്തിന്റെ മകൾ ദിവ്യ സത്യരാജ് സോഷ്യൽമീഡിയയിൽ പങ്കിട്ടൊരു കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. സത്യരാജിന്റെ ഫോട്ടോ കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു ദിവ്യയുടെ കുറിപ്പ്. ഇതുവരെ നടൻ പുറംലോകത്തെ അറിയിച്ചിട്ടില്ലാത്ത ചില കാര്യങ്ങളാണ് മകൾ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സിംഗിൾ പാരന്റിങ് ചെയ്യുന്നവരെ അഭിനന്ദിച്ചുള്ള കുറിപ്പാണ് ദിവ്യയുടേത്. സിംഗിൾ പാരന്റിങ് ചെയ്യുന്ന എല്ലാ മാതാപിതാക്കളെയും അഭിനന്ദിച്ചുള്ള ഒരു പോസ്റ്റാണിത്. എൻ്റെ അമ്മ നാല് വർഷമായി കോമയിലാണ്. അമ്മ ഞങ്ങളുടെ വീട്ടിലുണ്ട്. ഞങ്ങൾ അമ്മയ്ക്ക് ഒരു പിഇജി ട്യൂബ് വഴിയാണ് ഭക്ഷണം നൽകുന്നത്. അമ്മ ഇത്തരമൊരു അവസ്ഥയിലായപ്പോൾ ഞങ്ങൾ ആകെ തകർന്നുപോയി.
പക്ഷെ പ്രതീക്ഷയോടും പോസിറ്റീവിറ്റിയോടും കൂടി ഞങ്ങൾ ഒരു മാറ്റം അമ്മയിലുണ്ടാകുന്നതിനും ആരോഗ്യം മെച്ചപ്പെടുന്നത് കാണാനും കാത്തിരിക്കുന്നു. അമ്മയെ തിരികെ കിട്ടുമെന്ന് ഞങ്ങൾക്കറിയാം. അപ്പ കഴിഞ്ഞ നാല് വർഷമായി വളരെ ഗ്രേറ്റായ ഒരു സിംഗിൾ പാരന്റാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അപ്പയുടെ അമ്മ മരിച്ചു. ഞാനും എൻ്റെ അപ്പയ്ക്ക് ഇപ്പോൾ ഒരു സിംഗിൾ മോമാണ്.
ഞാനും അപ്പയും ചേർന്ന് സിംഗിൾ മോംമ്സിന്റെ ഒരു പവർഫുൾ ക്ലബ് രൂപീകരിക്കുന്നു എന്നാണ് സത്യരാജിന്റെ ചിത്രം പങ്കിട്ട് മകൾ കുറിച്ചത്. പവർറഫുൾ സിംഗിൾ മോംമ്സ്, സിംഗിൾ ബട്ട് സ്ട്രോങ് എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് മകൾ സത്യരാജിന്റെ കുറിച്ചുള്ള കുറിപ്പ് പങ്കിട്ടത്. പുറം ലോകത്തിന് അറിയാത്ത വിഷയമായിരുന്നു സത്യരാജിന്റെ ഭാര്യയുടെ അസുഖാവസ്ഥ. അതുകൊണ്ട് തന്നെ ദിവ്യയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർക്കെല്ലാം അതൊരു ഷോക്കായി.
ഭാര്യയെ ഈ അവസ്ഥയിലും പൊന്നുപോലെ പരിചരിച്ച് കൊണ്ടുനടക്കുന്ന സത്യരാജിനേയും മക്കളേയും അഭിനന്ദിച്ചുള്ളതാണ് പോസ്റ്റിന് വന്ന കമന്റുകൾ ഏറെയും. അമ്മ തിരികെ ജീവിതത്തിലേക്ക് വരുമെന്നും അങ്ങനൊരു നിമിഷം സംഭവിക്കാൻ തങ്ങളും പ്രാർത്ഥിക്കാമെന്നുമെല്ലാം കമന്റുകളുണ്ട്. കോയമ്പത്തൂർ സ്വദേശിയാണ് സത്യരാജ്.

തുടക്ക കാലത്ത് സത്യരാജിന്റെ കോയമ്പത്തൂർ സ്ലാങ്ങിലുള്ള കോമഡികളാണ് അദ്ദേഹത്തിന് ആരാധകരെ നൽകിയത്. രംഗരാജ് സുബ്ബയ്യ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. നടൻ എന്നതിലുപരി സംവിധായകൻ, നിർമാതാവ് എന്നീ റോളുകളിലും തിളങ്ങിയിട്ടുള്ള താരം തമിഴിൽ മാത്രമല്ല അടുത്തിടെയായി തെലുങ്കിലും നിരന്തരം സിനിമകൾ ചെയ്യുന്നുണ്ട്.
ബാഹുബലി സീരിസിന്റെ ഭാഗമായശേഷം താരം കൊച്ചുകുട്ടികൾക്കിടയിൽ പോലും കട്ടപ്പ എന്ന പേരിലാണ് അറിയപ്പെടുന്നത്. കന്നഡയിലും ബോളിവുഡിലും സത്യരാജ് അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ അടക്കം നിരവധി അംഗീകാരങ്ങൾ ഇതിനോടകം നടന് ലഭിച്ചിട്ടുണ്ട്. 1979 ലാണ് സത്യരാജ് മഹേശ്വരിയെ വിവാഹം കഴിച്ചത്. ദിവ്യയെ കൂടാതെ സിബിരാജ് എന്നൊരു മകനും താരത്തിനുണ്ട്. സിബിരാജ് അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയിരുന്നു.
ചില സിനിമകളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ അച്ഛനെപ്പോലെ പ്രശസ്തിയിലേക്ക് നടൻ എന്ന രീതിയിൽ ഉയരാൻ സിബിരാജിന് സാധിച്ചിട്ടില്ല. ദിവ്യ ഒരു ന്യൂട്രീഷ്യനിസ്റ്റാണ്. മഗിഷ്മതി എന്ന പേരിൽ ഒരു സ്ഥാപനവും ദിവ്യ നടത്തി വരികയാണ്. കൂടാതെ നിർധനരായ ആളുകൾ ദിവ്യയുടെ സ്ഥാപനം വഴി പോഷകാഹാരം വിതരണം ചെയ്യുന്നുമുണ്ട്.


Click it and Unblock the Notifications











