'കല്യാണം വൈറലാകുമെന്ന് ഡ്രസ്സെടുക്കാൻ പോയപ്പോൾ മനസിലായി, ആസിഫിനെപ്പോലെയാകാൻ വാപ്പിച്ചി പറയും'; ഷഹീൻ സിദ്ദീഖ്
അടുത്തിടെ നടന്ന സെലിബ്രിറ്റി വിവാഹങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായ കല്യാണമായിരുന്നു സിദ്ദീഖിന്റെ മകൻ ഷഹീൻ സിദ്ദീഖിന്റേത്. വളരെ കുറച്ച് ദിവസത്തെ ഇടവേളകളിലാണ് ഷഹീന്റെ വിവാഹ നിശ്ചയവും വിവാഹവും നടന്നത്. ആരെയും അറിയിക്കാതെ അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിലായിരുന്നു വിവാഹം.
സുഹൃത്തും പ്രണയിനിയുമായിരുന്ന ഡോക്ടർ അമൃത ദാസിനെയാണ് ഷഹീൻ വിവാഹം ചെയ്തത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒന്ന്, രണ്ട് ദിവസം പിന്നിട്ട ശേഷമാണ് ഷഹീന്റേയും അമൃതയുടേയും വിവാഹ നിശ്ചയ ചിത്രങ്ങൾ പെടുന്നനെ സോഷ്യൽമീഡിയയിൽ ട്രെന്റിങായത്.
ഷഹീനും അമൃതയും രണ്ട് മതങ്ങളിൽപ്പെട്ടവരായിരുന്നതിനാൽ വിവാഹം ഒരു മതത്തിന്റേയും ആചാര പ്രകാരമല്ല നടത്തിയത്. വിവഹത്തിന് ശേഷം സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി സിദ്ദീഖും ഷഹീനും ചേർന്ന് കൊച്ചിയിൽ വിവാഹ സൽക്കാരവും നടത്തിയിരുന്നു.
സൽക്കാരത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങി മലയാള സിനിമ മുഴുവൻ ഒഴുകിയെത്തിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഷഹീനും അമൃതയും വിവാഹിതരായത്.
ഇപ്പോൾ വൈറലായി മാറിയ വിവാഹത്തിന്റെ പിന്നാമ്പുറ വിശേഷങ്ങളും പുതിയ സിനിമാ ഷൂട്ടിങ് വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ഷഹീൻ സിദ്ദീഖ്.

'ഞാൻ ഒരുപാട് സിനിമകൾ ചെയ്യുകയോ, നായകവേഷം ചെയ്ത് സ്റ്റാറായി തിളങ്ങി നിൽക്കുന്നതോ ആയ ഒരാളല്ല. സോഷ്യൽമീഡിയയിൽ പോലും ഫോളോവേഴ്സ് കുറവാണ്. അതിനാൽ വിവാഹത്തിന്റെ വാർത്ത സോഷ്യൽമീഡിയയിൽ വലിയ വാർത്തയാകുമോ? ഇല്ലയോ... എന്നതൊന്നും ചിന്തയിലുണ്ടായിരുന്നില്ല.'
'ഞങ്ങളുടെ വിവാഹത്തിന് വലിയ ശ്രദ്ധ കിട്ടുമെന്ന് ആദ്യം പറഞ്ഞത് ഞങ്ങൾക്ക് വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് തന്നവരാണ്. എന്തെങ്കിലുമൊക്കെ ചെയ്താൽ പോരെന്നും നന്നായി ചെയ്യുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അന്ന് ആ ഡിസൈനേഴ്സ് പറഞ്ഞു. അന്നവർ പറഞ്ഞത് മനസിലുണ്ടായിരുന്നു.'
'വിവാഹ നിശ്ചയം കഴിഞ്ഞ് ഫോട്ടോ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് രണ്ട് ദിവസം വലിയ അനക്കമുണ്ടായില്ല. പിന്നീടാണ് പതിയെ പതിയെ സോഷ്യൽമീഡിയ പേജുകളും ഓൺലൈൻ മാധ്യമങ്ങളും ഫോട്ടോവെച്ച് വാർത്തകൾ പബ്ലിഷ് ചെയ്ത് തുടങ്ങിയിരുന്നു.'

'ആദ്യ രണ്ട് ദിവസം ഫോട്ടോയ്ക്ക് വലിയ അനക്കം സംഭവിക്കാതിരുന്നപ്പോൾ ആ ഡിസൈനേഴ്സിനെ ഓർത്ത് എനിക്ക് വിഷമം തോന്നിയിരുന്നു. അവർ ഒരുപാട് പ്രതീക്ഷയോടെയാണ് ഞങ്ങളുടെ വിവാഹത്തിന്റെ ജോലി ചെയ്തത്.'
'അതിനുള്ള പ്രതിഫലം അവർക്ക് കിട്ടിയില്ലല്ലോ എന്നോർത്തായിരുന്നു എനിക്ക് സങ്കടം. പിന്നെ വിവാഹത്തിന്റെ ചുവട് പിടിച്ച് വന്ന വാർത്തകളെല്ലാം കൗതുകത്തോടെയാണ് ഞാനും വീട്ടുകാരും വായിച്ചത്. അമൃതയെ സുഹൃത്തിന്റെ സുഹൃത്ത് വഴിയാണ് ഞാൻ പരിചയപ്പെട്ടത്.'
'സിനിമയോട് ഇഷ്ടവും താൽപര്യവുമുണ്ട്. വാപ്പിച്ചി ഷൂട്ടിങ് കഴിഞ്ഞ് വരുമ്പോൾ സെറ്റിലെ വിശേഷങ്ങളും സംഭവങ്ങളും ഞങ്ങളോട് എല്ലാവരോടും പറയാറുമുണ്ട്. ഛോട്ടാമുംബൈയിലെ വാപ്പിച്ചിയുടെ കഥാപാത്രത്തിന്റെ ഗെറ്റപ്പ് അദ്ദേഹത്തിന്റെ തന്നെ ഐഡിയയാണ്.'

'സ്പൈക്ക് വെച്ച് കഥാപാത്രം ചെയ്യാമെന്നും അദ്ദേഹം തന്നെയാണ് മനസിലാക്കി പരീക്ഷിച്ചത്. സെറ്റിൽ സ്പൈക്കും മറ്റുമായുള്ള ഗെറ്റപ്പിൽ എത്തിയപ്പോൾ പലരും ഒരു സെക്കന്റ് ഒന്ന് സംശയിച്ചു ഇത് സിദ്ദീഖ് തന്നെയാണോയെന്ന്. മുള്ളൻ ചന്ദ്രപ്പൻ ഇഷ്ടമുള്ള കഥാപാത്രമാണ്.'
'ആസിഫ് അലിയെ കണ്ടുപഠിച്ച് അതുപോലെയാകണമെന്ന് വാപ്പിച്ചി ഇടയ്ക്കിടെ പറയും. കാരണം ആസിഫ് സ്വഭാവികതയോടെ അഭിനയിക്കുകയും ക്യാമറയുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരുപോലെ പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ് എന്നാണ് വാപ്പിച്ചി പറയാറുള്ളത്.'
'ആസിഫിനെപ്പോലെയാകാൻ ഞാൻ ഒരുപാട് ക്ഷ്ടപ്പെടേണ്ടിയിരിക്കുന്നു. വാപ്പിച്ചി ഇങ്ങനൊരു കമന്റ് പറയാറുണ്ടെന്ന് ആസിഫ് ഇക്കയോട് ഞാൻ പറഞ്ഞിരുന്നു. അദ്ദേഹം അന്ന് വല്ലാതെ അത്ഭുതപ്പെട്ടു. തന്റെ പേരൊക്ക സിദ്ദീഖ് സാർ ഉദാഹരണമായി പറയുമെന്ന് കരുതിയിട്ടില്ലെന്നും ആസിഫ് ഇക്ക അന്ന് പറഞ്ഞിരുന്നു.'
Recommended Video

'മാഹിയാണ് ഇനി വരാനുള്ള എന്റെ സിനിമ. ചിത്രത്തിൽ വില്ലൻ വേഷമാണ് ചെയ്യുന്നത്. ഗായത്രി സുരേഷാണ് നായിക. വില്ലൻ വേഷം വേണമെന്ന് ചോദിച്ച് വാങ്ങിയതാണ്. ഒരു കൊച്ചു സിനിമയാണ്.'
'നല്ലൊരു മെസേജ് സിനിമ പറയുന്നുണ്ട്. ഞങ്ങൾ കുറച്ചാളുകൾ ഭാഗമായിട്ടുള്ള സിനിമയാണ്. തിയേറ്ററിൽ വരുമ്പോൾ എല്ലാവരും കാണാൻ വരണമെന്നാണ് പ്രാർഥന.'
'ബിഗ് ബജറ്റ് സിനിമയോ വലിയ താരനിരയോ ഇല്ലാത്തതിനാൽ ആളുകൾ തിയേറ്ററിൽ വന്ന് കാണുമോ എന്നതിൽ ഞങ്ങൾക്ക് പേടിയുണ്ട്. എല്ലാവരും തിയേറ്ററിൽ വന്ന് കണ്ട് പ്രോത്സാഹിപ്പിക്കണം' ഷഹീൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications