'മകളുടെ വരൻ മിമിക്രിക്കാരനാകുന്നത് അവർക്ക് താൽപര്യമില്ലായിരുന്നു, അന്ന് കയ്യിലുണ്ടായിരുന്നത് മുന്നൂറ് രൂപ'
മിമിക്രിയിലൂടെ സ്റ്റേജ് ഷോകളിലൂടെയും സിനിമയിലേക്ക് എത്തി ശ്രദ്ധ നേടിയ നടനാണ് ഷാജു ശ്രീധർ. സോഷ്യൽമീഡിയയിൽ ആക്ടീവായ താരം വിവാഹം ചെയ്തത് നടി ചാന്ദ്നിയെയാണ്. വിവാഹത്തോടെ അഭിനയം വിട്ട ചാന്ദ്നി നൃത്തവിദ്യാലയം നടത്തുകയാണിപ്പോൾ. അടുത്തിടെയായി സിനിമയിൽ നിരവധി അവസരങ്ങളും നല്ല കഥാപാത്രങ്ങളും ഷാജുവിനെ തേടി വരുന്നുണ്ട്. ഇപ്പോഴിത മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമ സൗഹൃദങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചും ഒളിച്ചോട്ട വിവാഹത്തെ കുറിച്ചുമെല്ലാം നടൻ മനസ് തുറന്നു.
സിനിമ സെറ്റുപോലെയല്ല... മിമിക്രി കലാകാരന്മാർ ഒത്തുകൂടുമ്പോൾ. ഞാൻ ഏറ്റവും കൂടുതൽ ചിരിക്കുന്നത് മിമിക്രിക്കാരുടെ കൂട്ടായ്മയിൽ വരുമ്പോഴാണ്. അമ്മ സംഘടനയും മാ സംഘടനയും ഉണ്ട്. മാ സംഘടനയ്ക്കുള്ളിൽ സ്റ്റാർഡം എന്നൊരു സാധനമില്ല.

എത്ര സ്റ്റാറായിട്ട് തിരിച്ച് ചെന്നാലും നമ്മളെ മിമിക്രിക്കാരനായിട്ടേ സ്വീകരിക്കൂ. സിനിമയിൽ സ്റ്റാർഡത്തിന് അനുസരിച്ച് മാറ്റങ്ങൾ വരും. കഴിഞ്ഞ രണ്ട് പടം ഹിറ്റാണെങ്കിൽ നമുക്ക് കിട്ടുന്ന സ്വീകരണം കൂടും. അതേസമയം കഴിഞ്ഞ രണ്ട് വർഷമായി പടം ഇല്ലെങ്കിൽ ഷേക്ക് ഹാന്റ് മാറി വേറെ വഴിക്ക് പോകും. അതാണ് വ്യത്യാസം. മിമിക്രി കലാകാരന്മാർ എന്നും യാത്രയായിരിക്കും. അവർ ആ യാത്രയിൽ ഒരുപാട് ചിരിക്കും.
മോഹൻലാലിനെ അനുകരിച്ചുകൊണ്ടായിരുന്നു എന്റെ തുടക്കം. ഫിഗറിലും സാമ്യതയുള്ളതുകൊണ്ടാണത് ഷാജു പറഞ്ഞ് തുടങ്ങി. ഞാൻ സിനിമയിലേക്ക് കയറിയതിന്റെ പ്രധാന കാരണം മോഹൻലാലിന്റെ ശബ്ദവുമായുള്ള സാമ്യമാണ്. ഷാജു എന്ന് പറയുമ്പോൾ ഒരു സമയം വരെ മോഹൻലാൽ എന്ന പേര് കൂടി ആളുകൾ പറയുമായിരുന്നു. അന്ന് അദ്ദേഹം കത്തി നിൽക്കുന്ന സമയമായിരുന്നു.
അദ്ദേഹത്തിന്റെ ഡയലോഗ് പറഞ്ഞ് കഴിഞ്ഞ് ഞാൻ സ്റ്റേജിൽ നിന്നും തിരിയുമ്പോൾ കിട്ടുന്ന കൈയ്യടി അത്രത്തോളമായിരുന്നു. മോഹൻലാൽ അനുകരണം എന്ന ഒറ്റ ഐറ്റം മാത്രം മതിയായിരുന്നു അന്നൊക്കെ. എന്റെ ലൈഫിൽ അറിയാതെ തന്നെ ലാൽ സാർ വലിയൊരു സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്റിഗോ പെയിന്റെ പരസ്യത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ലാലേട്ടുമായാണ് കോമ്പിനേഷനെന്ന് മേക്കപ്പിന് ശേഷമാണ് അറിഞ്ഞത്.
ആ സമയത്ത് ചെറിയൊരു തലകറക്കമൊക്കെ വന്നിരുന്നു. മമ്മൂക്കയ്ക്കൊപ്പം കുറച്ച് പടങ്ങളെ ചെയ്തിട്ടുള്ളു. മമ്മൂക്കയെ കാണുമ്പോൾ ആരാധനയെക്കാൾ കൂടുതൽ ഭയമാണ്. ഭക്തിയും ബഹുമാനവും കൊണ്ട് കാണുമ്പോൾ ദൂരെ നിൽക്കും. അനിൽ നെടുമങ്ങാടുമായി ചേർന്ന് ഒരു സിനിമയെ ചെയ്തിട്ടുള്ളു. ആ ഒറ്റ സിനിമ കൊണ്ട് വലിയൊരു സൗഹൃദം ഞങ്ങൾക്ക് ഇടയിലുണ്ടായി.

മരിക്കുന്ന ദിവസം ഉച്ചയ്ക്ക് അദ്ദേഹം എനിക്ക് മെസേജ് അയച്ചിരുന്നു. പക്ഷെ ഞാൻ അത് വായിച്ചത് മരിച്ചശേഷമാണ്. അദ്ദേഹം മരിച്ചശേഷവും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ എന്നെ വിളിക്കുമായിരുന്നു. നിങ്ങളെ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമായിരുന്നുവെന്ന് പറയുമായിരുന്നു. നവാസും ഞങ്ങൾക്കുണ്ടായ വലിയൊരു നഷ്ടമാണ്. ഞങ്ങൾ ഒരുമിച്ചാണ് സിനിമയിൽ വന്നത്. മിമിക്രിയിലും സ്റ്റേജിലും ഞങ്ങൾ ഒരുമിച്ചായിരുന്നു.
അങ്ങനെയുള്ളൊരാളാകുമ്പോൾ ആ മരണം മനസിനെ വല്ലാതെ വേദനിപ്പിക്കുമല്ലോ. മിമിക്രിയിൽ നവാസ് എന്റെ സീനിയറായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഷോ ഒരുപാട് പിടിച്ച് ചെയ്തിട്ടുണ്ട് ഷാജു പറഞ്ഞു. ഞാനും ചാന്ദ്നിയും ഒളിച്ചോടിയാണ് കല്യാണം കഴിച്ചത്. അതുകൊണ്ടാണ് ചാന്ദ്നി ചുരിദാർ ധരിച്ച് നിൽക്കുന്നതായി വിവാഹ ഫോട്ടോയിൽ കാണുന്നത്. ഇട്ട ഡ്രസ്സിലാണ് അവൾ വീട്ടിൽ നിന്നും ഇറങ്ങി വന്നത്. ഞാൻ പക്ഷെ വിവാഹം സ്വപ്നം കണ്ടിരുന്നതുകൊണ്ട് വെള്ള ഷർട്ടാണ് ധരിച്ചിരുന്നത്.
വീട് എത്തും മുമ്പ് രജിസ്റ്റർ മാരേജ് ചെയ്തു. അടുത്തുള്ള അമ്പലത്തിൽ വെച്ച് താലികെട്ടും നടത്തി. ഒരു ദിവസം കൊണ്ട് എല്ലാ പ്രശ്നവും സോൾവായി. വീട്ടുകാർ നേരത്തെ സമ്മതിച്ചിരുന്നുവെങ്കിൽ ഒളിച്ചോടേണ്ടി വരില്ലായിരുന്നു. വീട്ടിൽ അവതരിപ്പിച്ചിട്ടും സമ്മതിച്ചില്ല. മകളുടെ വരൻ മിമിക്രിക്കാരനാണെന്നത് അവർക്ക് താൽപര്യമില്ലായിരുന്നു.
മുന്നൂറ് രൂപയും കൊണ്ടാണ് ഒളിച്ചോടിയത്. അവളുടെ കയ്യിലും ഒന്നുമില്ലായിരുന്നു. മക്കൾ നല്ല പെർഫോമേഴ്സാണെന്ന് അറിയിക്കാൻ വേണ്ടിയാണ് ഞാൻ റീലിടുന്നത്. ഇനി അവരുടെ കാലമല്ലേ. അവർ എന്ത് ചെയ്താലും പെർഫെക്ഷൻ നോക്കുന്നവരാണെന്നും ഷാജു പറയുന്നു.


Click it and Unblock the Notifications











