റെസ്റ്റ് എടുക്കാൻ പോലും സമയം കിട്ടാത്തത് ഓർത്ത് കരഞ്ഞിട്ടുണ്ട്, പ്രതിഫലം മുഴുവൻ കിട്ടിയിട്ടില്ല; ശങ്കർ
1980കളില്‍ മലയാള സിനിമയിൽ സൂപ്പര്‍ സ്റ്റാര്‍ പരിവേഷമുണ്ടായിരുന്ന നായക നടനാണ് ശങ്കര്‍. തുടരെ തുടരെ സിനിമകളായിരുന്നു. തിരക്കൊഴിഞ്ഞ് വിശ്രമിക്കാൻ പോലും സമയം കിട്ടാത്ത കാലമുണ്ടായിരുന്നു. ശങ്കർ-മേനക കോമ്പോയ്ക്കും അന്ന് ആരാധകർ ഏറെയായിരുന്നു. മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയിൽ ചുവടുറപ്പിച്ചശേഷമാണ് ശങ്കറിന്റെ പ്രഭ മങ്ങി തുടങ്ങിയത്. വിരളമായി മാത്രമാണ് ഇപ്പോൾ ശങ്കർ ഭാഗമാകുന്ന സിനിമകൾ റിലീസിന് എത്താറുള്ളത്. നായക വേഷങ്ങൾ ഒഴിവാക്കി എല്ലാത്തരം വേഷങ്ങളും ചെയ്യാൻ തയ്യാറായാൽ നടന് മലയാള സിനിമയിൽ തുടരാനാകുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഇപ്പോഴിതാ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ എഡിറ്റോറിയൽ ലൈവിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ശങ്കർ. സിനിമയെ ഒരു ബിസിനസായി കണ്ടിട്ടില്ലെന്നും നായകനായിരുന്ന സമയത്തെടുത്ത പല തീരുമാനങ്ങളും കരിയറിനെ ബാധിച്ചുവെന്നും നടൻ പറയുന്നു.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ഒരു തലൈ രാഗം സിനിമയ്ക്കൊന്നും ആദ്യ ദിവസങ്ങളിൽ ആരും തന്നെയുണ്ടായിരുന്നില്ല. പിന്നീടാണ് സിനിമ ക്ലിക്കായതും ആളുകൾ തിയേറ്ററിലേക്ക് എത്തിയതും. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ അന്ന് എൺപത് ദിവസത്തോളം തിയേറ്ററിൽ ഓടി. ഈ സിനിമയ്ക്ക് എല്ലാം മുമ്പ് ഞാൻ ജയന്റെ ശരപഞ്ജരം സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.
ചെറിയ ഡയലോഗും ഉണ്ടായിരുന്നു. അന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയായിരുന്നു. ശരപഞ്ജരത്തിന്റെ അണിയറയിൽ പ്രവർത്തിച്ച ചിലരെ പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് ആ സിനിമയിലേക്ക് എത്തുന്നത്. ഞാൻ പരീക്ഷണങ്ങൾക്ക് തയ്യാറാകാതെ പ്രണയ ചിത്രങ്ങൾ മാത്രം ചെയ്ത് നടന്നതല്ല. അത്തരം കഥാപാത്രങ്ങൾ മാത്രമെ എനിക്ക് വന്നിരുന്നുള്ളുവെന്നതാണ്.
സുഖമോ ദേവി കഴിഞ്ഞശേഷം വേണു നാഗവള്ളിയോട് വ്യത്യസ്തമായ കഥാപാത്രം തരണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ചെയ്ത സിനിമയാണ് കിഴക്കുണരും പക്ഷി. പക്ഷെ സിനിമ വലിയ വിജയം നേടിയില്ല. ലേഡീസായ എന്റെ ഫാൻസിന് ചിലപ്പോൾ എന്റെ വില്ലൻ വേഷം ഇഷ്ടപ്പെട്ട് കാണില്ല. പുരുഷന്മാർക്ക് ഇഷ്ടപ്പെട്ടിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്കുശേഷം സ്വന്തമായി ഡബ്ബ് ചെയ്യാതിരുന്നതും തെറ്റായിപ്പോയി.
അന്നത്തെ തിരക്ക് പിടിച്ച സാഹചര്യം കൊണ്ടാണ് അങ്ങനെ ചെയ്തത്. ചെന്നൈയിലായിരുന്നു മലയാള സിനിമയുടെ ഡബ്ബിങ് എല്ലാം. ശബ്ദം ഒരു നടന്റെ ഐഡന്റിറ്റിയാണെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. 1983 മുതലാണ് ഒരു വർഷം തന്നെ നിരവധി സിനിമകൾ ചെയ്ത് തുടങ്ങിയത്. അതിന് മുമ്പ് വരെ ഏഴോ, എട്ടോ സിനിമകൾ മാത്രമാണ് ചെയ്തത്.

പിന്നീട് ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് സിനിമകൾ ചെയ്യാൻ തുടങ്ങി. ഇടയ്ക്ക് തമിഴിലും സിനിമകൾ ചെയ്യുമായിരുന്നു. ഓടി നടന്ന് മടുത്തിട്ട് ഇരുന്ന് കരഞ്ഞിട്ടുണ്ട്. എനിക്ക് മാത്രമെ അന്ന് എസി റൂം അണിയറപ്രവർത്തകർ തന്നിരുന്നുള്ളു. സുഹൃത്തുക്കളെല്ലാം അവിടെയുണ്ടാകും. തിരുവനന്തപുരത്താണ് അന്ന് ഏറെയും ഷൂട്ട് നടന്നിരുന്നത്. നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവരെല്ലാം ഉണ്ടാകും. എനിക്ക് രാവിലെ ഷൂട്ടിന് പോകണം.
ഇവരെല്ലാം കിടന്നുറങ്ങുന്നുണ്ടാകും. ദൈവമേ എനിക്ക് റെസ്റ്റ് എടുക്കാൻ സമയം ഇല്ലല്ലോയെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ഒരു സിനിമ കഴിയാറാകുമ്പോൾ ഇനി കുറച്ചുനാൾ ബ്രേക്ക് എടുക്കാമെന്ന് പ്ലാൻ ചെയ്യും. പക്ഷെ അപ്പോഴേക്കും ആരെങ്കിലും ഒരു കഥയായിട്ട് വരും. സിനിമയെ ഞാൻ ബിസിനസായി കണ്ടിട്ടില്ല. പറഞ്ഞ പ്രതിഫലം മുഴുവനായും കിട്ടാറുമുണ്ടായിരുന്നില്ല.
പല നിർമാതാക്കളും എന്റെ സുഹൃത്തുക്കളുമായിരുന്നു. ആരെയും ദ്രോഹിക്കാനും പോകാറില്ലായിരുന്നുവെന്നും ശങ്കർ പറയുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാൽ വില്ലനായിരുന്നുവെങ്കിലും പുള്ളി പുള്ളിയുടേതായ ഒരു സ്റ്റൈൽ ക്രിയേറ്റ് ചെയ്തു. അത് പിൽക്കാലത്ത് അദ്ദേഹത്തിന് ഗുണം ചെയ്തുവെന്നും ശങ്കർ പറയുന്നു.


Click it and Unblock the Notifications











