'അമ്മയുടെ ഹിറ്റ് നായകനൊപ്പം കീർത്തി സുരേഷ്'; പുതിയ പ്രോജക്ടിന് വേണ്ടിയാണോ കൂടിക്കാഴ്ചയെന്ന് ആരാധകർ!
മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ജോഡികളാണ് മേനകയും ശങ്കറും. നീണ്ട ഇടവേളക്ക് ശേഷം ആ കൂട്ടുകെട്ട് ഭ്രമത്തിലൂടെ മലയാളികൾക്ക് വീണ്ടും കാണാൻ സാധിച്ചു. ശങ്കർ-മേനക കോമ്പിനേഷന് അന്നും ഇന്നും നിരവധി ആരാധകരുണ്ട്. പ്രേം നസീറും ഷീലയും ഒരു കാലത്ത് താരജോഡികളായി മലയാള സിനിമയിൽ ഹിറ്റുകൾ തീർത്തപോലെ തന്നെയായിരുന്നു ശങ്കർ-മേനക ജോഡികളും മലയാളത്തിന് ഹിറ്റുകൾ നൽകിയത്. ശങ്കറിന് ഏറ്റവും യോജ്യയായ നായിക മേനക ആണെന്നാണ് സിനിമാപ്രേമികൾ ഒന്നടങ്കം പറയുന്നത്. ശങ്കറിൻരെ പേരിനൊപ്പമാണ് എപ്പോഴും മേനകയുടെ പേര് പറയാറുള്ളതെങ്കിലും മമ്മൂട്ടിക്കൊപ്പമാണ് മേനക ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്.
കൂടാതെ മേനക രതീഷ്, മോഹൻലാൽ, ലാലു അലക്സ് എന്നിവരുടെ നായികയായും 80കളിൽ തിളങ്ങിയിട്ടുണ്ട്. മുന്നേറ്റം എന്ന ചിത്രത്തിലൂടെയാണ് മേനക മമ്മൂട്ടിയുടെ നായികയാകുന്നത്. ഒപ്പോൾ എന്ന ചിത്രമാണ് ആദ്യമായി മേനക മലയാളത്തിൽ അഭിനയിക്കുന്നത്. ഭാര്യ, മകൾ, കാമുകി, സഹോദരി, സഹപ്രവർത്തക, ഗസ്റ്റ് റോൾ ഉൾപ്പെടെ 25 ചിത്രങ്ങൾ മമ്മൂട്ടി മേനക ജോടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ചരിത്രം ഇങ്ങനെയാണെങ്കിലും മേനകയും ശങ്കറുമാണ് ആസ്വാദകന്റെ പ്രിയ ജോഡി. ഇരുവരും വിവാഹിതരാകണമേ എന്ന് അക്കാലത്ത് ആരാധകർ പ്രാർഥിച്ചിരുന്നു.

എൺപതുകളിൽ മലയാള സിനിമയുടെ മോസ്റ്റ് പ്രോമിനെന്റ് റൊമാന്റിക് ഹീറോ ആയിരുന്നു ശങ്കർ. ഗലാട്ട എന്ന മാഗസീനിന്റെ മലയാള സിനിമയുടെ ഏറ്റവും മികച്ച റൊമാന്റിക് ഹീറോ ആയി തെരഞ്ഞെടുക്കപെട്ടിട്ടുണ്ട്. തൃശ്ശൂരിൽ ജനിച്ച ശങ്കർ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. കുറെ അധികം കഥാപാത്രങ്ങൾ തമിഴിലും മലയാളത്തിലും ശങ്കർ അവതരിപ്പിച്ചിട്ടുണ്ട്. നടൻ എന്നതിലുപരിയായി സംവിധാനം, നിർമാണം എന്നിങ്ങനെ വിവിധ മേഖലകളിൽ ശങ്കർ സാന്നിധ്യം അറയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ സീരിയലുകളിലും ശങ്കർ അഭിനയിച്ചിട്ടുണ്ട്. ഭ്രമം ആണ് അദ്ദേഹം അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത മലയാള സിനിമ. മേനക തന്നെയായിരുന്നു ചിത്രത്തിൽ ശങ്കറിന്റെ നായിക.

ശങ്കർ ഭ്രമത്തിൽ അഭിനയിക്കണമെന്നത് നായകൻ പൃഥ്വിരാജ് അടക്കമുള്ള അണിയറപ്രവർത്തകരുടെ ആഗ്രഹമായിരുന്നു. അതിനായി ഏറെനാൾ കാത്തിരുന്ന് ആണ് വിദേശത്ത് താമസിക്കുന്ന ശങ്കറിനെ സിനിമക്കായി നാട്ടിലേക്ക് ക്ഷണിച്ച് വരുത്തിയത്. ശങ്കർ കൂടി അഭിനയിക്കുന്നുണ്ട് എന്നതിനാൽ തന്നെ ഭ്രമം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ ശങ്കറിനൊപ്പം നിൽക്കുന്ന മേനകയുടെ മകളും നടിയുമായ കീർത്തി സുരേഷിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ശങ്കറായിരുന്നു ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കീർത്തിയെ ചേർത്തുപിടിച്ചായിരുന്നു ശങ്കർ പോസ് ചെയ്തത്. സുരേഷ് കുമാറിനും മേനകയ്ക്കുമൊപ്പമായി ശങ്കറിന്റെ ഭാര്യയും മകനുമുള്ള ചിത്രങ്ങളുമുണ്ട്. പതിവ് പോലെ തന്നെ ചിരിച്ച മുഖത്തോടെയായാണ് കീർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

'ഭ്രമത്തിലൂടെ ഹിറ്റ് ജോഡികളെ വീണ്ടും കണ്ടതിൽ സന്തോഷം, നിങ്ങളുടെ ആരാധകർക്കൊക്കെ വയസായെങ്കിലും ഇന്നും യുവത്വം തുളമ്പുന്ന ലുക്കുണ്ട് നിങ്ങൾക്ക്, ജനങ്ങൾക്ക് ഇന്നും ഇഷ്ടമാണ് നിങ്ങളുടെ സിനിമകൾ, ഒരുകാലത്തെ മലയാള സിനിമയുടെ ഹിറ്റ് ജോഡികൾ. വീണ്ടും ഒന്നിച്ച് കണ്ടതിൽ സന്തോഷം' തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെയുള്ളത്. യഥാർത്ഥ ജീവിതത്തിൽ നിർമാതാവ് സുരേഷ് കുമാറിനെയാണ് മേനക വിവാഹം ചെയ്തതെങ്കിലും ശങ്കറാണ് മേനകയുടെ ഭർത്താവെന്ന് പലരും തെറ്റിദ്ധരിച്ചിരുന്ന കാലവുമുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറവും അടുത്ത സുഹൃത്തുക്കളാണ് മേനകയും ശങ്കറും. മേനകയുടേയും സുരേഷിന്റേയും മക്കളും സിനിമയിൽ സജീവമാണ്. കീർത്തി അഭിനയം തെരഞ്ഞെടുത്തപ്പോൾ മൂത്തമകൾ രേവതി സംവിധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നായികയാണ് ഇന്ന് കീർത്തി സുരേഷ്.


Click it and Unblock the Notifications