പ്രിയദർശനോട് പറഞ്ഞത് ഒറ്റ കണ്ടീഷൻ; ദുബായിൽ വെച്ച് മലയാളികൾ എന്നെ കണ്ടപ്പോൾ; ശരത് സക്സേന
വില്ലൻ വേഷങ്ങൾ പകരം വെക്കാനില്ലാത്ത നടനാണ് ശരത് സക്സേന. ഹിന്ദി, തമിഴ്, തെലുങ്ക്, സിനിമകളിൽ സജീവ സാന്നിധ്യമായിരുന്ന ശരത് സക്സേനയെ മലയാളികൾ ഓർക്കുന്നത് കിലുക്കം എന്ന പ്രിയദർശൻ ചിത്രത്തിലൂടെയാണ്. 1991 ൽ റിലീസ് ചെയ്ത കിലുക്കം ഇന്നും മലയാളി പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത സിനിമയാണ്. സിനിമയിൽ വില്ലൻ വേഷത്തിലാണ് ശരത് സക്സേന എത്തിയത്. സമർ ഖാൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ശരത് സക്സേന ഹിന്ദി സിനിമാ രംഗത്ത് നിരവധി സിനിമകളിൽ അഭിനയിച്ച ശേഷമാണ് തെന്നിന്ത്യയിലേക്ക് എത്തിയത്.
മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ മലയാള സിനിമകളിൽ അഭിനയിച്ചതിനെക്കുറിച്ച് ശരത് സക്സേന സംസാരിച്ചിട്ടുണ്ട്. നടന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ബോംബെയിൽ അവസരങ്ങൾ ലഭിക്കാഞ്ഞത് കൊണ്ടാണ് സൗത്ത് സിനിമകളിൽ അഭിനയിച്ചത്. ഹിന്ദിയിൽ എനിക്ക് ഫൈറ്റ് സീനുകൾ മാത്രമാണ് ലഭിച്ചിരുന്നത്. എനിക്ക് എന്റെ മുഖം വെറുപ്പായി. കാരണം സെറ്റിൽ പോകുന്നത് അടി വാങ്ങാനാണ്.

ഹീറോയുടെ ഇൻട്രൊഡക്ഷൻ സീനിൽ നായകൻ വന്ന് ഞങ്ങളെ തല്ലി ഹീറോയാണെന്ന് പ്രഖ്യാപിക്കും. 30 വർഷത്തോളം ഇതേ ജോലി ഞാൻ ചെയ്തു. ഒരു ദിവസം ഞാൻ ഭാര്യയോട് നമ്മുടെ കൈയിൽ പൈസ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്ന് അവൾ. എത്ര ദിവസം നീങ്ങുമെന്ന് ചോദിച്ചു. ഒരു വർഷമെന്ന് ഭാര്യ. ഹിന്ദി സിനിമകളിൽ അഭിനയിക്കുന്നത് അന്ന് നിർത്താൻ തീരുമാനിച്ചു.
ഈശ്വരന്റെ കൃപ കൊണ്ട് രണ്ട് മൂന്ന് ദിവസത്തിന് ശേഷം കമൽ ഹാസന്റെ ഓഫീസിൽ നിന്നും കോൾ വന്നു. ഗുണ എന്ന സിനിമയിൽ തനിക്ക് അവസരം ലഭിച്ചു. നല്ല പ്രതിഫലവും കഥാപാത്രവുമായിരുന്നെന്നും ശരത് സക്സേന ഓർത്തു. പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ തുടരെ അവസരം ലഭിച്ചെന്നും നടൻ ചൂണ്ടിക്കാട്ടി. അതേസമയം തുടർന്നും ഹിന്ദി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലേക്കുള്ള കടന്ന് വരവിനെക്കുറിച്ചും ശരത് സക്സേന സംസാരിച്ചു.

പ്രിയദർശൻ സാറിനൊപ്പം ആറോളം മലയാളം സിനിമകൾ ചെയ്തിട്ടുണ്ട്. കുറേ വർഷങ്ങൾക്ക് മുമ്പ് ചെന്നെെയിൽ വെച്ചാണ് പ്രിയദർശനെ കണ്ടത്. മോഹൻലാലിന്റെ ഒരു ഫൈറ്റ് സീനിൽ അഭിനയിക്കാനെത്തിയതായിരുന്നു ഞാൻ, ഒരു ദിവസം അദ്ദേഹം എന്റെ വീട്ടിൽ വന്ന് ആര്യൻ എന്ന സിനിമ ഓഫർ ചെയ്തു. വില്ലൻ വേഷമാണ് എനിക്ക് ലഭിച്ചത്. സിനിമ സൂപ്പർഹിറ്റായി. മൂന്ന് ഭാഷകളിൽ അതിന്റെ റീമേക്കിൽ ഞാൻ അഭിനയിച്ചു. ഒരു കോണ്ടസ കാർ എനിക്ക് വാങ്ങാനായി.
അഭിനയിക്കുമ്പോൾ മലയാളം സംസാരിക്കില്ല എന്ന കണ്ടീഷൻ എനിക്കുണ്ടായിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഡയലോഗ് പറയുക. കേരളത്തിൽ ക്ലാസിക് ആയി അറിയപ്പെടുന്ന കിലക്കും എന്ന പ്രിയദർശൻ ചിത്രത്തിലും പിന്നീട് തനിക്ക് അവസരം ലഭിച്ചെന്ന് ശരത് സക്സേന ചൂണ്ടിക്കാട്ടി. അഫ്ഗാനിയായ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. കേരളത്തിൽ പോയാൽ ആളുകൾ എന്നെ വളയും.
ആ സിനിമയിൽ എന്നെ ആളുകൾ ഇഷ്ടപ്പെട്ടു. ഒരിക്കൽ ദുബായിൽ പോയപ്പോൾ അവിടെയുള്ള മലയാളികളെല്ലാം വന്ന് എന്നെ സഹായിച്ചു. അവരുടെ വീട്ടിലേക്ക് വിളിച്ച് ഭക്ഷണം തരുകയും അവരുടെ ഷോപ്പുകളിലേക്ക് വിളിക്കുകയും ചെയ്തെന്നും ശരത് സക്സേന ഓർത്തു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഗോൾഡ് ആണ് ശരത് സക്സേന അഭിനയിച്ച ഒടുവിലത്തെ മലയാള സിനിമ.


Click it and Unblock the Notifications











