'വാപ്പിച്ചി എന്നാണ് വിളിച്ചിരുന്നത്, പെൺകുട്ടികൾ ഇല്ലാത്തതിനാൽ ഞാൻ ഗ്ലൂമിയായി സൈക്കോളജിസ്റ്റിനെ കണ്ടു'; ഷൈൻ!
സിനിമയാണ് ഷൈൻ ടോം ചാക്കോ എന്ന നടന്റെ എല്ലാം. പത്ത് വർഷത്തോളം മലയാള സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ശേഷമാണ് ഗദ്ദാമയിലൂടെ അഭിനയിക്കാൻ ഒരു അവസരം ഷൈനിന് ലഭിച്ചത്.
എന്നും അഭിനയിക്കണം എന്നത് മാത്രമായിരുന്നു ആഗ്രഹമെന്നും അതുകൊണ്ടാണ് എത്രനാൾ വൈകിയാലും കുഴപ്പമില്ലെന്ന തരത്തിൽ സിനിമയിൽ തന്നെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചതെന്നുമാണ് ഷൈൻ പറയാറുള്ളത്. സംവിധായകൻ കമലിന്റെ അസിസ്റ്റന്റായിരുന്നു ഷൈൻ. സിനിമ തലയ്ക്ക് പിടിച്ചപ്പോൾ ഷൈൻ ആദ്യം അവസരം ചോദിച്ച് ചെന്നതും കമലിന്റെ അടുത്തായിരുന്നു.
അടുത്ത കാലത്തായി ഏറ്റവും കൂടുതൽ വൈറൽ അഭിമുഖങ്ങൾ ഉള്ളത് ഷൈനിന്റെ പേരിലാണ്. അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോൾ ഹൈപ്പർ ആക്ടീവായി പെരുമാറുന്ന നടനാണ് ഷൈനെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. ചിലർ ഷൈനിന്റെ ഇത്തരം പ്രകടനങ്ങൾ തമാശയായി കണ്ട് ആസ്വദിക്കാറുണ്ടെങ്കിലും ഏറെയും പേർ താരത്തെ പരിഹസിക്കുകയാണ് ചെയ്യാറുള്ളത്.

ഏത് സാധനം അടിച്ചിട്ടാണ് അഭിമുഖത്തിന് വരുന്നതെന്ന ചോദ്യമില്ലാത്ത ഒരു വീഡിയോപോലും ഷൈനിന്റേതായി കാണാൻ സാധിക്കില്ല. കൊറോണയ്ക്ക് ശേഷം ഷൈൻ വല്ലാതെ മാറിയെന്നും കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള അഭിമുഖങ്ങളിൽ വളരെ ശാന്തനായിട്ടായിരുന്നു ഷൈൻ പെരുമാറിയിരുന്നതെന്നും ആളുകൾ വിലയിരുത്തി പറയാറുണ്ട്.
ഷൂട്ടിങില്ലാത്ത ഒരു ദിവസം പോലും ഷൈനിന് ഇല്ല. കഥാപാത്രത്തിന്റെ വലിപ്പം നോക്കിയോ സ്റ്റാർഡം നോക്കിയോ സിനിമ ചെയ്യുന്ന നടനുമല്ല ഷൈൻ. പതിവായി അഭിമുഖങ്ങളിൽ വരുന്ന ക്ലീഷെ ചോദ്യങ്ങളോട് പ്രതികരച്ച് മടുത്തുവെന്ന് പറയുകയാണ് ഷൈൻ ഇപ്പോൾ.
എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും വിദ്യാഭ്യാസ കാലത്തെ രസകരമായ സംഭവങ്ങളുമെല്ലാം ഷൈൻ പങ്കുവെച്ചു. തൃശൂരിലെ ബോയ്സ് സ്കൂളിൽ ചേർന്ന ശേഷം പെൺകുട്ടികൾ ഇല്ലാത്തതിനാൽ പഠിക്കാൻ പോകാൻ മടിയായിരുന്നുവെന്നും ഷൈൻ പറയുന്നു.
'ട്രാഫിക് സിനിമയിൽ അസിസ്റ്റന്റായി വർക്ക് ചെയ്യുന്ന സമയത്താണ് ഗദ്ദാമയിലേക്ക് വിളിവരുന്നത്. ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും ഇന്ററസ്റ്റിങ് സ്ക്രിപ്റ്റുള്ളത് ട്രാഫിക്കിനാണ്. ഗദ്ദാമയിലെ ആ റോൾ ചെയ്യേണ്ടിയിരുന്നത് മറ്റൊരാളായിരുന്നു. പക്ഷെ അയാൾ മുടി മുറിച്ചതുകൊണ്ടാണ് എന്നെ സെലക്ട് ചെയ്തത്.'

'അതുപോലെ തന്നെ എന്നെക്കാൾ ഇരട്ടി എനർജിയുള്ള സംവിധായകനാണ് വി.കെ പ്രകാശ് സർ. അതും ഒന്നും അടിക്കാതെ. അടുപ്പമുള്ള ആളുകൾക്കൊപ്പം വർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണെന്നും', ഷൈൻ പറയുന്നു. കമലിനൊപ്പം വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവവും ഷൈൻ പങ്കുവെച്ചു.
'സാറിന് മുമ്പിൽ അഭിനയിക്കുമ്പോൾ കുറച്ച് ടെൻഷനുണ്ട്. വർക്ക് ആകുന്നുണ്ടോ എന്നതാണ് സംശയം. കമൽ സാറിനെ ഞാൻ വാപ്പിച്ചി എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യയെ ഉമ്മിച്ചിയെന്നും. ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ മകൻ വിളിക്കുന്നത് കണ്ട് ശീലിച്ച് പോയതാണ്.'
'പിന്നെ ഞാൻ അത് മാറ്റി സാർ എന്ന് വിളിക്കാൻ തുടങ്ങിയെന്നും', ഷൈൻ പറയുന്നു. പല സ്കൂളുകളിൽ പഠിച്ചു എന്നത് ശരിയാണോയെന്ന് ചോദിച്ചപ്പോൾ സ്കൂൾ ജീവിതത്തെ കുറിച്ചും ഷൈൻ സംസാരിച്ചു. 'പൊന്നാനിയിൽ പഠിച്ചശേഷം ഞാൻ എട്ടിലേക്ക് എത്തിയപ്പോൾ തൃശൂരിലെ ബോയ്സ് സ്കൂളിൽ ചേർന്നു. പൊന്നാനിയിൽ എട്ട് വരെ മാത്രമെ ബോയ്സിന് പഠിക്കാൻ പറ്റൂ.'
'ആൺകുട്ടികളെ മേയ്ക്കാൻ പാടാണെന്ന് കരുതി സിസ്റ്റേഴ്സ് ഗേൾസ് ഓൺലിയാക്കി. യഥാർഥത്തിൽ പെൺകുട്ടികൾ ട്രിക്കിയാണ്. എനിക്ക് അറിയാം.... എനിക്ക് രണ്ട് പെങ്ങമ്മാരുണ്ട് പിന്നെ അമ്മയും. അമ്മക്ക് എന്റെ പെങ്ങമ്മാരോട് പൊരുതി നിൽക്കാൻ പറ്റില്ല.'
'ഞങ്ങൾ പക്ഷെ രണ്ട് ചീത്ത കേൾക്കുമ്പോൾ ഒതുങ്ങും. തൃശൂരിലെ ബോയ്സ് സ്കൂളിൽ ചേർന്നപ്പോൾ അവിടെ പെൺകുട്ടികളില്ല. ഇതോടെ ഞാൻ വളരെ ഗ്ലൂമിയായി. പെൺകുട്ടികൾ ഇല്ലാത്ത സ്ഥലത്ത് എങ്ങനെ രാവിലെ സ്കൂളിൽ പോകാൻ തോന്നും.'
'ഒന്നും വർക്ക് ചെയ്യാൻ പറ്റാതെയായി. എനർജിയുമില്ല. അങ്ങനെ എന്നെ സൈക്കോളജിസ്റ്റിനെ കാണിച്ചു. എന്നാൽ പയ്യന് ഒരു പ്രശ്നവുമില്ലെന്ന് അദ്ദേഹം എഴുതി തന്നു. സ്കൂളിൽ ചേർന്നതുകൊണ്ട് പെട്ടന്ന് ഇറങ്ങി വരാൻ പറ്റാത്ത സ്ഥിതിയായിയെന്നും', ഷൈൻ പറയുന്നു.


Click it and Unblock the Notifications