അന്ന് നാട്ടുകാരുടെ കളിയാക്കലുകള്‍ കേട്ട് നിരാശനായി,ഇന്ന് സ്വപ്‌നസാക്ഷാത്കാരം; അനുഭവങ്ങള്‍ പങ്കിട്ട് സിബി തോമസ്
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് സിബി തോമസ്. സ്ഥിരം പൊലീസ് വേഷങ്ങളില്‍നിന്നും വ്യത്യസ്തമായി റിയലിസ്റ്റിക്കായുള്ള അവതരണമാണ് നടന് കയ്യടി നേടിക്കൊടുത്തത്. യഥാര്‍ത്ഥ ജീവിതത്തിലും ഒരു പൊലീസ് ഉദ്യോഗസ്ഥനായ സിബി തോമസ് തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും ഉള്‍ച്ചേര്‍ത്ത് എഴുതിയ പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. രാജീവ് രവിയുടെ സംവിധാനത്തില്‍ ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്റര്‍ റിലീസായി പുറത്തിറങ്ങിയത്.
മികച്ച പ്രതികരണം സ്വന്തമാക്കി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ സിബി തോമസ്. മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ കുറിപ്പിലാണ് ചെറുപ്പം മുതലുള്ള തന്റെ സിനിമാമോഹത്തെക്കുറിച്ചും തിരക്കഥാരചനയെക്കുറിച്ചും മനസ്സുതുറക്കുന്നത്.
സിബി തോമസ് മലയാളം ഫിലിമിബീറ്റിന് നല്‍കിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം. സന്ദര്‍ശിക്കുക

'ജീവിതത്തിന്റെ യൗവനകാലത്ത് നാം പലതും സ്വപ്‌നം കാണും. ചിലത് നമുക്ക് എത്തിപ്പിടിയ്ക്കാവുന്നവയായിരിക്കും. എന്നാല്‍ മറ്റു ചിലത് എത്ര കഷ്ടപ്പെട്ടാലും നമുക്ക് പിടിതരാതെ ദൂരേയ്ക്ക് ദൂരേയ്ക്ക് മറയും. അത്തരത്തിലൊന്നായിരുന്നു കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിയായ എനിക്ക് സിനിമ എന്ന സ്വപ്നം. നാട്ടിലെ തീയറ്ററുകളില്‍ സിനിമ കാണുമ്പോള്‍ സ്വപ്‌നം, ഒരുനാള്‍ ആ വെള്ളിത്തിരയില്‍ സ്വന്തം പേര് തെളിഞ്ഞുവരുന്ന നാളെയെക്കുറിച്ചായിരുന്നു. ആ സ്വപ്‌നത്തിന്റെ ഭാരവും ചുമലിലേറ്റിയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓറിയന്റേഷന്‍ കോഴ്‌സില്‍ പങ്കെടുക്കാന്‍ വണ്ടി കയറിയത്.
സിനിമാക്കാരനാകാനുള്ള ആ യാത്ര മലയോരഗ്രാമവാസികള്‍ക്കിടയില്‍ ചര്‍ച്ചയാകാന്‍ അധികസമയം വേണ്ടിവന്നില്ല. പരീക്ഷ എഴുതുന്നതിനു മുമ്പേ നാട്ടുകാരുടെ മൗത്ത് പബ്ലിസിറ്റിയില്‍ ഞാനൊരു അഭിനവ സിനിമാക്കാരനായി. എന്നാല്‍, ഒട്ടേറെ മിടുക്കന്‍മാര്‍ അണിനിരന്ന ആ ഓറിയന്റേഷന്‍ കോഴ്‌സിലെ അവസാന കടമ്പയായ അഭിമുഖത്തില്‍ എനിക്ക് അടിപതറി. അന്ന് അവസാന റൗണ്ടില്‍ അഭിമുഖത്തിനെത്തിയവരില്‍ ഒരാളുടെ പേര് രാജീവ് രവി എന്നായിരുന്നു. അന്ന് ഞങ്ങള്‍ പരിചയപ്പെട്ടു. നാളെയുടെ മലയാള സിനിമയെ മുന്നോട്ടു നയിക്കാന്‍ പോകുന്ന ആ പ്രതിഭയ്‌ക്കൊപ്പം അഭിമുഖത്തിന് പങ്കെടുത്തെങ്കിലും പരാജയമായിരുന്നു എന്റെ വിധി.

വീണുടഞ്ഞ സിനിമാസ്വപ്‌നങ്ങളെ അവിടത്തന്നെ കുഴിച്ചുമൂടി ഞാന്‍ നാട്ടിലേക്കു വണ്ടി കയറി. കളിയാക്കലുകള്‍, ആശ്വസിപ്പിക്കലുകള്‍, ചുറ്റിലും കേട്ട വാക്കുകളെല്ലാം മനസ്സിലെ അവശേഷിപ്പിച്ച ജീവനും തകര്‍ത്തുകളയുന്നവയായിരുന്നു. എന്നാല്‍ എവിടെയും പരാജയപ്പെടില്ലെന്ന ഉറപ്പിലാണ് അന്നുതൊട്ട് ജീവിതത്തെ ജീവിതത്തെ കരുപ്പിടിപ്പിച്ച് തുടങ്ങിയത്. കെമിസ്റ്റ്( ട്രെയിനി), മെഡിക്കല്‍ റെപ്രസെന്റേറ്റീവ്...ജീവിക്കാനായി പുതുവേഷങ്ങള്‍, സര്‍ക്കാര്‍ ജോലി എന്ന ചിന്ത മനസ്സില്‍ കയറിയപ്പോഴാണ് എസ്.ഐ. സെലക്ഷന് അപേക്ഷിച്ചത്.
ആ അപേക്ഷ ജീവിതത്തില്‍ വഴിത്തിരിവായി. എന്റെ ജീവിതത്തിന് നട്ടെല്ല് നല്‍കിയത് കാക്കിയാണ്. പാലാരിവട്ടം, ചൊക്ലി, ആദൂര്‍ തുടങ്ങി വിവിധ സ്‌റ്റേഷനുകളില്‍ ത്രില്ലടിപ്പിക്കുന്ന വിവിധ കേസുകള്‍. ഓരോന്നിന്റെയും ചുരുളുകള്‍ അതീവശ്രദ്ധയോടെ നിവര്‍ത്തിയപ്പോള്‍ ഒരുപാടു പേര്‍ക്ക് അത് നീതിയുടെ വെളിച്ചമായി." സിബി തോമസ് പറയുന്നു.

"സി.ഐ. പദവിയിലിരിക്കുമ്പോഴാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. ഒരിക്കല്‍ കുഴിച്ചുമൂടിയ സ്വപ്‌നം കുഴിമാടത്തില്‍ നിന്ന് വീണ്ടും അവിടെ മുള പൊട്ടി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് രാജീവ് രവിയുമായി സൗഹൃദം പുതുക്കിയത്. അന്നുതന്നെ സംസാരത്തിനിടെ റിയലിസ്റ്റിക്കായ പൊലീസ് കഥകളോട് താത്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ താത്പര്യമാണ് കുറ്റവും ശിക്ഷയും എന്ന സിനിമയിലേക്ക് എത്തിച്ചത്.
എന്റെ ഔദ്യോഗിക ജീവിതത്തില്‍ സംഭവിച്ച ഒരു സംഭവമാണ് കഥയുടെ ആധാരം. 2016 ഒക്ടോബറില്‍ കാസര്‍കോട് ജില്ലയിടെ കിഴക്കന്‍ ഗ്രാമങ്ങളിലൊന്നിലാണ് ഈ സിനിമയ്ക്കാധാരമായ സംഭവം നടക്കുന്നത്. സുമംഗലി ജ്വല്ലേഴ്‌സ് എന്ന സ്ഥാപനത്തില്‍ വന്‍കവര്‍ച്ച നടക്കുന്നു. ആ മോഷണത്തിന്റെ അന്വേഷണച്ചുമതല എനിക്കാനായിരുന്നു.
തുടര്‍ന്ന് നടന്ന അത്യന്തം ത്രില്ലിങ്ങായ അന്വേഷണമാണ് കുറ്റവും ശിക്ഷയും എന്ന സിനിമയുടെ കാതല്‍. കാസര്‍കോട് നിന്ന് തുടങ്ങുന്ന അന്വേഷണം അവസാനം ചെന്നെത്തിയത് ഉത്തര്‍പ്രദേശിലെ ധന്‍പുര എന്ന ഗ്രാമത്തിലായിരുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാനില്‍ കൊണ്ടുനടന്ന് വില്‍പ്പന നടത്തുന്ന വസ്ത്രവ്യാപാരികള്‍ എന്ന വ്യാജേന കാസര്‍കോഡ് നഗരത്തിന്റെ പുറമ്പോക്കില്‍ താമസമാക്കിയ അന്യസംസ്ഥാനക്കാരായിരുന്നു ആ മോഷണത്തിന് പിന്നില്‍. മോഷ്ടാക്കളുടെ കേന്ദ്രമായ ആ ഗ്രാമത്തിലെത്തിയ പൊലീസിനു നേരിടേണ്ടി വന്നത് അത്യന്തം തീവ്രമായ പ്രതിസന്ധികളായിരുന്നു.

ഇതെല്ലാം വളരെ മനോഹരമായിത്തന്നെ രാജീവ് രവി ഈ സിനിമയില്‍ പകര്‍ത്തിവെച്ചിരിക്കുന്നു. തിരക്കഥാരചനയില്‍ ശ്രീജിത്ത് ദിവാകരനും പങ്കാളിയായി. വിശ്വകഥാകാരന്‍ ദസ്തയേവ്‌സ്‌കിയുടെ ചരിത്രപ്രസിദ്ധമായ നോവലിന്റെ പേര് കടമെടുത്തു എന്ന യാഥാര്‍ത്ഥ്യത്തെ സാധൂകരിക്കും വിധമാണ് സിനിമയുടെ ആവിഷ്‌കാരം. കഥാപാത്രങ്ങള്‍ ചരിക്കുന്ന പാതകളിലെ കല്ലുകളും മുള്ളുകളും പുല്‍ക്കൊടിത്തുമ്പുകളും അക്ഷരക്കൂട്ടുകളിലൂടെ അനുവാചകനു മുമ്പില്‍ വരച്ചുകാട്ടുന്ന വിശ്വസാഹിത്യകാരന്റെ പാത തന്നെയാണ് ഈ ചലച്ചിത്രത്തിന്റെ സംവിധായകനും അവലംബിക്കുന്നത്.
ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, അലന്‍സിയര്‍, സെന്തില്‍ കൃഷ്ണ, ശ്രിന്ദ, സിബി തോമസ് തുടങ്ങി ഹിന്ദി സിനിമയിലെ മറ്റ് അഭിനേതാക്കളുമുള്‍പ്പെടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന്റ ഭാഗമായുണ്ട്." സിബി തോമസ് കുറിയ്ക്കുന്നു.


Click it and Unblock the Notifications











