'ചിത്ത'യ്ക്ക് അസ്വസ്ഥത തോന്നുന്നവര്‍ക്ക് 'മിരുഗം' കാണുമ്പോള്‍ തോന്നില്ല; ആനിമലിനെതിരെ സിദ്ധാര്‍ത്ഥ്
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ വളരെ മനോഹരമായ ചിത്രമായിരുന്നു 'ചിത്ത'. നടന്‍ സിദ്ധാര്‍ത്ഥ് പ്രധാന വേഷത്തിലെത്തുകയും അദ്ദേഹം തന്നെ പ്രൊഡ്യൂസ് ചെയ്യുകയും ചെയ്ത ചിത്രമാണ് 'ചിത്ത'. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും ലൈംഗികമായി ചൂഷണം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്യുന്ന കഥയ്‌ക്കൊപ്പം പെണ്‍കുട്ടിയും ഇളയച്ഛനും തമ്മിലുള്ള ഊഷ്മളമായ ബന്ധം കൂടി പറയുന്ന ചിത്രമായിരുന്നു 'ചിത്ത'. എന്നാല്‍ കഴിഞ്ഞ വര്‍ഷം തന്നെയായിരുന്നു രണ്‍ബീര്‍ കപൂര്‍ നായകനായ ആനിമല്‍ എന്ന ചിത്രവും പുറത്തിറങ്ങിയത്.
ആനിമല്‍ എന്ന സിനിമ സാങ്കേതികമായി മികച്ചു നില്‍ക്കുമ്പോഴും കഥാപശ്ചാത്തലവും ഡയലോഗുകളുമുള്‍പ്പെടെ സ്ത്രവിരുദ്ധതയെ ഗ്ലോറിഫൈ ചെയ്യുന്നതാണെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സിദ്ധാര്‍ത്ഥ് ഒരു പരിപാടിയില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയാകുന്നത്.

ആനിമല്‍ എന്ന ചിത്രത്തിന്റെ പേര് പറയാതെ 'മിരുഗം' തമിഴ് പേരാണ് ഉപയോഗിച്ചിരിക്കുന്നത്. 'ചിത്ത' എന്ന സിനിമ ഇറങ്ങിയപ്പോള്‍ അസ്വസ്ഥമാക്കി എന്ന് പറയുന്ന ആളുകളെ ഉന്നം വെച്ചുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിമര്‍ശനം.
'ചിത്ത'യില്‍ സഹസ്രയുടെ അഭിനയത്തെ പോലെ മികച്ച അഭിനയം അടുത്ത കാലത്തൊന്നും ആരുടെയും താന്‍ കണ്ടിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. 'ചിത്ത'യെന്ന സിനിമ മുന്നോട്ട് വെക്കുന്നത് കുട്ടികളെ പല വിധേന ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള സന്ദേശമാണ്. ഒരു സ്ത്രീയും 'ചിത്ത' എന്ന സംവിധായകനെയോ തന്നെയോ ഈ ചിത്രം കണ്ടപ്പോള്‍ അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞ് സമീപിച്ചിട്ടില്ല.
എന്നാല്‍ പല പുരുഷന്മാരും ഈ സിനിമ അസ്വസ്ഥതയുണ്ടാക്കിയെന്നും ഇതുപോലെ ഒരു സിനിമ ഇനി കാണാന്‍ കഴിയില്ലെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവര്‍ക്കെല്ലാം 'മിരുഗം' എന്ന് പേരുള്ള സിനിമ കാണാന്‍ കുഴപ്പമുണ്ടായിരുന്നില്ല. പക്ഷെ 'ചിത്ത' കാണാന്‍ അവര്‍ക്കൊന്നും കഴിയുമായിരുന്നില്ല. കാരണം ഇത് അസ്വസ്ഥതയല്ല, നാണക്കേടും കുറ്റബോധവുമുള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
സാരമില്ലെന്നും അത്തരം ചിന്താഗതികള്‍ പെട്ടെന്ന് തന്നെ മാറിക്കോളുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ജെ.എഫ്.ഡബ്ല്യു അവാര്‍ഡ് വേദിയിലാണ് സിദ്ധാര്‍ത്ഥ് സിനിമയെക്കുറിച്ച് സംസാരിച്ചത്. നിമിഷ സജയന്‍, സിദ്ധാര്‍ത്ഥ്, ബേബി സഹസ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ കുമാര്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ചിത്ത'.
ചിത്രം തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കിലും തിയേറ്ററില്‍ വലിയ നേട്ടം കരസ്ഥമാക്കാതിരുന്ന ചിത്രം ഒടിടിയില്‍ റിലീസ് ആയതോടെയാണ് കൂടുതല്‍ ആളുകളിലേക്ക് എത്തിയത്. നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം കൂടിയായിരുന്നു ചിത്ത.

അതേസമയം കഴിഞ്ഞ വര്‍ഷം ഇറങ്ങിയതില്‍ വിമര്‍ശനങ്ങള്‍ നേരിച്ച ചിത്രമാണ് ആനിമല്‍. രശ്മിക മന്ദാന, രണ്‍ബീര്‍ കപൂര്‍, ബോബി ഡിയോള്‍ തൃപ്തി ദിമ്രി എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വംഗയാണ് ആനിമലിന്റെയും സംവിധാനം. അര്‍ജുന്‍ റെഡ്ഡി എന്ന തെലുഗു ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് കബീര്‍ സിംഗ്.
അര്‍ജുന്‍ റെഡ്ഡിയും കബീര്‍ സിംഗും അനിമലും സ്ത്രീവിരുദ്ധതയെ വെളുപ്പിക്കുന്നു എന്ന പേരില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. സംവിധായകന്‍ അനുരാഗ് കശ്യപ് അടക്കമുള്ള ആളുകള്‍ ഇദ്ദേഹത്തിന്റെ സിനിമകളിലെ ആണ്‍കോയ്മക്കെതിരെയും സ്ത്രീവിരുദ്ധതയ്‌ക്കെതിരെയും രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications