'മുറിവിൽ വീണ്ടും കുത്തി നോവിക്കുന്നത് പോലെ തോന്നി'; ദു:ഖിതനായി സിദ്ദിഖ്... ആശ്വസിപ്പിച്ച് താരങ്ങൾ!
രണ്ട് ദിവസം മുമ്പാണ് നടൻ സിദ്ദിഖിന് തന്റെ മൂത്ത മകൻ റാഷിനെ നഷ്ടപ്പെട്ടത്. മുപ്പത്തിയേഴുകാരനായ റാഷിൻ വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. സിദ്ദിഖിന്റെ മൂന്ന് മക്കളിൽ മൂത്തവനാണ് റാഷിൻ. ഭിന്നശേഷിക്കാരനായ മകനെ സാപ്പിയെന്നാണ് സിദ്ദിഖും കുടുംബവും ഓമനിച്ച് വിളിച്ചിരുന്നത്. മൂത്ത മകന്റെ വേർപാട് സിദ്ദിഖിനെയാകെ ഉലച്ചു. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് മകന്റെ മരണ വാർത്തയറിഞ്ഞ് സിദ്ദിഖ് ഓടി എത്തിയത്.
നടന്‍ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദിഖ് എന്നിവരാണ് സാപ്പിയുടെ സഹോദരങ്ങൾ. ഷഹീനും സാപ്പിയും സിദ്ദിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ്. ഭിന്നശേഷിക്കാരനാണെന്ന് കരുതി മകനെ എവിടെയും സിദ്ദിഖ് മാറ്റി നിർത്തിയിരുന്നില്ല. എന്ത് കാര്യത്തിലും അവനാണ് പ്രഥമ സ്ഥാനം സിദ്ദിഖ് നൽകിയിരുന്നത്.

മകന്റെ മരണ വാർത്തയറിഞ്ഞ് കരഞ്ഞ് തളർന്ന് വീട്ടിലേക്ക് കാണാൻ സുഹൃത്തുക്കൾക്കൊപ്പമെത്തുന്ന സിദ്ദിഖിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. മലയാള സിനിമ ലോകം മുഴുവൻ സാപ്പിയെ അവസാനമായി കാണാനും സിദ്ദിഖിനേയും കുടുംബത്തെയും ആശ്വസിപ്പിക്കാനുമായി എത്തിയിരുന്നു. കുറച്ച് നാൾ മുമ്പ് ഷഹീന്റെ വിവാഹം നടന്നപ്പോൾ ഏറ്റവും കൂടുതൽ തിളങ്ങിയതും സാപ്പിയായിരുന്നു.
ഷഹീന്റെ സോഷ്യൽമീഡിയ പേജിൽ ഏറ്റവും കൂടുതൽ നിറഞ്ഞ് നിൽക്കുന്നതും സാപ്പിയുടെ ചിത്രങ്ങളും കുസൃതി നിറഞ്ഞ വീഡിയോകളുമാണ്. ഇപ്പോഴിതാ മകന്റെ മരണശേഷം ആദ്യമായി മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സിദ്ദിഖ്. താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം.
സിദ്ദിഖിനെ കണ്ടതോടെ ആദ്യം ഓടിയെത്തിയത് നടിമാരായ ഭാമയും ശരണ്യയും മുക്തയുമാണ്. ഭാമ സിദ്ദിഖിനെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ചു. ശേഷം വിനീത് കുമാർ അടക്കമുള്ള നടന്മാരും സിദ്ദിഖിനോട് ആശ്വാസ വാക്ക് പറയാനും ആശ്വസിപ്പിക്കാനുമായി എത്തി. സഹപ്രവർത്തകരുടെ ആശ്വാസ വാക്കുകൾ കേട്ടതോടെ സിദ്ദിഖിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
വീഡിയോ വൈറലായതോടെ മുറിവിൽ വീണ്ടും കുത്തി നോവിക്കുന്നത് പോലെയാണ് തോന്നിയത് എന്നൊക്കെയാണ് കമന്റുകൾ വന്നത്. അതേസമയം അമ്മയുടെ പുതിയ ജനറൽ സെക്രട്ടറിയായി സിദ്ദിഖാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇടവേള ബാബുവിൻ്റെ പിൻഗാമിയായിട്ടാണ് താരം എത്തുന്നത്. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്.

ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു. നാല് തവണ എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു കുക്കു പരമേശ്വരൻ.
ഉണ്ണി ശിവപാൽ 2018-21 കാലത്ത് എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെയാളായ മഞ്ജു പിള്ള പരാജയപ്പെട്ടു. ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു നടൻ. സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേയ്ക്ക് എത്തുന്നത്.


Click it and Unblock the Notifications