അവൻ നോർമൽ കിഡ്ഡായിരുന്നുവെങ്കിൽ കുറേക്കൂടി നേരത്തെ പേരക്കുട്ടികളെ കിട്ടിയേനെ, അവളാണ് സന്തോഷം; സിദ്ദീഖ്
മൂന്ന് മക്കളിൽ സിദ്ദീഖിന് ഏറ്റവും പ്രിയം മൂത്ത മകൻ സാപ്പിയോടായിരുന്നു. നടന്റെ ആദ്യ വിവാഹത്തിലുള്ള മക്കളാണ് റാഷിനും ഷഹീനും. ഫർഹീൻ എന്നൊരു മകൾ കൂടി നടനുണ്ട്. സ്പെഷ്യൽ ചൈൽഡായ റാഷിനെന്ന സാപ്പിയുടെ വിശേഷങ്ങൾ സിദ്ദീഖും ഷഹീനും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു. ഓട്ടിസം ബാധിതനായിരുന്നുവെങ്കിലും കുടുംബം സാപ്പിയെ എവിടേയും മാറ്റി നിർത്തിയിരുന്നില്ല. ഷഹീന്റെയും ഭാര്യ അമൃതയുടേയും വിവാഹത്തിൽ ഏറ്റവും കൂടുതൽ തിളങ്ങിയതും സാപ്പിയായിരുന്നു.
പക്ഷെ സഹോദരന്റെ കുഞ്ഞിനെ കാണാനുള്ള ഭാഗ്യം മാത്രം സാപ്പിക്കുണ്ടായിരുന്നില്ല. ഏറ്റവും പ്രിയപ്പെട്ട സാപ്പിയുടെ മരണം സിദ്ദീഖിനേയും കുടുംബത്തേയും ഉലച്ചിരുന്നു. അതിൽ അൽപ്പം ആശ്വാസം പകർന്നത് ഷഹീന്റെ കുഞ്ഞിന്റെ ജനനമായിരുന്നു. ഇപ്പോഴിതാ മകന്റെ വേർപാടിനെ കുറിച്ചും പേരക്കുട്ടിയെ കുറിച്ചും സിദ്ദീഖ് ഒറിജിനൽസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

പേരക്കുട്ടിയാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് നടൻ പറയുന്നു. അപ്പൂപ്പനായശേഷം ഒരുപാട് സന്തോഷിക്കാൻ കഴിഞ്ഞു. യഥാർത്ഥ ജീവിതത്തിൽ അപ്പൂപ്പനാകുന്നത് വളരെ ഹാപ്പിയായിട്ടുള്ള കാര്യമാണ്. ദാസേട്ടൻ ഇതേ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. നമുക്ക് മക്കളുണ്ടാകുമ്പോൾ നമ്മൾ ഇത്രത്തോളം സന്തോഷിക്കില്ല. കാരണം നമ്മുടെ സ്ട്രഗിളിങ് പീരിയഡിലാണ് മക്കളുണ്ടാവുക.
ജോലിയിൽ അടക്കം പിടിച്ച് നിൽക്കാൻ നമ്മൾ സ്ട്രഗിൾ ചെയ്യുന്ന സമയമാണ്. അപ്പൂപ്പനാകുമ്പോഴേക്കും നമ്മുടെ സ്ട്രഗിളിങ് പീരിയഡൊക്കെ കഴിഞ്ഞിട്ടുണ്ടാകും. ഇനിയിപ്പോൾ ഇത്രയൊക്കെ തന്നെയെ ഉള്ളൂവെന്ന് നമുക്ക് അറിയാം. ആ സമയത്താണ് പേരക്കുട്ടികൾ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ അവരെ ഓമനിക്കാനും അവർക്കൊപ്പം ചിലഴവിക്കാനും സമയം കണ്ടെത്താൻ പറ്റും.
പേരക്കുട്ടിയെ കാണാൻ പറ്റാത്ത ദിവസങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്. വീഡിയോ കോൾ വിളിക്കാനും സൗകര്യമുണ്ടല്ലോ. ഇതിന് ഇടയിൽ എല്ലാം വിഷമമുണ്ടാക്കുന്ന ഒരു കാര്യമെന്താണെന്ന് ചോദിച്ചാൽ എന്റെ മരിച്ചുപോയ മകൻ സാപ്പിയാണ്. മുപ്പത്തിയേഴാമത്തെ വയസിലാണ് അവൻ മരിച്ചത്. അവൻ സ്പെഷ്യൽ കിഡ്ഡായിരുന്നു ഓട്ടിസ്റ്റിക്കായിരുന്നു.
അവൻ ഒരു നോർമൽ കിഡ്ഡായിരുന്നുവെങ്കിൽ കുറേക്കൂടി നേരത്തെ ഞാൻ ഒരു അപ്പൂപ്പനാകുമായിരുന്നു. അറുപത്തിയഞ്ച് വയസായപ്പോഴാണ് എനിക്ക് അപ്പൂപ്പനാകാനുള്ള യോഗം വന്നത്. ജൂൺ 27നാണ് മകൻ മരിച്ചത്. തൊട്ടടുത്ത് തന്നെ അതായത് ജൂലൈ പത്തിന് എനിക്ക് കൊച്ചുമകൾ ജനിച്ചു. മോന്റെ മരണം സമ്മാനിച്ച ദുഖം ഞാൻ മറക്കുന്നത് എന്റെ പേരക്കുട്ടിയെ കാണുമ്പോഴാണെന്നും സിദ്ദീഖ് പറയുന്നു.

പിന്നീട് അംബാസിഡർ കാറിനോടുള്ള ഇഷ്ടത്തെ കുറിച്ചും നടൻ മനസ് തുറന്നു. നാൽപ്പത് വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണെങ്കിലും ആഡംബര കാറുകൾ സിദ്ദീഖിനെ ഭ്രമിപ്പിച്ചിട്ടില്ല. അന്നും ഇന്നും കറുത്ത അംബാസിഡർ കാറാണ് നടന്റെ ശകടം അംബാസിഡർ മാറ്റി ലേറ്റസ്റ്റ് ലക്ഷ്വറി കാർ വാങ്ങണമെന്ന് നടൻ ഇതുവരേയും ആഗ്രഹിച്ചിട്ടില്ല.
അംബാസിഡർ കാറിനോട് ചെറുപ്പം മുതൽ ഒരു മോഹമുണ്ട്. പണ്ടൊക്കെ ഒരു അംബാസിഡർ കാറൊക്കെയെ നാട്ടിൽ ഉണ്ടാവൂ. അറുപത് കാലഘട്ടത്തെ കുറിച്ചാണ് പറയുന്നത്. അന്ന് കാറിൽ തൊട്ടാൽ പോലും ഡ്രൈവർ വഴക്ക് പറയുമായിരുന്നു. മകളും ഭാര്യയുമൊന്നും എന്റെ അംബാസിഡറിൽ കയറാറില്ല. മോളെ ഞാൻ ഈ കാറിലാണ് കോളേജിൽ കൊണ്ടുവിട്ടിരുന്നത്. അവൾ നാണക്കേടോടെയാണ് കാറിൽ ഇരിക്കാറുള്ളത്.
പക്ഷെ അവളെ കൊണ്ടുവിട്ട് തിരിച്ച് വരുമ്പോൾ മറ്റ് കുട്ടികൾ കാറിന് മുമ്പിൽ നിന്ന് ഫോട്ടോയെടുക്കുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുകയും ചെയ്യാറുണ്ട്. അവർക്കൊരു കൗതുകമാണ്. മോൾക്ക് ചമ്മലാണ്. എന്റെ ഭാര്യ ഇന്നേവരെ എന്റെ കാറിൽ കേറിയിട്ടില്ലെന്നും സിദ്ദീഖ് പറയുന്നു.


Click it and Unblock the Notifications











