30 വര്‍ഷത്തിന് ശേഷമാണ് പ്രിയദര്‍ശന്‍ വേഷം തന്നത്; പരിചയപ്പെട്ടപ്പോള്‍ മൈന്‍ഡ് പോലും ചെയ്തില്ലെന്ന് സിദ്ദിഖ്
മലയാള സിനിമയ്ക്ക് ഏറ്റവും മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. അദ്ദേഹത്തിന്റെ സിനിമയില്‍ നല്ലൊരു വേഷം ചെയ്യണമെന്ന് ആഗ്രഹിക്കാത്ത താരങ്ങളുണ്ടാവില്ല. ബോൡവുഡിലടക്കം ഹിറ്റ് സിനിമകളൊരുക്കിയ പ്രിയദര്‍ശന്റെ കൂടെ സിനിമകള്‍ ചെയ്യാന്‍ കാത്തിരുന്നത് ഒന്നും രണ്ടുമല്ല, മുപ്പത് വര്‍ഷമാണെന്ന് പറയുകയാണ് നടന്‍ സിദ്ദിഖ്.
മുപ്പത് വര്‍ഷം മുന്‍പ് ഒരു സിനിമയുടെ ഡബ്ബിങ്ങിനിടെ പ്രിയദര്‍ശനെ കാണുകയും പരിചയപ്പെടുകയും ചെയ്‌തെങ്കിലും അദ്ദേഹം മൈന്‍ഡ് ആക്കാതെ പോയി. പിന്നീടാണ് തനിക്ക് അവസരം തരുന്നതും പിന്നെ വിടാതെ ചേര്‍ത്ത് പിടിച്ചെന്നും സിദ്ദിഖ് പറയുന്നു. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പ്രിയദര്‍ശനൊപ്പം സംസാരിക്കുമ്പോഴാണ് സിദ്ദിഖ് മനസ് തുറന്നത്.

പ്രിയദര്‍ശന്റെ പുറകേ മുപ്പത് കൊല്ലം നടന്നതിന് ശേഷമാണ് തനിക്കൊരു റോള്‍ തരുന്നതെന്നാണ് സിദ്ദിഖ് പറയുന്നത്. ജന്മാന്തരം എന്ന സിനിമ ഡബ്ബ് ചെയ്യുമ്പോഴാണ് പ്രിയദര്‍ശനെ ഞാന്‍ പരിചയപ്പെടുന്നത്. ഞാന്‍ ഡബ്ബ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം സ്റ്റുഡിയോയിലേക്ക് കയറി വന്നു. ബോയിങ് ബോയിങ് ഒക്കെ കണ്ടിട്ട് അദ്ദേഹത്തിന്റെ സിനിമയിലൊരു വേഷം നമ്മള്‍ സ്വപ്‌നം കണ്ടിരിക്കുകയാണ്.
തമ്പി കണ്ണന്താനത്തോട് എന്നെയൊന്ന് പ്രിയദര്‍ശനുമായി പരിചയപ്പെടുത്തി തരാമോന്ന് ചോദിച്ചു. അതിനെന്താണെന്ന് ചോദിച്ച് അദ്ദേഹം എന്നെ പരിചയപ്പെടുത്തി കൊടുത്തു. 'പ്രിയന്‍, ഇത് നമ്മുടെ പടത്തില്‍ അഭിനയിക്കുന്ന പുതിയ പയ്യനാണ്. നിനക്കൊക്കെ പറ്റും. നീ ഇവനെ ഒക്കെ ഉപയോഗിക്കണമെന്നും', തമ്പി പറഞ്ഞു. എന്നാല്‍ പ്രിയദര്‍ശന്‍ എന്റെ മുഖത്ത് പോലും നോക്കാതെ ഹാ എന്ന് പറഞ്ഞ് പോയി.
പിന്നീട് ഒരുപാട് തവണ ഞങ്ങള്‍ തമ്മില്‍ കണ്ടു. പിന്നീട് മോഹന്‍ലാല്‍ സിനിമയിലെത്തിയതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന സമയത്ത് കണ്ടപ്പോഴാണ് സംസാരിച്ചത്. നീ മാത്രമാണ് ഒരു വേഷം തന്നില്ലല്ലോ എന്ന് പറഞ്ഞ് എന്റെ അടുത്ത് പരാതിയുമായി വരാത്തതെന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. മാത്രമല്ല ഞാന്‍ വിൡക്കുകയാണെങ്കില്‍ നല്ല റോളിന് വേണ്ടിയേ വിളിക്കുകയുള്ളു എന്നാണ് അന്നദ്ദേഹം പറഞ്ഞത്.

വിളിച്ചാല്‍ നമ്മള്‍ ഓടി ചെല്ലും. പക്ഷേ ആ തരുന്നത് നല്ലൊരു കഥാപാത്രമായിരിക്കണം. അത് കഴിഞ്ഞ് എത്രയോ വര്‍ഷം കാത്തിരുന്നതിന് ശേഷമാണ് ഗീതാഞ്ജലി എന്ന സിനിമയിലേക്ക് ഒരു വേഷം ചെയ്യാനുണ്ടെന്ന് പറഞ്ഞ് വിളിക്കുന്നത്. പിന്നെ ഒരു സന്തോഷമുള്ള കാര്യം ഗീതാഞ്ജലിയില്‍ തുടങ്ങിയതിന് ശേഷം നമ്മളെ വിട്ടിട്ടില്ലെന്നുള്ളതാണ്. പിന്നെ നല്ല സിനിമകള്‍ തന്ന് കൂടെ കൊണ്ട് നടന്നു.
ആമയും മുയലും എന്ന സിനിമയിലേക്ക് വിളിച്ചിട്ട് പോകാന്‍ പറ്റിയില്ലെന്നുള്ള വിഷമം മാത്രമേ എനിക്കുണ്ടായിട്ടുള്ളു. എന്നിട്ടും അദ്ദേഹം വിടാതെ ചേര്‍ത്ത് പിടിച്ചു. അതൊരു സന്തോഷമുള്ള കാര്യമാണ്. നല്ല വേഷങ്ങള്‍ കിട്ടുക എന്നേ തനിക്കുള്ളു എന്നും സിദ്ദിഖ് പറയുന്നു.
അതേ സമയം സിനിമയെ ഭയത്തോടെയാണ് കാണുന്നതെന്ന് പ്രിയദര്‍ശന്‍ പറയുന്നു. 'ഇപ്പോഴും ഓരോ സിനിമ ചെയ്യുമ്പോഴും അതിനെ ഭയത്തോടെയാണ് ഞാന്‍ നോക്കി കാണുന്നത്. തിയേറ്ററില്‍ വന്ന് ആളുകള്‍ ആ സിനിമ സ്വീകരിച്ചോ എന്നേ അറിയാന്‍ ശ്രമിക്കാറുള്ളു. ചിത്രം പോലൊരു സിനിമ ഓടിയെന്ന് അറിഞ്ഞു. പിന്നെ അത് നൂറ് ദിവസമായി. അടുത്ത ടെന്‍ഷന്‍ ഇനിയെത്ര ദിവസം ഓടുമെന്നതിനെ പറ്റിയാണ്.
നൂറ്റിയിരുപത്തിയഞ്ച് ആയപ്പോള്‍ ഇരുന്നൂറ് തികയുമോ എന്ന ടെന്‍ഷനായി. ഇരുന്നൂറും കഴിഞ്ഞപ്പോള്‍ അത്യാഗ്രഹമായി. ഇരുന്നൂറ്റിയമ്പത് ആവുമോന്ന് ചിന്തിച്ചു. ഈ സിനിമയുടെ വിജയം ഒരു കാലത്തും ആസ്വദിക്കുന്നില്ല. അതിങ്ങനെ ടെന്‍ഷനടിപ്പിച്ച് പോവുകയാണെന്ന് പ്രിയദര്‍ശന്‍ പറയുന്നു.


Click it and Unblock the Notifications











