സന്ദേശത്തിലെ അഭിനയം കണ്ട് തിലകന്‍ പറഞ്ഞത്, എനിക്ക് ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്!
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സിദ്ദീഖ്. ഒരേപോലുള്ള കഥാപാത്രങ്ങളില്‍ തങ്ങിനില്‍ക്കാതെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ള നടന്‍ കൂടിയാണ് സിദ്ദീഖ്. കാരക്ടര്‍ റോളുകളും വില്ലന്‍ കഥാപാത്രങ്ങളും കോമഡി വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് ഇദ്ദേഹം. ഗോഡ്ഫാദറിലെയും സന്ദേശത്തിലെയും ഇന്‍ ഹരിഹര്‍ നഗറിലെയുമൊക്കെ സിദ്ദീഖിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
ഇപ്പോഴിതാ തനിക്ക് ഒരു അവസരം കൂടി ലഭിച്ചിരുന്നെങ്കില്‍ സന്ദേശത്തിലെ ഉദയഭാനു എന്ന കൃഷി ഓഫീസറുടെ കഥാപാത്രത്തെ കുറച്ചുകൂടി നന്നാക്കി ചെയ്യുമായിരുന്നു എന്ന് പറയുകയാണ് സിദ്ദീഖ്. സന്ദേശത്തിലെ വീഴുന്ന സീനിനെക്കുറിച്ചും തന്റെ അഭിനയം കണ്ട് നടന്‍ തിലകന്‍ സംസാരിച്ചതിനെക്കുറിച്ചുമെല്ലാം സിദ്ദീഖ് പങ്കുവെക്കുന്നുണ്ട്. ഓണ്‍ലുക്കേഴ്‌സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'സന്ദേശത്തിലെ കഥാപാത്രം ഇനിയും നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അതില്‍ അമ്മയുടെ കാര്യം പറയുന്നതൊക്കെ കുറേകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിരുന്നു. ഒരു പരിധിയില്‍ കവിഞ്ഞ് കഥാപാത്രത്തെ മനസിലാക്കി എടുക്കാനുള്ള പക്വത അന്ന് വന്നിട്ടില്ല. കുറേ സിനിമകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന് ചെയ്യുന്ന സമയമാണ്. അന്ന് ഈ സിനിമ ഷൂട്ട് ചെയ്യുന്ന അതേസമയത്ത് രണ്ട് ഗോഡ്ഫാദറിന്റെ ഷൂട്ടും നടക്കുന്നുണ്ട്,' സിദ്ദീഖ് പറഞ്ഞു.
താനും തിലകനും കൂടെ രാവിലെ സന്ദേശത്തിന്റെ സെറ്റില്‍ വരും. ഒരു പത്ത് മണി ഒക്കെ ആവുമ്പോഴേക്കും സത്യന്‍ അന്തിക്കാട് ഷൂട്ട് തീര്‍ത്ത് വിടും. ഗോഡ് ഫാദറിന്റെ ക്ലൈമാക്‌സ് ഷൂട്ട് നടക്കുന്ന സമയമാണ്. അപ്പോള്‍ അങ്ങോട്ട് പോകും. അതിന്റെ ടെന്‍ഷനും അത്തരം കാര്യങ്ങളുമൊക്കെയാണ് അന്ന് മനസില്‍. അല്ലാതെ ഈ കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെന്ന് ചെയ്യലൊന്നുമില്ലെന്ന് സിദ്ദീഖ് പറയുന്നു.
കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കണമെന്ന് അന്ന് തന്നോട് തിലകന്‍ പറഞ്ഞു. 'നിങ്ങള്‍ക്ക് അത് പറ്റും. അതുകൊണ്ടാണ് ആ ഡയലോഗ് പറഞ്ഞപ്പോള്‍ നിങ്ങളുടെ കണ്ണില്‍ നിന്ന് അറിയാതെ വെള്ളം വന്നത്. അത് നിങ്ങളുടെ മനസിലേക്ക് കയറുന്നതുകൊണ്ടാണ് എന്ന്' തിലകന്‍ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. പക്ഷെ, അതൊക്കെ തിലകന്‍ ചേട്ടന്‍ ചെയ്താല്‍ മതി, എനിക്ക് അങ്ങനെ ഒന്നും പറ്റില്ലെന്നാണ് അന്ന് താന്‍ അദ്ദേഹത്തോട് മറുപടി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രൊഫഷന്‍ എന്ന നിലയിലോ, ആക്ടര്‍ എന്ന നിലയിലോ എന്ന രീതിയില്‍ ഇനിയും ചെയ്യാന്‍ ഉണ്ട് എന്നൊന്നും അന്ന് തോന്നിയിട്ടില്ല. ഇന്ന് ഇപ്പോള്‍ അതല്ല. സന്ദേശം കാണുമ്പോള്‍ തോന്നാറുണ്ട്. ഇത്ര സ്പീഡില്‍ ഡയലോഗ് പറയേണ്ടായിരുന്നു, കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നൊക്കെ. ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന കഥാപാത്രം തീര്‍ച്ചയായും സന്ദേശത്തിലെ ഉദയഭാനുവാണെന്ന് സീദ്ദീഖ് പറയുന്നു.

വീഴുന്ന സീനുകള്‍ നാച്ചുറലായി ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ്. കൗതുക വാര്‍ത്തകളിലെ സീനിലും അങ്ങനെ വീണിട്ടുണ്ട്. ന്യൂഡല്‍ഹി സിനിമയില്‍ ഒരു സീനില്‍ ചാടി പുല്ലില്‍ മറിഞ്ഞു വെള്ളത്തിലേക്ക് തെറിച്ചു വീഴുന്ന സീനുണ്ട്. അത് ഞാന്‍ തന്നെ എന്റെ കാലില്‍ തട്ടി വീഴുന്നതാണ്. അത് കണ്ട് ജോഷി സര്‍ ഒക്കെ പറയുമായിരുന്നു ശ്രദ്ധിക്കണേ എന്ന്.
ഹരിഹര്‍ നഗറില്‍ വീഴേണ്ടാത്ത സ്ഥലത്ത് പോലും വീണിട്ടുണ്ട്. മതില്‍ ചാടീട്ട് പൊത്തോ എന്ന് വീണിട്ടുണ്ട്. സന്ദേശത്തില്‍ അറിയാതെ വീണതാണെന്ന് കരുതി സത്യേട്ടന്‍ ആദ്യം കട്ട് പറഞ്ഞിട്ടുണ്ട്. എന്നിട്ട് അതുപോലെ റീട്ടേക്ക് എടുത്തതാണെന്നും സിദ്ദീഖ് പറയുന്നു.


Click it and Unblock the Notifications