'മെഹറിന് കൂട്ടായി അനിയത്തി എത്തി...'; വീണ്ടും ഒരു മകൾ പിറന്ന സന്തോഷം പങ്കിട്ട് നടൻ സിജു വിത്സണും ഭാര്യയും!
ചുരുക്കം സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് സിജു വിത്സണ്‍. ഇപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് സിജു കടന്നുപോകുന്നത്. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് സിജു വെള്ളിത്തിരയിലെത്തിയത്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി സിജു വിത്സൺ. 13 വർഷം പിന്നിടുന്ന മലയാള സിനിമാ ജീവിതത്തിലൂടെ ഒരു പിടി നല്ല ചിത്രങ്ങളുടെ ടൈറ്റിൽ കാർഡിൽ ഇടം പിടിക്കാൻ സിജുവിന് കഴിഞ്ഞു.
നടൻ എന്നതിലുപരിയായി നിർമാതാവ് എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു. നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ചവെച്ചത്.

വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയിലെ ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന കഥാപാത്രവും സിജുവിന് വലിയ ജനശ്രദ്ധ നേടി കൊടുത്തിരുന്നു. മികച്ച ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ച വാസന്തിയുടെ നിർമ്മാതാവും സിജു വിത്സണായിരുന്നു. ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയും സിജു അവതരിപ്പിച്ചിരുന്നു. കുടുംബസമേതം മുംബൈയിൽ സെറ്റിൽഡാണ് സിജു.
സിനിമയുമായും ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് സിജു കേരളത്തിലെത്താറുള്ളത്. അതുകൊണ്ട് തന്നെ സിജുവിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് സോഷ്യൽമീഡിയ വഴിയാണ്. അത്തരത്തിൽ സിജു പങ്കിട്ട ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. വീണ്ടും ഒരു മകൾ കൂടി പിറന്ന സന്തോഷമാണ് പുത്തൻ പോസ്റ്റിലൂടെ സിജു പങ്കിട്ടിരിക്കുന്നത്.
ഭാര്യയ്ക്കും മൂത്തമകൾ മെഹറിനും രണ്ടാമത്തെ പെൺകുഞ്ഞിനും ഒപ്പമുള്ള ആശുപത്രിയിലെ ചിത്രം പങ്കിട്ടാണ് വീണ്ടും മകൾ പിറന്ന സന്തോഷം സിജു ആരാധകരുമായി പങ്കുവെച്ചത്. സെലിബ്രിറ്റികൾ അടക്കം നിരവധി പേർ സിജുവിനും ഭാര്യ ശ്രുതിയ്ക്കും ആശംസകളുമായി എത്തി. 2021 മെയ് 17 ആണ് ആദ്യത്തെ മകൾ മെഹർ സിജുവിനും ശ്രുതിക്കും ജനിച്ചത്. അടുത്തിടെ മകളുടെ മൂന്നാം പിറന്നാൾ ഇരുവരും ഗംഭീരമായി ആഘോഷിച്ചിരുന്നു.
വര്‍ഷങ്ങളായുള്ള പ്രണയത്തിനൊടുവിലായാണ് സിജു വിത്സണും ശ്രുതിയും വിവാഹിതരായത്. 2017 മെയ് 28നായിരുന്നു ഇവരുടെ വിവാഹം. ഹിന്ദു-ക്രിസ്ത്യന്‍ രീതികളിലായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു വിവാഹം. തികച്ചും വ്യത്യസ്തമായിരുന്നു വിവാഹ ചടങ്ങുകള്‍.

രാവിലെ ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകളും വൈകിട്ട് ക്രിസ്ത്യന്‍ ശൈലിയിലുമായാണ് വിവാഹം നടത്തിയത്. സിനിമാലോകത്തും നിന്നും നിരവധി പേരായിരുന്നു സിജുവിനേയും ശ്രുതിയേയും ആശീര്‍വദിക്കാനായി എത്തിയത്. അല്‍ഫോണ്‍സ് പുത്രന്‍, നിവിന്‍ പോളി, ശബരീഷ് വര്‍മ്മ, ഷറഫുദ്ദീന്‍, ഒമര്‍ ലുലു, ശേഖര്‍ മേനോന്‍, അല്‍ത്താഫ് തുടങ്ങി നിരവധി പേരായിരുന്നു ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തത്.
നേരത്തില്‍ അഭിനയിച്ചതോടെയായിരുന്നു സിജുവിന്റെ കരിയര്‍ മാറിമറിഞ്ഞത്. പഞ്ചവത്സര പദ്ധതിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സിജുവിന്റെ സിനിമ.


Click it and Unblock the Notifications











