നടൻ ശ്രീനിവാസൻ ഗുരുതരാവസ്ഥയിലോ? പ്രചരിക്കുന്ന വാർത്തകളിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തി പ്രിയപ്പെട്ടവർ!
മലയാള സിനിമയിലെ സകലകല വല്ലഭനെന്ന വിശേഷണം നന്നായി ഇണങ്ങുന്ന പ്രതിഭയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ ശ്രീനിവാസൻ. കഥ, തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങി ഒട്ടേറെ മേഖലയിൽ അഗ്രഗണ്യനാണ് അദ്ദേഹമെന്ന് പലകുറി തെളിഞ്ഞ് കഴിഞ്ഞതാണ്. എന്തിനേറെ പറയുന്നു മലയാളികൾ അന്നും ഇന്നും നെഞ്ചേറ്റുന്ന ഒരുപാട് സിനിമകൾ സമ്മാനിച്ചവരിൽ ഒരാൾ കൂടിയാണ് ശ്രീനിവാസൻ. സന്ദേശം, ചിന്താവിഷ്ടയായ ശ്യാമളയുമെല്ലാം അതിൽ ചിലത് മാത്രം.
ശ്രീനിവാസൻ സിനിമകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ എല്ലാം കാലത്തിന് മുമ്പെ സഞ്ചരിച്ചവയാണ് എന്നതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ നിറയുന്ന വാർത്ത അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ളതാണ്. അദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് എന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. അതേസമയം പുറത്തുവരുന്ന വാർത്തകളിൽ എത്രത്തോളം സത്യമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ശ്രീനിവസന്റെ പ്രിയപ്പെട്ടവർ. ബൈപാസ് സർജറി കഴിഞ്ഞ് വിശ്രമത്തിലാണ് എന്നല്ലാതെ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് നടനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

ശ്രീനി ഫാംസ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്. 'ബൈപാസ് സർജറി കഴിഞ്ഞ് ശ്രീനി ചേട്ടൻ ഗുരുതരാവസ്ഥയിലാണ് എന്ന വാർത്ത കണ്ട് പലരും വിളിച്ചിരുന്നു. ഒരാഴ്ച മുമ്പ് ബൈപാസ് കഴിഞ്ഞ് വിശ്രമത്തിലാണ് എന്നല്ലാതെ യാതൊരു ആശങ്കയും ഇല്ല. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ കുടുംബത്തോടും സുഹൃത്തുക്കളോടും പറഞ്ഞതാണിത്. കുറച്ചുനാളത്തെ വിശ്രമം കഴിഞ്ഞ് അദ്ദേഹം നമുക്കിടയിൽ ഒരു നിറചിരിയോടെ സജീവമായി ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്' സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ പറയുന്നു.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 30ന് ആണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാമിൽ ധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നായിരുന്നു ബൈപാസ് സർജറിക്ക് വിധേയനാക്കിയത്. താരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയതായും നടനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. നാളുകളായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട് ശ്രീനിവാസൻ. വിമാനത്താവളത്തിൽ വെച്ചും സ്റ്റുഡിയോയിൽ വെച്ചുമൊക്കെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഐസിയുവിൽ കിടക്കുമ്പോഴും അച്ഛന്റെ മനസിൽ സിനിമയായിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞത് വൈറലായിരുന്നു. ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകൾ വന്നതോടെ സിനിമാ സ്നേഹികളെല്ലാം പ്രാർഥനയിലാണ്. കഴിഞ്ഞ ദിവസമായിരുന്നു ശ്രീനിവാസന്റെ അറുപത്തിയാറാം പിറന്നാൾ ആഘോഷിച്ചത്. മലയാള സിനിമയിൽ നിലനിന്നിരുന്ന നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ നായക നടനാണ് ശ്രീനിവാസൻ. എണ്ണിയാൽ ഒടുങ്ങാത്ത കഥാപാത്രങ്ങളെ സ്വാഭാവിക അഭിനയ തികവുകൊണ്ട് ശ്രീനിവാസൻ മനോഹരമാക്കി. 1976ൽ മണിമുഴക്കമെന്ന ചിത്രത്തിലൂടെ അഭിനയത്തിന് ശ്രീനിവാസൻ തുടക്കം കുറിച്ചു.

ശ്രീനിവാസൻ മലയാള സിനിമയിൽ നാലര പതിറ്റാണ്ട് പിന്നിടുമ്പോൾ അഭിനയിച്ച് തീർത്ത കഥാപാത്രങ്ങളോളം ഉയർന്ന് നിൽക്കുന്നുണ്ട് ശ്രീനിവാസന്റെ എഴുത്തിൽ ജനിച്ച സിനിമകൾ. തളത്തിൽ ദിനേശനും, വിജയൻമാരും, ചിന്താവിഷ്ടയായ ശ്യാമളമാരുമൊക്കെ സമൂഹത്തിൽ തന്നെയുള്ളവരാണെന്ന് ശ്രീനിവാസൻ കാട്ടിക്കൊടുത്തു. മനുഷ്യന്റെ പലവിധ ചിന്തകളെ നർമത്തിന്റെ മേൻപൊടി വിതറിയാണ് ശ്രീനിവാസൻ വെള്ളിത്തിരയിൽ എത്തിച്ചത്. മോഹൻകുമാർ ഫാൻസ് എന്ന കുഞ്ചാക്കോ ബോബൻ സിനിമയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ശ്രീനിവാസൻ സിനിമ. രജിഷ വിജയൻ നായികയാകുന്ന കീടം അടക്കമുള്ള സിനിമകൾ ഇനി ശ്രീനിവാസന്റേതായി റിലീസിന് എത്താനുണ്ട്.
Recommended Video

ഖോ ഖോ എന്ന ചിത്രത്തിനുശേഷം രാഹുൽ റിജി നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് കീടം. രജിഷയുടെ കഥാപാത്രമായ രാധിക സ്വന്തം സ്റ്റാർട്ടപ്പ് സംരംഭത്തിൽ സൈബർ സെക്യൂരിറ്റി പ്രൊഫഷണലായി സിനിമയിൽ വരുന്നു. ശ്രീനിവാസൻ അച്ഛനായ ബാലൻ എന്ന കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. ശ്രീനിവാസൻ വളരെക്കാലത്തിന് ശേഷം ഒരു മുഴുനീള വേഷത്തിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും കീടത്തിനുണ്ട്.


Click it and Unblock the Notifications