ചിലപ്പോള്‍ അങ്ങനെ ഒരു സിനിമ കൂടി സംഭവിച്ചേക്കും; ധ്യാനും വിനീതും ഞാന്‍ പറഞ്ഞത് പോലെ ചെയ്തു: ശ്രീനിവാസന്‍
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസന്‍. ശാരീരിക അവശതകളാല്‍ സിനിമയില്‍ നിന്നടക്കം വിട്ടു നില്‍ക്കുന്ന നടന്‍ കഴിഞ്ഞ ദിവസം
മക്കളുടെ സിനിമ കാണാന്‍ തീയേറ്ററിലെത്തി. ഭാര്യ വിമലയ്‌ക്കൊപ്പമാണ് ശ്രീനിവാസന്‍ തീയേറ്ററിലെത്തിയത്. സിനിമയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ശ്രീനവാസന്‍ ധ്യാന്‍ താന്‍ പറഞ്ഞുകൊടുത്തതു പോലെ ചെയ്തുവെന്ന് പറഞ്ഞു. നിവിന്‍ പോളി നന്നായി ചെയ്തുവെന്നും ശ്രീനിവാസന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
താന്‍ പറഞ്ഞു കൊടുത്തത് പോലെതന്നെ ധ്യാനും വിനീതും ചെയ്തു എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.ധ്യാന്‍ പൊളിച്ചോ എന്ന ചോദ്യത്തിനോടായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. എന്നാല്‍ ഒന്നും പറഞ്ഞു കൊടുത്തിട്ടില്ലെന്ന് ഭാര്യ വിമല അടുത്ത് നിന്ന് പറഞ്ഞു. ഒന്നും തെറ്റാതെ അവര്‍ ചെയ്തു എന്നുള്ളത് എനിക്ക് തന്നെ അത്ഭുതമായി. താന്‍ പറഞ്ഞു കൊടുത്തത് ഒന്നും തിരുത്തിയിട്ടില്ല എന്നും തമാശ രൂപേണ ശ്രീനിവാസന്‍ പറഞ്ഞു.

ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത് തെറ്റാതെ ചെയ്യുന്നവരെ കാണാന്‍ വളരെ പ്രയാസമാണെന്നും ശ്രീനിവാസന്‍ പറയുന്നു. അച്ഛനെന്ന രീതിയില്‍ അഭിമാനം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാം താന്‍ പറഞ്ഞു കൊടുത്തതായിരുന്നു. അതിനാല്‍ പുതുതായി ഒന്നും തോന്നിയില്ല എന്നും ശ്രീനിവാസന്‍ പറയുന്നു.
നല്ല ഒരു വിദ്യാര്‍ത്ഥിയാണെന്നും ശ്രീനിവാസന്‍ പറയുന്നു. സിനിമ കണ്ടപ്പോള്‍ തനിക്കും പഴയ കാലത്തെ നൊസ്റ്റാള്‍ജിയ കിട്ടി. അന്ന് വഴക്ക് പറഞ്ഞതുകൊണ്ടായിരിക്കും ഇപ്പോള്‍ നന്നായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിവിന്‍ പോളി നന്നായിട്ടുണ്ട്. ഗംഭീരമായിരുന്നു എന്നും ശ്രീനിവാസന്‍ പറഞ്ഞു.
നിവിന്റെ എല്ലാ ഡയലോഗുകളും നല്ലതായിരുന്നുവെന്ന് വിമലയും പറഞ്ഞു. ധ്യാന്‍ ചെയ്ത ഭാഗത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് ചോദിച്ചപ്പോള്‍ ഒന്നുകൂടി കണ്ടിട്ട് പറയാമെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ധ്യാനിനെയും പ്രണവിനെയും പഴയ ദാസനെയും വിജയനെയും ഓര്‍മിപ്പിച്ചുവെന്നും അത് എങ്ങനെ ഉണ്ടായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അവര്‍ മിമിക്രി കാണിച്ചില്ലെന്നും അവരുടേതായ രീതിയില്‍ നന്നായി ചെയ്തുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.
ഇനി ശ്രീനിവാസന്റെ സ്‌ക്രിപ്റ്റ് വിനീതിനെ ഏല്‍പ്പിക്കാനായോ എന്ന ചോദ്യത്തിന് എന്റെ സ്‌ക്രിപ്റ്റ് ഒക്കെ അവന്‍ എടുക്കുമോ എന്നാണ് ശ്രീനിവാസന്‍ ചോദിച്ചത്. അവര്‍ പറഞ്ഞിട്ടുണ്ടാകാമെങ്കിലും തന്റെ അടുത്ത് ഇതുവരെ ചോദിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. ചോദിച്ചാല്‍ കൊടുക്കുമോ എന്ന ചോദ്യത്തിന് വേണ്ടി വന്നാല്‍ കൊടുക്കുമെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.
അസുഖം മാറികഴിഞ്ഞാല്‍ പണ്ട് കണ്ടിരുന്ന പോലെ മോഹന്‍ ലാലും ശ്രീനിവാസനും ഒരുമിക്കുന്ന ഒരു സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതിന് സാധ്യതയുണ്ടെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. അങ്ങനെ ഒരു ഡിസ്‌കഷന്‍ നടന്നിട്ടുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. ആരോഗ്യപരമായി ശരിയല്ലാത്തതാണ് ഇത് നടക്കാത്തതിന് ഒരു കാര്യം. ചില കാര്യങ്ങള്‍ ഒക്കെ നടക്കുമെന്ന് വിചാരിക്കുന്നു.

ധ്യാന്‍ ഇത്ര ഒക്കെ അഭിനയിക്കാനായോ എന്ന് താന്‍ പറയില്ല കാരണം അങ്ങനെ പറഞ്ഞാല്‍ അവന്‍ എന്നെ ചീത്ത പറയുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. സ്വാമീസ് ലോഡ്ജില്‍ വെച്ചാണ് മോഹന്‍ലാലിനെ ആദ്യമായി കാണുന്നത്. സുരേഷ് കുമാറിന്റെ കൂടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കഴിഞ്ഞ സമയത്ത് ഈ ലോഡ്ജില്‍ നില്‍ക്കുന്ന സമയത്താണ് ആദ്യമായി കണ്ടത്.
ഞാന്‍ അവിടെ സ്ഥിരമായി താമസിക്കാറില്ല. ഇടക്ക് പോയപ്പോഴാണ് മോഹന്‍ ലാലിനെ കാണുന്നത്. അന്ന് അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും സംസാരിക്കാറുണ്ടായിരുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.


Click it and Unblock the Notifications