'മോഹൻലാലിന് യാതൊരു അഹങ്കാരവുമില്ല വിനയമുള്ളവനാണ്, അന്ന് അത് പറഞ്ഞതിന് ഭാര്യ എന്നെ ഭയങ്കരമായി വഴക്ക് പറഞ്ഞു'
അസുഖം മൂലമുണ്ടായ അവശതകളും ചികിത്സയുമെല്ലാമായി നടനും തിരക്കഥാകൃത്തുമെല്ലാമായ ശ്രീനിവാസൻ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. പക്ഷെ മക്കളുടെ സിനിമകളുടെ റിലീസും മറ്റും ഉണ്ടാകുമ്പോഴും സിനിമാക്കാരുടെ ഫങ്ഷനുകളിലും വല്ലപ്പോഴും ശ്രീനിവാസൻ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും അടുത്ത കാലത്തായി അഭിമുഖങ്ങളിലൂടെ എന്നും ചർച്ചയാകുന്ന പേരാണ് ശ്രീനിവാസൻ.
അവശതയിലായ ശേഷം ഒരിക്കൽ മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ മാസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. മഴവിൽ മനോരമ അവാർഡ് ഫങ്ഷനിൽ വെച്ച് മോഹൻലാൽ തനിക്ക് ഉമ്മ തന്നതുപോലും അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടറായതുകൊണ്ടാണെന്നാണ് ശ്രീനിവാസൻ പറഞ്ഞത്. അന്ന് അത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ശ്രീനിവാസനെ സിനിമാപ്രേമികളും മോഹൻലാൽ ആരാധകരും വിമർശിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം സിനിമാ ദി ക്യു എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിന്റെ വിനയത്തെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. യാതൊരു വിധ അഹങ്കാരവുമില്ലാത്ത വിനയമുള്ള നടനാണ് മോഹൻലാൽ എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. 'മോഹൻലാലിന് യാതൊരു വിധ അഹങ്കാരവുമില്ല.'
അഭിനയിക്കുന്നവരോടും മറ്റെല്ലാവരോടും വിനയത്തോട് കൂടി സമീപിക്കാനുള്ള മനസ്ഥിതി പുള്ളിക്കുണ്ട്. പുള്ളി കൂടി ചെയ്ത് ശരിയാകേണ്ട വിഷയമാണെന്ന ബോധ്യമുണ്ട്. പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ പുള്ളി ഒരിക്കലും അത് വൈരാഗ്യമായി എടുത്ത് ആരെങ്കിലും ചോദിക്കുമ്പോൾ പുച്ഛമായി പറയാറില്ല. ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുമ്പോൾ ഇക്വേഷൻ കുറവോ അത്തരം പ്രശ്നങ്ങളോ ഉണ്ടാകാറില്ല.'
'ഞങ്ങൾ തമ്മിൽ എന്ത് വിഷയമുണ്ടെങ്കിലും അഭിനയിക്കുമ്പോൾ അതൊന്നും വരാറില്ല... ഉണ്ടാകാറില്ല. ഞാൻ വലിയ നടനാണെന്ന ഭാവം മോഹൻലാലിന് അശേഷമില്ല. ആരോടും ഇല്ല. അടുത്ത സുഹൃത്തുക്കളാണ് ഇപ്പോഴും വിളിക്കാറുണ്ട്. അഭിമുഖത്തിൽ ഞാൻ അതെല്ലാം പറഞ്ഞതിന്റെ പേരിൽ പുള്ളിക്ക് പിണക്കിമില്ല. അതേ കുറിച്ച് എന്നോട് ചോദിച്ചിട്ടുമില്ല. അടുത്തിടെ മഴവിൽ മനോരമ അവാർഡ് ഫങ്ഷനിൽ വെച്ച് മോഹൻലാൽ എനിക്ക് ഉമ്മ തന്നിരുന്നു.'
'അതേ കുറിച്ച് ഒരു അഭിമുഖത്തിൽ ചോദ്യം വന്നപ്പോൾ എനിക്ക് ഉമ്മ തന്നതുപോലും അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടറായതുകൊണ്ടാണെന്ന് ഞാൻ പറഞ്ഞിരുന്നു. അത് കേട്ട് എന്റെ ഭാര്യ എന്നെ ഭയങ്കരമായി വഴക്ക് പറഞ്ഞു', എന്നാണ് ശ്രീനിവാസൻ ചിരിച്ചുകൊണ്ട് പറഞ്ഞത്. മോഹൻലാലിന്റെ വിനയത്തെ കുറിച്ച് സിനിമാക്കാരെല്ലാം എപ്പോഴും വാചാലരാകാറുള്ളതാണ്.

ശ്രീനിവാസന്റെ അഭിമുഖം വൈറലായതോടെ നിരവധി മോഹൻലാൽ ആരാധകരാണ് കമന്റുമായി എത്തിയത്. വിനയം എന്നാൽ മോഹൻലാലാണ്. എത്ര അപകീർത്തികരമായ പ്രസ്താവനകൾ അദ്ദേഹത്തിനെ കുറിച്ച് പലരും പറഞ്ഞിട്ടും എപ്പോഴെങ്കിലും അദ്ദേഹം പ്രതികരിച്ചിട്ടുണ്ടോ..? എന്നാണ് ഒരു ആരാധകൻ കുറിച്ചത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു.
കഥപറയുമ്പോൾ എന്ന സിനിമ ചെയ്യുന്ന സമയത്ത് മമ്മൂട്ടിയുമായി വഴക്ക് ഉണ്ടായെന്നും ആദ്യം സിനിമ ചെയ്യാമെന്ന് പറഞ്ഞെന്നും പിന്നീട് സിനിമ ചെയ്യാൻ ദിവസം ഇല്ലെന്നുമാണ് മമ്മൂട്ടി പറഞ്ഞതെന്നാണ് ശ്രീനിവാസൻ പറഞ്ഞത്. മമ്മൂട്ടിയുമായി പലപ്പോഴും ഏറ്റുമുട്ടുമെന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്. 2022ലാണ് ഹൃദയാഘാതത്തെ തുടർന്ന് ശ്രീനിവാസൻ ആശുപത്രിയിലായത്.
മരണം എനിക്കിപ്പോള്‍ ഒരു വിഷയം അല്ല. കാരണം ഞാന്‍ അഞ്ചാറ് പ്രാവശ്യം മരിച്ചു. ശ്വാസം മുട്ടല്‍ വന്ന് ബോധം പോയപ്പോള്‍ അതൊക്കെ മരണമായിരുന്നു. വേദന കൊണ്ട് ഞാന്‍ പുളഞ്ഞിട്ടുണ്ട്. ഹോസ്പിറ്റല്‍ വരെ എത്തില്ലെന്ന് ഞാന്‍ പേടിച്ചിട്ടുണ്ട്. വേദന സഹിക്കാന്‍ പറ്റില്ല. അതിനേക്കാള്‍ നല്ലത് മരണമാണെന്ന് തോന്നും. ബോധം പോയി ആദ്യം എത്തുന്നത് എറണാകുളം മെഡിക്കല്‍ സെന്ററിലാണ്. 24 മണിക്കൂര്‍ കഴിഞ്ഞാണ് ബോധം വരുന്നതെന്നും രോഗകാലം ഓർത്തെടുത്ത് ശ്രീനിവാസൻ പറഞ്ഞു.


Click it and Unblock the Notifications