'എന്റെ ലോകം പ്രകാശപൂരിതമാക്കുന്നവൾ, നിന്നോടൊപ്പമായിരിക്കുന്നതിൽ സന്തോഷിക്കുന്നു'; പേളിയെ കുറിച്ച് ശ്രീനിഷ്!
വളരെ വർഷങ്ങളായി മലയാളിക്ക് സുപരിചിതമായ മുഖമാണ് പേളി മാണിയുടേത്. ടേസ്റ്റ് ഓഫ് കേരള, ഡി ഫോർ ഡാൻസ്, നായിക നായകൻ എന്നീ ഷോകളിലൂടെയാണ് പേളി മാണിയെ പ്രേക്ഷകർ അടുത്തറിഞ്ഞ് തുടങ്ങിയത്. പേളി മാണിയുടെ കഴിവ് തിരിച്ചറിയപ്പെടുന്നത് ഡി ഫോർ ഡാൻസ് ആങ്കറായി വന്ന ശേഷമാണ്. പിന്നീട് ബിഗ് ബോസ് മലയാളത്തിന്റെ സീസൺ ഒന്നിൽ മത്സരാർഥിയായി പേളിയെ കണ്ടപ്പോഴും പ്രേക്ഷകർ അതിശയിച്ചു.
എപ്പോഴും തുള്ളിച്ചാടി ഷോയും ചെയ്ത് ആക്ടീവായി നടക്കുന്ന പേളി എങ്ങനെ നൂറ് ദിവസം ആ ഹൗസിനുള്ളിൽ അടച്ച് പൂട്ടി കഴിയുമെന്നാണ് എല്ലാവരും ചിന്തിച്ചിരുന്നത്. മാത്രമല്ല പേളിക്ക് ഹൗസിൽ വെച്ചൊരു പ്രണയമുണ്ടാകുമെന്ന് പ്രേക്ഷകർ ചിന്തിച്ചിരുന്നില്ല.
നൂറ് ദിവസം ബിഗ് ബോസിനുള്ളിൽ നിന്ന പേളി രണ്ടാം സ്ഥാനം നേടിയാണ് പുറത്തേക്ക് വന്നത്. ഒപ്പം ജീവിതകാലം മുഴുവൻ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും പങ്കിടാനും സ്നേഹിക്കാനുമായി ഒരാളേയും പേളി ഹൗസിൽ വെച്ച് കണ്ടത്തി.

പേളി-ശ്രീനിഷ് പ്രണയം നൂറ് ദിവസം കഴിയുമ്പോൾ ഇല്ലാതാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. പക്ഷെ ഇരുവരുടേയും പ്രണയം കൂടുതൽ ശക്തമാകുകയും അധികം വൈകാതെ വിവാഹിതരാവുകയും ചെയ്തു. ഇപ്പോൾ ഇരുവരുടേയും മകൾ നിലയും ഒരു കുട്ടി താരമായി വളർന്നുകൊണ്ടിരിക്കുകയാണ്. മുപ്പത്തിനാലാം പിറന്നാൾ ആഘോഷിക്കുന്ന പേളിക്ക് ആശംസകൾ നേർന്ന് ശ്രീനിഷ് പങ്കുവെച്ച സ്പെഷ്യൽ വീഡിയോയും കുറിപ്പുമാണ് ഇപ്പോൾ വൈറലാകുന്നത്.
തന്റെ ലോകത്ത് പ്രകാശം നിറയ്ക്കുന്നൊരാൾ പേളിയാണെന്നാണ് ശ്രീനിഷ് കുറിച്ചിരിക്കുന്നത്. 'ഓരോ നിമിഷത്തിലും സന്തോഷവും സ്നേഹവും നൽകുന്ന എന്റെ സുന്ദരിയായ ഭാര്യക്ക്... അവളുടെ പുഞ്ചിരി എന്റെ ലോകത്തെ പ്രകാശിപ്പിക്കുകയും എന്റെ ഹൃദയത്തിൽ അനന്തമായ സന്തോഷം നിറയ്ക്കുകയും ചെയ്യുന്നു.'

'സാഹസീകതയുടേയും ചിരിയുടേയും പ്രണയത്തിന്റേയും ഒരുമിച്ചുള്ള മറ്റൊരു വർഷത്തിന് ആശംസകൾ. എന്നും നിന്നോടൊപ്പമായിരിക്കുന്നതിൽ സന്തോഷിക്കുകയും നന്ദിയുള്ളവനുമാണ് ഞാൻ...', എന്നാണ് ശ്രീനിഷ് കുറിച്ചത്. പേളിയുമായി പ്രണയത്തിലായപ്പോൾ മുതൽ പകർത്തിയ കൊച്ചു കൊച്ചു വീഡിയോകൾ കൂട്ടിച്ചേർത്താണ് ഭാര്യയ്ക്കായി പിറന്നാൾ സ്പെഷ്യൽ വീഡിയോ ശ്രീനിഷ് ഒരുക്കിയിരിക്കുന്നത്.
ശ്രീനിഷിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് പേളിക്ക് ആശംസകൾ നേർന്ന് എത്തുന്നത്. ഇരുവരും വിവാഹിതരായിട്ട് നാല് വർഷം കഴിഞ്ഞു. പേളിക്കും ശ്രീനിഷും ശേഷം ഒരു ആത്മാർഥ പ്രണയം ബിഗ് ബോസിൽ കാണാൻ സാധിച്ചിട്ടില്ല.
പലരും ഹൗസിൽ നൂറ് ദിവസം പിടിച്ച് നിൽക്കാൻ വേണ്ടി പ്രണയ സ്ട്രാറ്റജി ഇറക്കാറുണ്ടെങ്കിലും ഒന്നും വിജയിക്കാറില്ല. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച വ്യക്തി എന്നാണ് ശ്രീനിഷിനെ കുറിച്ച് പേളി പറയാറുള്ളത്. പേളി തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ സ്വന്തം യുട്യൂബ് ചാനൽ വഴിയാണ് പ്രേക്ഷകരെ അറിയിക്കാറുള്ളത്. ഇപ്പോൾ പേളിയും ശ്രീനിഷും പൂർണമായി ശ്രദ്ധ കൊടുത്തിരിക്കുന്നതും ഈ യുട്യൂബ് ചാനലിനാണ്.
സീരിയലുകളിൽ സജീവമായിരുന്ന ശ്രീനിഷ് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. പേളി വളരെ വിരളമായി മാത്രമാണ് ഇപ്പോൾ ഷോകൾ ചെയ്യുന്നതും ടെക്കും ഇന്റർവ്യൂസും എല്ലാമായി പൂർണമായി യുട്യൂബിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. 2019 മേയ് മാസത്തിലായിരുന്നു ഇരുവരുടേയും വിവാഹം.
മേയ് 5ന് ക്രിസ്റ്റ്യൻ ആചാരപ്രകാരവും മേയ് 8ന് ഹിന്ദു ആചാരപ്രകാരവും ഇരുവരും വിവാഹിതരായി. 2021 മാർച്ചിലാണ് പേളിയ്ക്കും ശ്രീനിഷിനും മകൾ നില ജനിച്ചത്. ഹൗസിൽ വെച്ച് തന്നെ മകൾക്കായി നിലയെന്ന പേര് ഇരുവരും ചേർന്ന് കണ്ടുപിടിച്ചിരുന്നു. പേളിയുടെ ഡെലിവറി വീഡിയോയും അക്കാലത്ത് വൈറലായിരുന്നു.


Click it and Unblock the Notifications