'പുതിയ അസുഖമോ വൈറസോ ആണോയെന്ന് സംശയം'; വിമാനത്തിലുണ്ടായ അനുഭവം പറഞ്ഞ് സുദേവ് നായർ!
ചുരുക്കം ചില സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും എണ്ണം പറഞ്ഞ കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധേയനാണ് നടൻ സുദേവ് നായർ. മികച്ച നടനുള്ള സംസ്ഥാന പുരസ്‍കാരവും സുദേവ് നായർക്ക് ലഭിച്ചിട്ടുണ്ട്. ഹിന്ദിയടക്കമുള്ള ഭാഷകളിലും സുദേവ് നായർ അഭിനയിച്ചിട്ടുണ്ട്. സുദേവ് ആധ്യമായി അഭിനയിച്ച മലയാള സിനിമയായ മൈ ലൈഫ് പാട്ട്നറിലെ സുദേവിന്റെ പ്രകടനമാണ് സംസ്ഥാന പുരസ്കാരം നേടാൻ സുദേവിനെ അർഹനാക്കിയത്. പദ്മകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനുശ്രിയായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
പാലക്കാട് സ്വദേശമെങ്കിലും സുദേവ് ജനിച്ചതും വളർന്നതും മുംബൈയിലാണ്. അഭിനയം എന്നപ്പോലെ തന്നെ ബോഡി ബിൽഡിങ്, ഡാൻസിങ്, പാർകൗർ, സർഫിങ് തുടങ്ങിയവയിലും സുദേവ് സജീവമാണ്. ബോഡി ഫിറ്റ്നസിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത സുദേവിന്റെ ഫിറ്റ്നസ് വീഡിയോകളെല്ലാം വൈറലാകാറുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ സുദേവ് വിമാനത്തിൽ സഞ്ചരിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. ഒപ്പം താനെങ്ങനെയാണ് എയർലൈൻസ് ജീവനക്കാർക്ക് തന്നെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റിയതെന്നും വീഡിയോയിൽ സുദേവ് പറയുന്നുണ്ട്.

സുദേവിന്റെ ദിനചര്യയും അതേ തുടർന്ന് ശരീരത്തിലുണ്ടായ പാടുകളുമാണ് എയർലൈൻസ് ജീവനക്കാരിൽ സംശയം ഉണ്ടാക്കിയത്. ജിമ്മിൽ ഡെഡ് ഹാങ് പുൾ അപ് ചെയ്തതിന്റെ ഫലമായി താരത്തിന്റെ കൈകളിലെ പലയിടങ്ങളിൽ നിന്നും തൊലികൾ പോയി ചോര പാടുകൾ രൂപപ്പെട്ടിരുന്നു. ഇരുമ്പ് കമ്പിയിൽ തൂങ്ങിയ ശേഷം തന്റെ കൈകളിലെ തൊലി ഇളകി വന്നതാണെന്നാണ് വീഡിയോയിലൂടെ സുദേവ് കാണിച്ച് തരുന്നുണ്ട്. ഈ പാടുകളാണ് സംശയങ്ങൾക്ക് വഴിവെച്ചത്. പലരും ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതോടെ വൈറസോ മറ്റ് അസുഖങ്ങളോ തനിക്കില്ലെന്നും വർക്കൗട്ടിന്റെ ഭാഗമായി സംഭവിച്ചതാണെന്നും വീഡിയോ സഹിതം കാണിച്ച് കൊടുത്ത് തെറ്റിദ്ധാരണ തിരുത്തി എന്നും സുദേവ് പറയുന്നു. സിനിമയ്ക്ക് വേണ്ടി താൻ നടത്തുന്ന പ്രയത്നങ്ങളുടെ വീഡിയോ മുമ്പും സുദേവ് പങ്കുവെച്ചിട്ടുണ്ട്.

വർക്കല ബീച്ചിൽ സർഫിങ്ങ് നടത്തുന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സുദേവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഷൂട്ടിങ് ഇല്ലാത്തപ്പോഴോ ഇടവേളകളിലോ ഒക്കെ കടലിലേക്കിറങ്ങുമെന്ന് സുദേവ് മുമ്പ് പറഞ്ഞിരുന്നു. ഒരു ദിവസം രണ്ടര മണിക്കൂറെങ്കിലും സർഫിങ്ങ് നടത്താറുണ്ടെന്ന് സുദേവ് മുമ്പ് ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞിരുന്നു. അഭിനയത്തിൽ മാത്രമല്ല സുദേവിന് കമ്പമുള്ളതെന്ന് ആരാധകർ മനസിലാക്കിയതും താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയും വീഡിയോകളിലൂടെയുമാണ്. ഭീഷ്മപർവം ആണ് സുദേവിന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. മുംബൈ മലയാളിയായിട്ടായിരുന്നു സുദേവ് ചിത്രത്തിലെത്തിയത്. രാജൻ മാധവൻ നായർ എന്ന അധോലോക നായകനായെത്തിയ സുദേവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Recommended Video

വൺ എന്ന ചിത്രത്തിലെ എം.പി ദിനേശ് രാജൻ എന്ന സുദേവിന്റെ കഥാപാത്രവും പ്രശംസ നേടിയതായിരുന്നു. മമ്മൂട്ടി ചിത്രം സിബിഐ 5 ലും സുദേവ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലും സുദേവ് അഭിനയിക്കുന്നുണ്ട്. തിരുവിതാംകൂർ സേനയിലെ രണ്ടാം പടനായകൻ പടവീടാൻ നമ്പി എന്ന വേഷമാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ സുദേവ് നായർ അവതരിപ്പിക്കുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ചരിത്ര കഥാപാത്രത്തെയാണ് ചിത്രത്തിലെ നായകൻ സിജു അവതരിപ്പിക്കുന്നത്. സിനിമയിലെ സുദേവിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലനാണ് ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ചിത്രം തൻറെ ഡ്രീം പ്രോജക്ട് ആണെന്ന് വിനയൻ നേരത്തെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











