'അധോലോകത്തിൽ ചേരാൻ മുംബൈയിൽ പോയി, മയക്കുമരുന്നിന് അടിമയാണെന്ന് പറഞ്ഞ് വിവാഹം വേണ്ടെന്ന് വെച്ചു'; സുധീർ!
ക്യാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നടനാണ് സുധീർ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയാണ് താരം. സുധീറിനെ മലയാളികൾ ഏറെയും കണ്ടിരിക്കുന്നത് വില്ലൻ വേഷങ്ങളിലാണ്. ഡ്രാക്കുളയായിട്ടാണ് മലയാളികൾക്ക് സുധീറിന്റെ മുഖം സുപരിചിതമാകുന്നത്. കൊച്ചിരാജാവിലെ മുത്തുവായും ഹൃദയം കവർന്ന സുധി തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചും ഭാര്യ പ്രിയയുമായുള്ള വിവാഹം നടന്നതിന് പിന്നിലെ രസകരമായ കഥയും ജിഞ്ചർ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കിട്ടു.
പ്രിയയുമായുള്ള പെണ്ണ് കാണാൽ കഴിഞ്ഞ ശേഷം താൻ മയക്കുമരുന്നിന് അടിമയാണെന്ന് കരുതി വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചുവെന്നും സുധീർ പറയുന്നു. ഒരുപാട് കാര്യങ്ങൾ തുറന്ന് പറയാതിരുന്നതുകൊണ്ട് പലവിധ തെറ്റിദ്ധാരണകൾ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെന്നും ജീവിത കഥ പങ്കുവെക്കുന്നതിന് മുന്നോടിയായി സുധീറും ഭാര്യ പ്രിയയും പറഞ്ഞു.

'ഞങ്ങളുടെ വിവാഹം പ്രണയ വിവാഹമൊന്നും ആയിരുന്നില്ല. ഒരു വിവാഹത്തിന് വന്ന് കണ്ട് ഇഷ്ടപ്പെട്ട് ആലോചന വന്നു... അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തുന്നത്. കോളേജിൽ വെച്ചായിരുന്നു ആദ്യ മീറ്റിങ്. എന്നാൽ എന്റെ ആ വരവ് അറിഞ്ഞതോടെ പ്രിയയുടെ വീട്ടുകാർ പാടേ ബന്ധത്തിന് എതിരായി. ആ ചെക്കന് എന്തോ വശപ്പിശകുണ്ടെന്നാണ് അവർ പറഞ്ഞത്.'
'ഞാൻ മയക്കുമരുന്നിനൊക്കെ അടിമയാണെന്ന് തോന്നുന്നു എന്നൊക്കെ ആയിരുന്നു അവരുടെ കണ്ടെത്തൽ. മുടിയിൽ ഞാൻ കളർ ചെയ്തിരുന്നു അതൊക്കെയാണ് പ്രിയയുടെ വീട്ടുകാരിൽ അത്തരം ചിന്തകൾ വരാൻ കാരണമായത്', എന്നാണ് സുധീർ പറഞ്ഞത്. പിന്നീട് വീട്ടിൽ നടന്ന കോലാഹലങ്ങളെ കുറിച്ച് പങ്കുവെച്ചത് പ്രിയയായിരുന്നു.
'സുധീറിനെ എങ്ങനെയെങ്കിലും കല്യാണം കഴിക്കണമെന്ന ചിന്തയായിരുന്നു എനിക്ക്. മാത്രമല്ല സുധീർ ഭയങ്കര സുന്ദരനുമായിരുന്നു. ഇത് തന്നെ വേണം എന്നായി എനിക്ക്', പ്രിയ പറഞ്ഞു. പ്രിയയുടെ വീട്ടുകാർ എന്നെ വേണ്ടെന്ന നിലപാടിൽ എത്തിയപ്പോൾ വാശിയായെന്നും സുധീർ പറയുന്നു. 'അച്ഛൻ പട്ടാളക്കാരനായിരുന്നു. പിരിഞ്ഞ് വന്നപ്പോൾ കിട്ടിയ സമ്പാദ്യം അദ്ദേഹം ഒരു ചിട്ടി കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്ത് കാശൊക്കെ നഷ്ടപ്പെട്ടു.'
'പിന്നെ ഒന്നും ഇല്ലായ്മയിൽ നിന്നുമാണ് കൊൽക്കത്തയിലേക്ക് ഞാൻ പോകുന്നത്. പത്താം ക്ലാസ്സ് മാത്രമാണ് അപ്പോൾ എന്റെ വിദ്യാഭ്യാസ യോഗ്യത. അധോലോകത്തിൽ ചേരണം പൈസ ഉണ്ടാക്കണം എന്നൊക്കെ ആലോചിച്ചാണ് പിന്നീട് മുംബൈയിൽ പോകുന്നത്. പതിനെട്ട് വയസാണ് അപ്പോൾ എന്റെ പ്രായം. ഒരു ബോധവും ഇല്ലല്ലോ.'

'അധോലോകത്തിൽ ചേരണം എന്നാണ് പബ്ലിക്കിൽ ചെന്ന് പറയുന്നത്. അവിടെ വെച്ച് കണ്ട ഒരു മലയാളിയാണ് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്നതും അഭയം നൽകുന്നതും. അവിടെ ഒന്നൊന്നര വർഷം ജോലി ചെയ്ത് സൗദിയിലേക്ക് പോയി. പത്ത് വർഷം അവിടെ കഷ്ടപ്പെട്ട് കടങ്ങൾ വീട്ടി. എല്ലാം സെറ്റായിട്ടാണ് വിവാഹം ആലോചിക്കുന്നത്.'
'പ്രിയയുടെ വീട്ടുകാർ വേണ്ടെന്ന് പറഞ്ഞതുകൊണ്ട് എന്റെ വീട്ടുകാർ ഞങ്ങളുടെ അവസ്ഥ എല്ലാം വിവരിച്ചു. അത് കേട്ട് മനസില്ലാ മനസോടെ ആണെങ്കിലും പ്രിയയുടെ വീട്ടുകാർ വിവാഹം നടത്തി തന്നു. ഇന്ന് പ്രിയയുടെ അച്ഛനും അമ്മയുമായിട്ടാണ് എനിക്ക് ഏറ്റവും കൂടുതൽ ബോണ്ടുള്ളത്.'
'ഞാൻ സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ എന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. പക്ഷെ പ്രിയയുടെ മാതാപിതാക്കൾ എന്റെ ആഗ്രഹത്തെ പിന്തുണച്ചു. എന്റെ ഏറ്റവും കൂടുതൽ കെയർ ചെയ്യുന്നതും അവർ തന്നെയാണ്. പ്രിയയുടെ സഹോദരനൊരപ്പമാണ് ഞാൻ യാത്രകൾ ഏറെയും നടത്താറുള്ളത്. ഞങ്ങൾ തമ്മിലും നല്ല ബോണ്ടാണ്', എന്നാണ് സുധീർ കുടുംബത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.


Click it and Unblock the Notifications











