'ഒരു കാലത്തും ആരോടും ഒരു വിധത്തിലും മോശമായി പെരുമാറിയിട്ടില്ല, എന്നെ അറിയുന്നവർ എന്റെ കൂടെ തന്നെയുണ്ട്'
സിനിമയിലെത്തിയിട്ട് മൂന്നര പതിറ്റാണ്ടോടടുക്കുന്നെങ്കിലും സുധീഷെന്ന് കേൾക്കുമ്പോൾ മണിച്ചിത്രത്താഴിലെ കിണ്ടിയാണ് എല്ലാവർക്കും ഓർമ്മ വരിക. അതിന് മുമ്പും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അത് വൻ ഹിറ്റായി. ഡിഗ്രി കഴിഞ്ഞ സമയമായിരുന്നു അത്. സിനിമ ഒരു ജീവിതോപാധിയായി കൊണ്ടുപോകാനുള്ള ധൈര്യം സുധീഷിന് വന്നത് അതോടെയാണ്. നാടക-സിനിമ അഭിനേതാവായ സുധാകരൻ നായരുടേയും സൂര്യപ്രഭയുടേയും മകനായി കോഴിക്കോട് ജനിച്ച സുധീഷ് ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തെത്തിയിരുന്നു.
1989 റിലീസ് ചെയ്ത മമ്മൂട്ടി നായകനായ മുദ്ര എന്ന സിനിമയിലെ കഥാപാത്രത്തോടെയാണ് സുധീഷ് സ്വീകാര്യനായി മാറിയത്. മണിച്ചിത്രതാഴ്, ചെപ്പടിവിദ്യ, ആധാരം, കാക്കക്കും പൂച്ചക്കും കല്യാണം, അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങളിലും സുധീഷ് ശ്രദ്ധിക്കപ്പെട്ടു.

തീവണ്ടി, കൽക്കി' തുടങ്ങിയ സിനിമകളിലൂടെ രണ്ടാം വരവും ഗംഭീരമാക്കി. എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവ നടനുള്ള അംഗീകാരവും ലഭിച്ചു. സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന സിനിമയിലെ വില്ലൻ വേഷത്തിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച സുധീഷിനെ കുറിച്ച് അടുത്തിടെ മാധ്യമങ്ങളിൽ വന്നതൊന്നും അത്ര സുഖകരമായ വാർത്തകളായിരുന്നില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ജൂനിയർ ആർട്ടിസ്റ്റാണ് നടൻ സുധീഷിനെതിരെ ആരോപണവുമായി എത്തിയത്. ഒരുമിച്ച് യാത്ര ചെയ്യാം. ടൂര്‍ പോവാം. ഭാര്യ അടുത്തുള്ളപ്പോള്‍ പതിയെ പറയാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞതെന്നാണ് ജൂനിയർ ആർട്ടിസ്റ്റായ ജുബിത നടനിൽ നിന്നുണ്ടായ മോശം അനുഭവം പങ്കിട്ട് പറഞ്ഞത്.
സുധീഷും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയുമായി യുവതി രംഗത്തെത്തിയതോടെ താരങ്ങൾക്കെതിരെ കേസ് എടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപം നടത്തി എന്നാണ് കേസ്. ഇപ്പോഴിതാ തനിക്കെതിരെയുണ്ടായ ആരോപണത്തിൽ പ്രതികരിച്ചിരിക്കുകയാണ് സുധീഷ്. റിലീസിന് തയ്യാറായ തന്റെ പുതിയ സിനിമ പ്രതിഭ ട്യൂട്ടോറിയല്‍സിന്റെ പ്രമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുധീഷ്.
ഒരു കാലത്തും ആരോടും ഒരു വിധത്തിലും മോശമായി പെരുമാറിയിട്ടില്ലെന്ന് സുധീഷ് ആവർത്തിച്ച് പറയുന്നു. എന്റെ ഒരു അഭിപ്രായത്തിൽ എന്നെ അറിയുന്നവരെല്ലാം അടുത്തിടെ നടന്ന വിഷയത്തിൽ എന്റെ കൂടെ തന്നെയുണ്ട്. ബാക്കിയുള്ള പൊതുജനങ്ങളെ കുറിച്ച് എനിക്ക് അറിയില്ല.

കാരണം എന്നെ അറിയാത്ത ഞാൻ എന്താണ് ഏതാണെന്ന് അറിയാത്ത ആളുകളുണ്ടാകാം. പക്ഷെ ഒരു വാക്ക് എങ്കിലും എന്നോട് സംസാരിച്ച് പരിചയപ്പെട്ടിട്ടുള്ള എല്ലാ വ്യക്തികളും എന്റെ കൂടെയുണ്ട്. കാരണം ഞാൻ എന്താണെന്ന് അവർക്കെല്ലാം അറിയാം. അതുകൊണ്ട് ആ സപ്പോർട്ട് എന്റെ കൂടെയുണ്ട്. പിന്നെ എനിക്കൊരു ആത്മവിശ്വാസമുണ്ടാകുമല്ലോ.... അത് എനിക്ക് തീർച്ചയായുമുണ്ട്. ഒരു കാലത്തും ആരോടും ഒരു വിധത്തിലും മോശമായി പെരുമാറിയിട്ടില്ല.
ഒരാളോടും... ഞാൻ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കും. അതിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞാണ് സുധീഷ് അവസാനിപ്പിച്ചത്. അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് ശ്രീലാൽ പ്രകാശൻ, ജോയ് അനാമിക, വരുൺ ഉദയ് എന്നിവർ നിർമ്മിച്ച പ്രതിഭ ട്യൂട്ടോറിയൽസ് സെപ്റ്റംബർ 6 ന് തിയേറ്ററുകളിൽ എത്തും.
സുധീഷിന് പുറമെ നിർമൽ പാലാഴി, ജോണി ആന്റണി, അൽത്താഫ് സലിം, ജാഫർ ഇടുക്കി, പാഷാണം ഷാജി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ട്രെയിലറിനും പോസ്റ്ററിനുമെല്ലം ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.


Click it and Unblock the Notifications











