'വസന്ത അമ്മയുടെ പേരാണെന്ന് ഇപ്പോഴാണ് അറിയുന്നത്, എന്റെ മോനും പേര് എഴുതുമ്പോൾ ജ്യോതിക സൂര്യയെന്ന് ചേർക്കും'
തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്റിലൂടെ സംഗീതാരാധകര്‍ അറിഞ്ഞ് തുടങ്ങിയ വയലിനിസ്റ്റ് ഗോവിന്ദ് മേനോന്‍ ഇന്ന് തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയായി വളർന്ന് കഴിഞ്ഞു. വിജയ് സേതുപതി-തൃഷ എന്നിവർ അഭിനയിച്ച 96ലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ഗോവിന്ദ് ആയിരുന്നു. ചിത്രവും പാട്ടുകളും വൻ ഹിറ്റായതോടെ തമിഴില്‍ തിരക്കുള്ള സംഗീത സംവിധായകരിലൊരാളായിരിക്കുകയാണ് ഗോവിന്ദ്.
മുപ്പത്തിയഞ്ചുകാരനായ താരം അസുരവിത്ത് എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. സിനിമാ സംഗീതത്തേക്കാൾ സ്വതന്ത്ര സംഗീതമാണ് ഗോവിന്ദ് വസന്തയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്. മലയാള സിനിമയിൽ അധികം പാട്ടുകളൊന്നും ചെയ്തിട്ടില്ലെങ്കിലും ഇടയ്ക്കിടെ വരുന്ന പാട്ടുകൾ കൊണ്ടുതന്നെ ഈ സംഗീതജ്ഞൻ മലയാളികളുടെ മനസിൽ ഇടം പിടിച്ചിട്ടുണ്ട്.

ന്യൂ ജെനറേഷൻ താരങ്ങളുമായെത്തിയ ഏറ്റവും പുതിയ ചിത്രം ജോ ആൻഡ് ജോ, ലിറ്റിൽ മിസ് റാവുത്തർ, മഹാറാണി തുടങ്ങിയവയാണ് ഗോവിന്ദ് വസന്ത സംഗീത സംവിധാനം ചെയ്ത് അവസാനം പുറത്തിറങ്ങിയ മലയാള സിനിമകൾ. പതിനെട്ടുവർഷത്തോളം ചെന്നൈയിൽ ആയിരുന്നു ഗോവിന്ദ് വസന്ത. അതുകൊണ്ട് തന്നെ തമിഴാണ് ഗോവിന്ദിന് കൂടുതൽ വഴങ്ങുക. സംഗീതലോകത്ത് കൂടുതൽ പരിചയക്കാരുള്ളതും തമിഴിലാണ്.
അതുകൊണ്ട് കൂടിയാണ് ഗോവിന്ദ് തമിഴിൽ കൂടുതൽ പാട്ടുകൾ ചെയ്യുന്നത്. ഭാഷാപരമായ വേർതിരിവൊന്നും തനിക്കില്ലെന്ന് ഗോവിന്ദ് മുമ്പ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഏത് ഭാഷയിലായാലും ഗോവിന്ദ് സംഗീതം ചെയ്യും. പേരിനൊപ്പം ഗോവിന്ദ് ചേർത്തിരിക്കുന്ന വസന്ത അമ്മയുടെ പേരാണ്. പലർക്കും ഇക്കാര്യം അറിയില്ല. ഗോവിന്ദ് തന്നെ ചിലയിടങ്ങളിൽ അമ്മയുടെ പേരാണ് വസന്തയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
തമിഴ് സൂപ്പർ താരം സൂര്യയുടെ 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന മെയ്യഴകന് വേണ്ടിയാണ് ഗോവിന്ദ് ഏറ്റവും പുതിയതായി സംഗീതം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ നടന്നിരുന്നു. ചടങ്ങിൽ സംസാരിക്കവെ സൂര്യ പറഞ്ഞ ചില രസകരമായ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഗോവിന്ദിന്റെ പേരിനൊപ്പമുള്ള വസന്ത എന്നത് അമ്മയുടെ പേരാണെന്ന് താൻ ഇപ്പോഴാണ് അറിയുന്നതെന്നാണ് സൂര്യ പറഞ്ഞത്.
ഗോവിന്ദിന്റെ പേരിനൊപ്പമുള്ള വസന്ത എന്നത് അമ്മയുടെ പേരാണെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്. അതുപോലെ എന്റെ മകൻ പേര് എഴുതുമ്പോൾ ദേവ് ജ്യോതിക സൂര്യ എന്നാണ് പേര് എഴുതുമ്പോൾ എഴുതാറുള്ളത്. അതുകൊണ്ട് തന്നെ ഗോവിന്ദിന്റെ പേരിന് പിന്നിലെ കഥ കേട്ടപ്പോൾ വളരെ സന്തോഷം തോന്നിയെന്നാണ് സൂര്യ ചടങ്ങിൽ സംസാരിക്കവെ പറഞ്ഞത്.

സമീപകാലത്തായി ജ്യോതികയുടെ അമ്മയുടെ ആരോഗ്യവും ജ്യോതികയ്ക്ക് ലഭിക്കുന്ന ബോളിവുഡ് അവസരങ്ങളും പരിഗണിച്ച് സൂര്യ കുടുംബസമേതം മുംബൈയിലേക്ക് താമസം മാറ്റി. കഴിഞ്ഞ വര്‍ഷം മുതല്‍ ജ്യോതിക മക്കള്‍ക്കൊപ്പം മുംബൈയിലാണ് താമസം. ഇതിനെ തുടര്‍ന്ന് സൂര്യയും ജ്യോതികയും പിരിയാന്‍ പോകുന്നുവെന്ന് വാര്‍ത്തവരെ വന്നിരുന്നു. മുംബൈയിലെ അസെൻഡ് ഇന്റർനാഷണൽ സ്കൂളിലാണ് സൂര്യയുടെയും ജ്യോതികയുടെയും മക്കളായ ദിയയും ദേവും പഠിക്കുന്നത്.
അടുത്തിടെ കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് നേടിയ മകന് അത് സ്വന്തമാക്കുന്ന ചടങ്ങില്‍ വിശിഷ്ഠാതിഥിയായി സൂര്യ എത്തിയത് വൈറലായിരുന്നു. മകന്നടൻ ആദരവ് നല്‍കുന്നതും മകന്‍ ദേവിന്‍റെ പ്രകടനം സദസില്‍ ഇരുന്ന് സൂര്യ കാണുന്നതും അടക്കമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൂര്യയുടെ ഫോട്ടോ കോപ്പിയാണ് ദേവ് എന്നാണ് ആരാധകർ പറയാറുള്ളത്.
മെയ്യഴകന്‍ എന്ന സിനിമയിൽ കാര്‍ത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സി പ്രേംകുമാറാണ് ചിത്രത്തിന്റെ സംവിധാനം. സെപ്റ്റംബര്‍ 27 ആണ് ചിത്രത്തിന്‍റെ റിലീസ് തീയതി. റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.


Click it and Unblock the Notifications