കാർത്തി കരയുന്നത് കാണുന്നത് എനിക്ക് സന്തോഷമായിരുന്നു, അവൻ അയച്ച മെയിൽ കണ്ട് അന്ന് ഒരുപാട് കരഞ്ഞു; സൂര്യ!
തമിഴ് സിനിമാ മേഖലയിൽ നിരവധി സഹോദരങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പക്ഷെ ഏറ്റവും കൂടുതൽ ആരാധകരുള്ള അണ്ണൻ-തമ്പി കോമ്പോ സൂര്യയും കാർത്തിയുമാണ്. ആദ്യം സിനിമയിലേക്ക് ചുവടുവെച്ചത് സൂര്യയായിരുന്നു. ചേട്ടൻ സിനിമയിൽ ചുവടുറപ്പിച്ചപ്പോൾ പതിയെ കാർത്തിയും അഭിനയത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഇന്ന് തമിഴ് സിനിമയിലെ താരമൂല്യമുള്ള താരങ്ങളാണ് ഇരുവരും. റോളക്സിനും ദില്ലിക്കും നിരവധി ആരാധകർ കേരളത്തിലുമുണ്ട്. ഇരുവരും തമ്മിൽ രണ്ട് വയസിന്റെ പ്രായ വ്യത്യാസം മാത്രമേയുള്ളു.
ചേട്ടൻ-അനിയൻ എന്നതിലുപരി സുഹൃത്തുക്കൾ തമ്മിലുള്ളതുപോലൊരു അടുപ്പമാണ് സൂര്യയും കാർത്തിയും തമ്മിൽ. എന്നാൽ ഒരു സമയത്ത് സഹോദരൻ എന്ന പരിഗണന താൻ കാർത്തിക്ക് നൽകിയിരുന്നില്ലെന്ന് പറയുകയാണ് സൂര്യ. മുമ്പൊരു അഭിമുഖത്തിലാണ് അനുജൻ കാർത്തിയെ കുറിച്ച് സൂര്യ വാചാലനായത്. കാർത്തിയെ ഭയപ്പെടുത്താനും കരയിക്കാനും തന്നാൽ കഴിയും വിധം എല്ലാം ചെയ്യുമായിരുന്നുവെന്നും പഠനത്തിനായി കാർത്തി വിദേശത്ത് പോയശേഷമാണ് എല്ലാം മാറി മറിഞ്ഞതെന്നും സൂര്യ പറഞ്ഞു.

പത്ത്, പന്ത്രണ്ട് വയസ് വരെയൊക്കെ കാർത്തിയെ ഭയപ്പെടുത്തുന്നതിന് എന്തും ചെയ്യുമായിരുന്നു ഞാൻ. അവൻ കരയുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം വരുമായിരുന്നു. പിന്നീട് അവൻ എന്റെ അനിയനാണ്, ഞാൻ ഇങ്ങനെയൊന്നുമല്ല അവനോട് പെരുമാറേണ്ടതെന്ന് എനിക്ക് തോന്നി തുടങ്ങിയത് എന്റെ ഒരു സുഹൃത്ത് കാരണമാണ്. ഞങ്ങൾ താമസിക്കുന്ന ഏരിയയിൽ കുട്ടികളെല്ലാം ചേർന്ന് സൈക്കിൾ റേസ് നടത്തുമായിരുന്നു.
പക്ഷെ ഒന്നിലും പങ്കെടുക്കാൻ കാർത്തിയെ ഞാൻ ഒപ്പം കൂട്ടുമായിരുന്നില്ല. അവൻ ഞാൻ ചെയ്യുന്നതെല്ലാം കോപ്പി അടിച്ച് അതേപടി ചെയ്ത് എന്റെ പിന്നാലെ വരും. ഒരിക്കൽ ഞങ്ങൾ ചെയ്യുന്നത് കണ്ട് സൈക്കിൾ അഭ്യാസം നടത്തിയ കാർത്തി സമീപത്തുണ്ടായ കടയിൽ സൈക്കിൾ ഇടിച്ച് വീണു. ഉടനെ കടയുമ വന്ന് കാർത്തിയെ വളരെ മോശമായ ഭാഷയിൽ വഴക്ക് പറഞ്ഞു.
ഞാൻ ഇതെല്ലം കണ്ട് ഒരു വശത്ത് നിൽക്കുകയാണ്. എന്നാൽ ഉടനെ എന്റെ സുഹൃത്ത് അവിടേക്ക് വന്ന് കാർത്തിക്ക് വേണ്ടി കടയുടമയുമായി വഴക്കിട്ടു. മാത്രമല്ല നീ ആരാണ് ഇതിൽ ഇടപെടാനെന്ന് ചോദിച്ചാൽ കാർത്തിയുടെ ചേട്ടനാണെന്നും പറഞ്ഞു. ഞാൻ ചെയ്യേണ്ടതും പറയേണ്ടതുമാണ് കാർത്തിക്ക് വേണ്ടി എന്റെ സുഹൃത്ത് ചെയ്തത്. അവൻ കാർത്തിയെ പിന്തുണച്ച് അവന് വേണ്ടി നിൽക്കുന്നത് കണ്ടപ്പോഴാണ് ഞാൻ ഇതുവരെ കാർത്തിക്ക് വേണ്ടി ഒന്നും ചെയ്തില്ലല്ലോയെന്ന തോന്നൽ എനിക്ക് വന്നത്.
ചേട്ടനാകുമ്പോൾ സഹോദരന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണം എന്നൊക്കെ അന്ന് തോന്നി തുടങ്ങി. പിന്നീട് ഉപരി പഠനത്തിനായി കാർത്തി യുഎസ്സിൽ പോയി. രണ്ട് വർഷം അവൻ അവിടെയായിരുന്നു. അമ്മയോട് അവൻ സംസാരിക്കുന്നത് കേൾക്കുമ്പോഴാണ് കാർത്തിയുടെ വിശേഷങ്ങൾ ഞാൻ അറിഞ്ഞിരുന്നത്.

ഒറ്റയ്ക്ക് ഭക്ഷണം പാകം ചെയ്യാനും വസ്ത്രം അലക്കാനും എല്ലാം അവൻ യുഎസ്സിൽ പോയശേഷം പഠിച്ചു. അവന്റെ അവിടുത്തെ ഒറ്റയ്ക്കുള്ള ജീവിതം കേട്ടപ്പോൾ ഇതുവരെ കാർത്തിക്ക് വേണ്ടി ഞാൻ ഒന്നും ചെയ്തില്ലല്ലോ. എപ്പോഴും ഞാൻ അവനെ എന്നിൽ നിന്ന് അകറ്റി നിർത്തിയല്ലോ എന്നൊക്കെ തോന്നി. ശേഷം കാർത്തി എനിക്ക് ഒരു മെയിൽ അയച്ചു. നീ എന്നെങ്കിലും എന്നെ അഭിനന്ദിച്ചിരുന്നുവെങ്കിൽ എന്നൊക്കെ ആഗ്രഹിക്കുമായിരുന്നു.
എന്നെ ഒരു സഹോദരനും സുഹൃത്തുമായൊക്കെ അംഗീകരിച്ചിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്. എന്നാണ് അങ്ങനെ എന്നെ സ്വീകരിക്കുന്ന ഒരു ദിവസം വരികയെന്ന് കാത്തിരിക്കുകയായിരുന്നു. എല്ലാം നിന്നെ കണ്ടാണ് പഠിച്ചത്. നിന്റെ ഡ്രസ്സിങ് സ്റ്റൈൽ കണ്ടാണ് ഞാനും അത് അനുകരിച്ച് തുടങ്ങിയത് എന്നൊക്കെ നിറയെ ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുത്തിയതായിരുന്നു കാർത്തിയുടെ മെയിൽ.
പൊതുവെ കരയാത്ത ആളാണ് ഞാൻ. അന്ന് കാർത്തിയുടെ മെയിൽ കണ്ട് ഒരുപാട് കരഞ്ഞു. അതിനുശേഷം ഞങ്ങൾ തമ്മിൽ നല്ല ബോണ്ടാണ്. അവനെ ഓർത്ത് എനിക്കെന്നും അഭിമാനമാണ് എന്നാണ് പഴയ കാല ഓർമകൾ പൊടിതട്ടിയെടുത്ത് സൂര്യ പറഞ്ഞത്. ഇന്ന് കാർത്തി നായകനാകുന്ന പല സിനിമകളും നിർമ്മിക്കുന്നത് സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയാണ്.


Click it and Unblock the Notifications











