'മക്കൾ കൂടുതൽ കാണാറുള്ളത് ജോയുടെ സിനിമകൾ, ആ സിനിമ ഞാൻ ചെയ്തത് ദിയയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു'; സൂര്യ!
കങ്കുവ റിലീസായ സന്തോഷത്തിലാണ് നടൻ സൂര്യ. കേരളത്തിൽ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചതെങ്കിലും മറ്റുള്ള സംസ്ഥാനങ്ങളിലെല്ലാം കങ്കുവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ പ്രമോഷനായി സൂര്യ കേരളത്തിലും എത്തിയിരുന്നു. മലയാളികൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന അന്യഭാഷ നടന്മാരിൽ ഒരാൾ കൂടിയാണ് സൂര്യ. രണ്ട് വർഷത്തോളമായി സൂര്യ കങ്കുവയുടെ പ്രീ പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് പിന്നാലെയായിരുന്നു.
രണ്ട് വർഷങ്ങൾക്കുശേഷമാണ് സൂര്യയുടെ ഒരു സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നത്. പക്ഷെ സൂര്യയുടെ തിരിച്ച് വരവ് പ്രതീക്ഷിച്ചവർക്ക് നിരാശയായിരുന്നു ഫലം. കഴിഞ്ഞ കുറച്ച് മാസങ്ങളായി സൂര്യ കുടുംബസമേതം മുംബൈയിലാണ് താമസം. ജ്യോതികയ്ക്ക് വേണ്ടിയാണ് സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയത്.

മക്കളായ ദിയയും ദേവും മുംബൈയിലെ സ്കൂളിലാണ് പഠിക്കുന്നത്. സൂര്യ-ജ്യോതിക കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ഇഷ്ടമാണ്. എന്നാൽ മക്കളെ കുറിച്ച് ഇരുവരും അധികമൊന്നും അഭിമുഖങ്ങളിൽ സംസാരിക്കാറില്ല. പൊതു ചടങ്ങുകളിൽ മക്കളെ ഇരുവരും കൊണ്ടുവരാറുമില്ല. വളരെ വിരളമായി മാത്രമാണ് മക്കളുടെ ചിത്രങ്ങൾ പോലും ഇരുവരും സോഷ്യൽമീഡിയയിൽ പങ്കിടുന്നത്.
ഇപ്പോഴിതാ കങ്കുവ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സ്റ്റുഡിയോ ഗ്രീനിന് വേണ്ടി സൂര്യ നൽകിയ അഭിമുഖത്തിൽ മകൾ ദിയയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മകൾക്ക് താൻ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടമുള്ള സിനിമകളിലൊന്ന് ജയ്ഭീമാണെന്നാണ് സൂര്യ പറഞ്ഞത്. ആ സിനിമയിൽ അഭിനയിച്ചതിന് മകൾ തന്നെ പ്രശംസിച്ചുവെന്നും സൂര്യ പറയുന്നു.
മക്കൾ ഏറ്റവും കൂടുതൽ കാണാറുള്ളത് ജോയുടെ പടങ്ങളാണ്. ദിയയ്ക്ക് ജയ് ഭീം ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. അതുപോലുള്ള കുറച്ച് സെലക്ട് സിനിമകളാണ് അവൾക്ക് ഇഷ്ടം. കങ്കുവ ഒരു എപ്പിക്ക് ഫിലിമായതുകൊണ്ട് മക്കൾക്ക് ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നു. കൊവിഡ് സമയത്തായിരുന്നു ജയ്ഭീമിന്റെ റിലീസ്. സിനിമ കണ്ടയുടൻ ദിയ അഭിപ്രായമൊന്നും പറഞ്ഞില്ല. പിന്നീട് രാത്രി ഉറങ്ങും മുമ്പ് എന്റെ അരികിൽ വന്ന് കിടന്നിട്ട് ചോദിച്ചു എങ്ങനെയാണ് അപ്പാ... ജയ്ഭീം ചെയ്തതെന്ന്.
കാക്ക കാക്ക, സിങ്കം പോലുള്ള സിനിമകൾ ചെയ്തിട്ട് എങ്ങനെയാണ് അതിന് നേരെ വിപരീതമായ സിനിമ ചെയ്തതെന്ന് ചോദിച്ചു. ജയ്ഭീം ചെയ്യാമെന്ന് തീരുമാനിച്ചതും നന്നായി എന്നും പറഞ്ഞുവെന്നുമാണ് സൂര്യ പറഞ്ഞത്. അടുത്തിടെ സൂര്യ അഭിനയിച്ച സിനിമകളിൽ ഏറ്റവും അധികം ചർച്ചയായതും പ്രേക്ഷക പ്രീതിയും നിരുപക ശ്രദ്ധയും ഒരുപോലെ നേടിയ ചിത്രമായിരുന്നു ജയ് ഭീം.

2021 നവംമ്പര്‍ രണ്ടിനാണ് ജയ്ഭീം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്തത്. ഇറങ്ങിയത് മുതൽ ഈ സിനിമ ചർച്ചയാകുകയും പല വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ മുഴുവൻ വൻ രീതിയിൽ ചിത്രം ചർച്ച ചെയ്യപ്പെട്ടിരുന്നു. അഭിഭാഷകന്റെ വേഷത്തിലാണ് ചിത്രത്തിൽ സൂര്യ എത്തിയത്.
ഈ കഥാപാത്രവും യഥാര്‍ത്ഥ സംഭവത്തിലെ അഭിഭാഷകന്‍ കെ ചന്ദ്രുവും പിന്നീട് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. മലയാളിയായ ലിജോ മോൾക്ക് ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ഏറെ പ്രശംസ ലഭിച്ചിരുന്നു. സെങ്കനി എന്ന കഥാപാത്രത്തെയാണ് ലിജോ മോൾ ചിത്രത്തിൽ അവതരിപ്പിച്ചത്.


Click it and Unblock the Notifications