മലയാളത്തിന്റെ നടനതിലകം അരങ്ങൊഴിഞ്ഞിട്ട് ആറ് വര്‍ഷം! മഹാനടന്റെ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ഇവയാണ്
മലയാളത്തിന്റെ മഹാനടന്‍മാരില്‍ ഒരാളായിരുന്ന തിലകന്‍ അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് ആറ് വര്‍ഷം. സൂപ്പര്‍സ്റ്റാറുകള്‍ മലയാള സിനിമയില്‍ വിലസുമ്പോഴും ഒരു നടനെന്ന നിലയില്‍ തിലകന്റെ അഭിനയവും വ്യക്തിത്വവും ഒന്നു വേറെ തന്നെയായിരുന്നു. നാടകരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ നടന്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരുന്നു. 1979ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം മലയാളത്തില്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് അസാധ്യ പ്രകടനങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.
ഓരോ കഥാപാത്രങ്ങളെയും തന്റെ അഭിനയ മികവുകൊണ്ട് അനശ്വരമാക്കാന്‍ തിലകന് സാധിച്ചിരുന്നു. 1981ല്‍ പുറത്തിറങ്ങിയ കോലങ്ങള്‍ എന്ന ചിത്രത്തിലെ കള്ള് വര്‍ക്കി എന്ന മുഴുകുടിയന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു മലയാളത്തില്‍ അദ്ദേഹം പ്രധാന വേഷങ്ങളിലേക്ക് കടന്നിരുന്നത്. യവനിക,കിരീടം മൂന്നാംപക്കം,സ്ഫടികം കാട്ടുകുതിര, ഗമനം,ഉസ്താദ് ഹോട്ടല്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ കരിയറിലിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. തിലകന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളെക്കുറിച്ചറിയാം.തുടര്‍ന്ന് വായിക്കൂ...

പെരുന്തച്ചന്‍
എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ 1991ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പെരുന്തച്ചന്‍. അജയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ തിലകന്‍ ചെയ്ത പെരുന്തച്ചന്‍ എന്ന കഥാപാത്രം നടന് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്തിരുന്നു. മികച്ച നടനുളള കേരളസര്‍ക്കാരിന്റെ പുരസ്‌കാരമടക്കം അദ്ദേഹത്തിന് നേടിക്കൊടുത്തൊരു ചിത്രമായിരുന്നു ഇത്. തിലകന്റെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ എറ്റവും മുന്നില്‍ നില്‍ക്കുന്നതും പെരുന്തച്ചന്‍ തന്നെയാണ്. തിലകനൊപ്പം പ്രശാന്ത്,നെടുമുടി വേണു,മോനിഷ ,വിനയ പ്രസാദ്,മനോജ് കെ ജയന്‍ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു പെരുന്തച്ചന്‍

ചാക്കോ മാസ്റ്റര്‍
സ്ഫടികത്തിലെ ചാക്കോ മാസ്റ്റര്‍ പ്രേക്ഷകമനസുകളില്‍ നിന്നും ഇപ്പോഴും മായാതെ നില്‍ക്കുന്ന കഥാപാത്രമാണ്. ഭദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മല്‍സരിച്ചുളള അഭിനയമായിരുന്നു അദ്ദേഹം പുറത്തെടുത്തിരുന്നത്. ചിത്രത്തിലെ റിട്ടയേര്‍ഡ് കണക്ക് അധ്യാപകന്‍ ആയുളള തിലകന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാല്‍-തിലകന്‍ കൂട്ടുകെട്ട് മലയാളത്തില്‍ വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു സ്ഫടികം.

കരീം ഭായ്
ഉസ്താദ് ഹോട്ടലിലെ കരീം ഭായിയെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാക്കില്ല. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖറിനേക്കാളും പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടായിരുന്നു തിലകന്‍ എത്തിയിരുന്നത്. തിലകന്റെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നായാണ് ഉസ്താദ് ഹോട്ടലിലെ കരീം ഭായിയും അറിയപ്പെടുന്നത്. അഭിനേതാക്കളുടെ പ്രകടനം കൊണ്ടും പ്രമേയംകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടല്‍.

തമ്പി
പത്മരാജന്‍ സംവിധാനം ചെയ്ത മൂന്നാംപക്കത്തിലെ തമ്പി എന്ന കഥാപാത്രവും തിലകന്റെ അഭിനയജീവിതത്തില്‍ ലഭിച്ച ശ്രദ്ധേയ വേഷങ്ങളിലൊന്നായിരുന്നു. തിലകനൊപ്പം നടന്‍ ജയറാമും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മൂന്നാംപക്കം. പ്രമേയപരമായി ഏറെ മികച്ചുനിന്ന ചിത്രം തിലകന്റെ അഭിനയപ്രകടനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇളയരാജ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും എറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

അച്യൂതന്‍ നായര്‍
സിബി മലയിലിന്റെ സംവിധാനത്തില്‍ 1989ല്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രമായിരുന്നു കിരീടം. ചിത്രത്തിലെ സേതുമാധവന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്റെതായി പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്ന വേഷമാണ്. സേതുമാധവനൊപ്പം തന്നെ മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയ ഒരു കഥാപാത്രമായിരുന്നു തിലകന്‍ അവതരിപ്പിച്ച അച്യൂതന്‍ നായര്‍. കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിലും ഇതേ കഥാപാത്രമായി തിലകന്‍ എത്തിയിരുന്നു.


Click it and Unblock the Notifications