സുരേഷേട്ടൻ സഹോദര തുല്യൻ... രാഷ്ട്രീയ വിരോധം തീർക്കരുതെന്ന് ടിനി ടോം, മാപ്പ് കൂടി പറയൂവെന്ന് പരിഹാസം!
കഴിഞ്ഞ കുറച്ച് മണിക്കൂറുകളിൽ ഏറ്റവും കൂടുതൽ വൈറലായ വീഡിയോകളിൽ ഒന്നാണ് നടൻ ടിനി ടോം ഒരു ചടങ്ങിൽ പങ്കെടുക്കവെ സുരേഷ് ഗോപിയെ അനുകരിച്ചത്. ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തശേഷമാണ് സുരേഷ് ഗോപി അടുത്തിടെ നടത്തിയ വൈറൽ പ്രസംഗം അതേ ശബ്ദത്തിൽ ടിനി ടോം അനുകരിച്ചത്. തൃശൂർ ആയതുകൊണ്ട് അതുമായി ബന്ധപ്പെട്ട ഒരാളുണ്ട്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ. എങ്കിൽ അദ്ദേഹം പറഞ്ഞേനെ... മിഖായേൽ എനിക്ക് വേണം... നിങ്ങൾ അതെനിക്ക് തരണം.... അങ്ങനെ പറഞ്ഞിരുന്ന ആൾ ഇന്ന് കാലത്ത് ഞാൻ മൊബൈൽ എടുത്ത് നോക്കിയപ്പോൾ പറയുകയാണ്... നിങ്ങളൊക്കെ ആരാ? ആരാ? മാധ്യമമോ? എനിക്ക് ജനങ്ങളോടേ പറയാനുള്ളൂ.
നിങ്ങളോടൊന്നുമില്ല. പള്ളിയിലൊക്കെ കുരിശൊക്കെ പിടിച്ച് നിൽക്കുമ്പോലെ... ആരാണ് അത്? ഞാൻ പറഞ്ഞ് തരേണ്ട ആവശ്യമില്ല എന്നായിരുന്നു ഉദ്ഘാടനവേദിയിൽ ടിനി ടോം പറഞ്ഞത്.

വീഡിയോ അതിവേഗത്തിൽ വൈറലായി. മാത്രമല്ല ടിനി ടോമിന്റെ അനുകരണം കൂടി ഉൾപ്പെടുത്തി സുരേഷ് ഗോപിയെ പരിഹസിച്ച് നിരവധി ട്രോളുകളും മീമുകളും ഇറങ്ങി. ജബല്‍പൂര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയോട് മാധ്യമങ്ങൾ പ്രതികരണം ചോദിപ്പോൾ ക്ഷുഭിതനായിട്ടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി സംസാരിച്ചത്. മാത്രമല്ല മറുപടി പറയാനും കൂട്ടാക്കിയില്ല. ഇതോടെ സുരേഷ് ഗോപിക്ക് എതികെ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു.
മാധ്യമങ്ങൾ പ്രതികരണവും ചോദ്യങ്ങളും ചോദിച്ചപ്പോൾ നിങ്ങളൊക്കെ ആരാണെന്ന് ആയിരുന്നു സുരേഷ് ഗോപി തിരികെ ചോദിച്ചത്. രോഷം കൊണ്ട് പ്രതികരിക്കാൻ നിൽക്കാതെ പോവുകയും ചെയ്തു. സുരേഷ് ഗോപിയെ അനുകരിച്ച വീഡിയോ വൈറലായതോടെ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ടിനി ടോം.
വൈറലായ പരിപാടിയുടെ മുഴുവൻ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ടിനി ടോമിന്റെ വിശദീകരണം. ഇതാണ് സത്യം .....ഉദ്ഘാടന ചടങ്ങിൽ നിർബന്ധിച്ച് സുരേഷേട്ടനെ അനുകരിപ്പിച്ചിട്ട് അത് മാത്രം എഡിറ്റ് ചെയ്തു. ദയവായി രാഷ്ട്രീയ വിരോധം തീർക്കരുത്. സുരേഷേട്ടൻ എനിക്ക് സഹോദര തുല്യനാണ് എന്നും എപ്പോഴും എന്നാണ് ടിനി ടോം കുറിച്ചത്.
ആറ് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയാണ് ടിനി പങ്കുവെച്ചത്. എന്നാൽ ടിനിയുടെ വിശദീകരണ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിച്ചത്. മാപ്പ് കൂടി പറഞ്ഞ് പോസ്റ്റ് ഇട്ടോളൂ... അല്ലാത്തപക്ഷം ഇഡി വീട്ടിൽ കയറി വരാനുള്ള സാധ്യതയുണ്ടെന്നായിരുന്നു ഒരാൾ കുറിച്ചത്. ആനുകാലികമായ സംഭവമാണ് താങ്കള്‍ പറഞ്ഞത്. അതൊരു യാഥാർഥ്യവുമാണ്.

കൂട്ടുകാരനായാലും കുടുംബമായാലും കാര്യങ്ങള്‍ തുറന്ന് പറയണം. തെറ്റ് തെറ്റാണെന്ന് പറയണം. അത് അവരോടുള്ള സ്നേഹവും കൂടിയാണ്. അത് മനസിലാക്കാത്ത ബന്ധങ്ങള്‍ പോട്ടെയെന്ന് വെക്കണം. അതാണ് നമ്മുടെ വ്യക്തിത്വം എന്നാണ് മറ്റൊരാൾ കുറിച്ചത്. സുരേഷ് ഗോപിയെ അനുകൂലിച്ചും നിരവധി കമന്റുകൾ ടിനി ടോമിന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അതേസമയം എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സുരേഷ് ഗോപി സ്വീകരിച്ച നിലപാടും അടുത്തിടെ ചർച്ചയായിരുന്നു. കച്ചവടത്തിനായുള്ള വെറും ഡ്രാമയായിരുന്നു നടന്നതെന്നും സിനിമ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. കച്ചവടത്തിനായുള്ള വെറും ഡ്രാമ മാത്രമാണ് എമ്പുരാൻ വിഷയത്തിൽ നടക്കുന്നത്. സിനിമ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. അവരാണ് തീരുമാനിച്ചത്.
എല്ലാം ബിസിനസാണ് ജനങ്ങളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണ് എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. എമ്പുരാൻ റീ എഡിറ്റിങ്ങിന് വിധേയമാക്കിയശേഷം താങ്ക്സ് കാർഡിൽ നിന്നും സുരേഷ് ഗോപിയുടെ പേര് നീക്കം ചെയ്തിരുന്നു.


Click it and Unblock the Notifications











