'ഒരു പരിധി കഴിഞ്ഞാൽ ആർട്ടിസ്റ്റ് ഡയറക്ടറാകാൻ ശ്രമിക്കും, അവിടം തൊട്ടാണ് പരാജയം, ജയറാം വിട്ടുവീഴ്ച ചെയ്യണം'
മലയാള സിനിമയിലെ ജനപ്രിയ നടനാണ് ജയറാം. എബ്രഹാം ഓസ്ലറാണ് അവസാനം മലയാളത്തിൽ ജയറാമിന്റേതായി റിലീസ് ചെയ്ത സിനിമ. ഒരിടവേളയ്ക്കുശേഷം ജയറാം ചെയ്ത മലയാള സിനിമ കൂടിയായിരുന്നു ഓസ്ലർ. പിന്നീട് മറ്റൊരു വിജയം മലയാളത്തിൽ സൃഷ്ടിക്കാൻ ജയറാമിന് സാധിച്ചിട്ടില്ല. നടന്റെ തിരിച്ച് വരവ് മലയാളികൾ ആഗ്രഹിക്കുന്നുണ്ട്. മമ്മൂട്ടി വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ പരിശ്രമിക്കുന്നത് കാണുമ്പോൾ ജയറാമിൽ നിന്നും ഇത്തരം ഒരു മാറ്റം പ്രതീക്ഷിക്കുന്നുവെന്നാണ് പ്രേക്ഷകർ പറയാറുള്ളത്.
മലയാളത്തിൽ സജീവമല്ലെങ്കിലും ജയറാമിന് തമിഴിലും തെലുങ്കിലും കൈ നിറയെ സിനിമകളാണ്. അവിടെ താരം ഏറെയും സഹനടൻ റോളുകളാണ് ചെയ്യുന്നത്. മലയാളത്തിൽ തിളങ്ങി നിന്ന കാലത്ത് ജയറാമിന്റെ ഏറ്റവും നല്ല ഹിറ്റുകൾ പിറന്നത് രാജസേനന്റെ സംവിധാനത്തിലായിരുന്നു.

പക്ഷെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും അകൽച്ചയിലാണ്. ജയറാമുമായുള്ള സൗഹൃദത്തിന് അകലം വന്നിട്ടുണ്ടെന്നത് രാജസേനൻ തന്നെ തുറന്ന് പറഞ്ഞിട്ടുള്ള കാര്യവുമാണ്. ഇപ്പോഴിതാ ജയറാം-രാജസേനൻ കൂട്ടുകെട്ടിനെ കുറിച്ച് നടനും നിർമാതാവുമായ ടോം ജേക്കബ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. രാജസേനനും ജയറാമും ഒരുമിച്ച് ഇപ്പോഴും സിനിമകൾ ചെയ്തിരുന്നുവെങ്കിൽ ജനം സഹിക്കില്ലെന്നാണ് മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ ടോം ജേക്കബ് പറഞ്ഞത്.
ഓരോരുത്തർക്കൊപ്പമുള്ള സമയം കഴിഞ്ഞാൽ പിന്നെ അവർക്കൊപ്പം നിൽക്കാതിരിക്കുന്നതാണ് നല്ലതെന്നും പുതിയ ടീമിനൊപ്പം നിന്ന് പ്രവർത്തിക്കണമെന്നുമാണ് ടോം ജേക്കബ് പറഞ്ഞത്. മമ്മൂട്ടിയെപ്പോലെ വിട്ടുവീഴ്ച ചെയ്യുന്ന നടനായി ജയറാം മാറണമെന്നും ടോം ജേക്കബ് പറയുന്നു. ഓരോരുത്തർക്കൊപ്പമുള്ള സമയം കഴിഞ്ഞാൽ പിന്നെ അവർക്കൊപ്പം നിൽക്കാതിരിക്കുന്നതാണ് നല്ലത്.
വേറെ ടീമിനൊപ്പം പോവുക. ജയറാമുമായി സിനിമ ചെയ്യുന്നത് നിർത്തിയശേഷം വേറെ ആളുകളുമായി സിനിമ ചെയ്ത് രാജസേനൻ സാർ ഹിറ്റാക്കിയിട്ടുണ്ട്. ജയറാമും അതുപോലെ മറ്റുള്ളവർക്കൊപ്പം സിനിമ ചെയ്ത് ഹിറ്റ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിലൊന്നും രണ്ടുപേരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. രാജസേനനും ജയറാമും ഒരുമിച്ച് ഇപ്പോഴും സിനിമ ചെയ്തിരുന്നുവെങ്കിൽ ജനം സഹിക്കില്ല. കാരണം അതിന്റെ കാലഘട്ടം കഴിഞ്ഞു. ഇനി പുതിയ രീതിയിൽ ചിന്തിക്കണം.
ജയറാം അസാധ്യമായൊരു ആർട്ടിസ്റ്റാണ്. കമൽഹാസന്റെ ആദ്യകാല സിനിമയായ ചാണക്യനിൽ ജയറാം കഴിവ് തെളിയിച്ചതാണ്. അദ്ദേഹത്തെ വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല. അദ്ദേഹത്തെ ഉപയോഗിച്ചാൽ ഇനിയും ഇവിടെ അത്ഭുതം ഉണ്ടാക്കാൻ പറ്റും. പക്ഷെ അതിന് അദ്ദേഹം കൂടി വിട്ടുകൊടുക്കണം. പുള്ളിയിലുള്ള ജയറാമിനെ പുള്ളി കളയണം.

നല്ലൊരു സംവിധായകന്റെ ജയറാമായിട്ട് മാറിയാൽ നന്നാകും. മമ്മൂക്ക ചെയ്യുന്ന വ്യത്യസ്തമായ കഥാപാത്രങ്ങൾ കാണുമ്പോൾ ഇത് എങ്ങനെ ചെയ്യുന്നുവെന്ന് തോന്നും. ഒരുപക്ഷെ അവരുമായി മിങ്കിളായി പോകുന്നതുകൊണ്ടായിരിക്കാം. ഞാൻ ചെയ്താൽ ശരിയാവുമോ എന്നൊന്നും പറയുന്നില്ല മമ്മൂക്ക. സംവിധായകൻ പറയുന്നത് ഉൾക്കൊള്ളുന്നുണ്ട്.
എന്ത് വിട്ടുവീഴ്ചയ്ക്കും മമ്മൂക്ക തയ്യാറാണ്. ജയറാമും അതുപോലെ തയ്യാറായാൽ നല്ല ഒരുപാട് കഥാപാത്രങ്ങൾ പുള്ളിക്ക് ചെയ്യാൻ പറ്റും. വിട്ടുവീഴ്ച ചെയ്യാത്തതുകൊണ്ടാണ് അത്തരം വ്യത്യസ്തമായ കഥാപാത്രങ്ങൾ കിട്ടാത്തതെന്നാണ് എന്റെ തോന്നൽ. ഒരു പരിധി കഴഞ്ഞാൽ ആർട്ടിസ്റ്റ് ഡയറക്ടറാകാൻ ശ്രമിക്കും. അവിടം തൊട്ടാണ് പരാജയം ഉണ്ടാകുന്നത്. സംവിധായകന് വിട്ടുകൊടുക്കണം.
ഒരു മണ്ണ് പോലെയാകണമെന്നും ടോം ജേക്കബ് പറഞ്ഞു. ജയറാമിനെ നായകനാക്കി രാജസേനന്‍ സംവിധാനം ചെയ്ത അവസാന ചിത്രം മധുചന്ദ്രലേഖ ആയിരുന്നു. ആ സിനിമ ഇന്നും റിപ്പീറ്റ് വാല്യുവുള്ള ചിത്രങ്ങളിൽ ഒന്നാണ്. ഗുണ്ടൂർകാരൻ, ഗെയിം ചെയ്ഞ്ചർ എന്നിവയായിരുന്നു അവസാനം റിലീസ് ചെയ്ത ജയറാം സിനിമകൾ. രണ്ടും വലിയ വിജയം കേരളത്തിൽ നേടിയില്ല.


Click it and Unblock the Notifications