'ഉറങ്ങാൻ നേരത്ത് ഞാൻ ബെഡിൽ കിടക്കാനെ പാടില്ലെന്ന വാശിയാണ് മോന്, അവനും അമ്മയും മാത്രമെ പാടുള്ളു'; ടൊവിനോ!
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. കുട്ടിക്കാലം മുതല്‍ സിനിമയെ സ്വപ്നം കണ്ട ടൊവിനോ ഇന്ന് കാണുന്ന രീതിയിലേക്ക് വളര്‍ന്നത് അക്ഷീണ പ്രയത്നം കൊണ്ടാണ്. സിനിമ കരിയറിലെ ഈ യാത്രയില്‍ ടൊവിനോയ്ക്കൊപ്പം എന്നും ലിഡിയയും ഉണ്ടായിരുന്നു. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ടൊവിനോയും ലിഡിയയും പ്രണയിച്ച് തുടങ്ങുന്നത്. പിന്നീട് ആ പ്രണയം വിവാഹത്തിലേക്ക് എത്തി.
തന്റെ ഉയര്‍ച്ചയിലും താഴ്ചയിലും എന്നും ഒപ്പമുണ്ടായിരുന്ന ആളാണ് ലിഡിയയെന്ന് ടൊവിനോ പല വേദികളിലും പറഞ്ഞിട്ടുണ്ട്. പ്ലസ് വണ്ണിന് വെവ്വേറെ ഡിവിഷനുകളിലായിരുന്നു ടൊവിനോയും ലിഡിയയും പഠിച്ചിരുന്നത്. മലയാളം ക്ലാസ് ഇരുവര്‍ക്കും ഒരുമിച്ചായിരുന്നു. മലയാളം ക്ലാസിന്റെ സമയത്ത് ലിഡിയ ടൊവിനോയുടെ ക്ലാസിലേക്ക് വരും. ഒരിക്കല്‍ മലയാളം ടീച്ചര്‍ വിദ്യാര്‍ഥികളോട് മലയാളം അക്ഷരമാല എഴുതാന്‍ പറഞ്ഞു.

മലയാളത്തില്‍ നല്ല മാര്‍ക്കുള്ളവര്‍ക്ക് പോലും എഴുതാന്‍ കിട്ടുന്നില്ല. തനിക്കും മലയാളം അക്ഷരമാല തെറ്റാതെ എഴുതാന്‍ സാധിച്ചില്ലെന്ന് ടൊവിനോ പറയുന്നു. ആ സമയത്ത് എതിര്‍വശത്തുള്ള ബെഞ്ചില്‍ ഒരു പെണ്‍കുട്ടി മലയാളം അക്ഷരമാല എഴുതി കഴിഞ്ഞ് കൈയും കെട്ടി ഇരിക്കുന്നത് കണ്ടത്. ലിഡിയയായിരുന്നു അത്.
കോപ്പിയടിക്കാന്‍ ഉത്തര പേപ്പര്‍ നല്‍കുമോ എന്ന് ടൊവിനോ ലിഡിയയോട് ചോദിച്ചു. ടൊവിനോയ്ക്ക് ലിഡിയ തന്റെ ഉത്തര പേപ്പര്‍ നല്‍കി. അന്ന് മുതല്‍ ആരംഭിച്ച സൗഹൃദമാണ് പിന്നീട് പ്രണയമായതെന്നും വിവാഹത്തില്‍ എത്തിച്ചേര്‍ന്നതെന്നും ടൊവിനോ പറഞ്ഞിട്ടുണ്ട്.
സിനിമയിൽ പച്ച പിടിച്ച് തുടങ്ങും മുമ്പായിരുന്നു ടൊവിനോയുടെയും ലിഡിയയുടെയും വിവാഹം. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. ഇസ, തഹാൻ എന്നിങ്ങനെയാണ് മക്കൾക്ക് ടൊവിനോ നൽകിയിരിക്കുന്ന പേര്. എല്ലാ പരിപാടികൾക്ക് പോകുമ്പോഴും മക്കളെയും ഭാര്യയെയും സാധിക്കുമെങ്കിൽ അച്ഛനേയും അമ്മയേയും സഹോദരങ്ങളെയും അവരുടെ കുടുംബത്തെയും ടൊവിനോ ഒപ്പം കൂട്ടാറുണ്ട്.
ഷൂട്ടിങ് തിരക്കുകൾ ഉള്ളതിനാൽ കുടുംബത്തോടൊപ്പം ലഭിക്കുന്ന ഓരോ നിമിഷവും ടൊവിനോ ആഘോഷിക്കും. ഇപ്പോഴിതാ മക്കളെ കുറിച്ച് ടൊവിനോ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

ഉറങ്ങുന്നത് വരെ താനുമായി കളിച്ച് ചിരിച്ച് ഇരിക്കാറുള്ള മകൻ ഉറങ്ങുന്ന സമയത്ത് തന്നെ ഒപ്പം കിടക്കാൻ സമ്മതിക്കില്ലെന്നാണ് ടൊവിനോ പറയുന്നത്. 'എന്റെ അടുത്ത് മക്കൾ അധികം വാശി പിടിക്കാറില്ല. ഞാൻ സ്ട്രിക്ടായതുകൊണ്ടല്ല.'
ഇടയ്ക്ക് മാത്രമല്ലേ വീട്ടിലേക്ക് വരുന്നുള്ളു. അതുകൊണ്ട് തന്നെ പിള്ളേരെ ചീത്ത പറയാനും അടിക്കാനുമൊന്നും ഞാൻ സമ്മതിക്കില്ല. മോന് ഒരു വാശിയുണ്ട്. ഞാൻ വീട്ടിൽ ചെന്നാൽ പിന്നെ അവൻ എപ്പോഴും എന്റെ കൂടെ തന്നെയായിരിക്കും.'
'പക്ഷെ ഉറങ്ങാൻ നേരത്ത് എന്നെ താൽപര്യമില്ല. പോ അപ്പാ.. എന്ന് പറയും കിടക്കാൻ ചെല്ലുമ്പോൾ. അതായത് ഞാൻ ആ ബെഡിൽ കിടക്കാനെ പാടില്ല. ഉറങ്ങുമ്പോൾ ആ ബെഡിൽ അവനും അമ്മയും മാത്രമെ പാടുള്ളു. പക്ഷെ അവൻ അമ്മ മോനൊന്നും അല്ല. അല്ലാത്ത സമയങ്ങളിൽ എല്ലാം അവൻ എന്റെ പുറത്താണ്. ഉറങ്ങാൻ നേരത്ത് എന്നോട് പൊക്കോളാൻ പറയുമെന്നും', മകന്റെ കുസൃതികളെ കുറിച്ച് പങ്കുവെച്ച് ടൊവിനോ പറഞ്ഞു.


Click it and Unblock the Notifications