'കള്ള് കുടിക്കാറില്ല, കഥാപാത്രത്തിന് വേണ്ടി സിഗരറ്റ് വലിച്ചിട്ടുണ്ട്, അവളേയും കൂട്ടി ഞാൻ ജിമ്മിൽ പോകും'
വമ്പൻ വിജയങ്ങളിലൂടെ ഇനിയുള്ള കാലം സൂപ്പർസ്റ്റാറായി മലയാള സിനിമയിൽ താൻ ഉണ്ടാവുമെന്ന് മാർക്കോ റിലീസിനുശേഷം ഉണ്ണി മുകുന്ദൻ പറയാതെ പറഞ്ഞ് കഴിഞ്ഞു. നാളിതുവരെയുളള എല്ലാ റെക്കോര്‍ഡുകളും തിരുത്തിയെഴുതി കൊണ്ടാണ് ഇപ്പോൾ ഉണ്ണി മുകുന്ദന്റെ യാത്ര. സിനിമ കലക്ട് ചെയ്യുന്ന തുകയുടെ കണക്കില്‍ മാത്രമല്ല. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ മാര്‍ക്കറ്റ് എന്ന് അവകാശപ്പെടുന്ന ബോളിവുഡിലെ ഹിന്ദി സിനിമകളെ പോലും മറികടന്നാണ് ഉണ്ണിയുടെ മാര്‍ക്കോ പ്രദർശനം തുടരുന്നത്.
മലയാളത്തിൽ മറ്റൊരു നടനും നേരിട്ടിട്ടില്ലാത്ത അത്രത്തോളം ഹേറ്റ് ക്യാംപെയ്നുകൾക്ക് ഇരയായ നടനുമാണ് ഉണ്ണി. സമാജം സ്റ്റാർ, സംഘി സ്റ്റാർ എന്നൊക്കെ വിളിച്ചുള്ള അധിക്ഷേപങ്ങൾ നിരവധി നിരവധി നടന് നേരിടേണ്ടി വന്നിട്ടുണ്ട്. എത്ര നല്ല സിനിമയുമായി വന്നാലും ഉണ്ണിയെ എറിഞ്ഞ് വീഴ്ത്തുമെന്ന് ദൃഢപ്രതിജ്ഞ എടുത്തതുപോലെയുള്ള പെരുമാറ്റം ഒരു വിഭാഗം ആളുകളിൽ നിന്ന് ഉണ്ടാകാറുണ്ട്.

ആരും തകർന്നുപോകാവുന്ന ഘട്ടത്തിലും സ്വന്തം മസിലുപോലെ ഉറച്ച മനസുമായി ഉണ്ണി കാത്തിരുന്നു. കഠിനാധ്വാനം ഫലം കണ്ടുവെന്നതുപോലെ മാർക്കോയുടെ റിലീസോടെ കല്ലേറുകൾ പൂമാലയായി മാറി. ഗുജറാത്തിൽ വളർന്ന മലയാളിപ്പയ്യൻ ഒറ്റ ദിവസംകൊണ്ട് നടനായതല്ല. ആഗ്രഹത്തിന് പിന്നാലെ കഠിനാധ്വാനം ചെയ്ത് കീഴടക്കിയതാണ്. സിനിമപോലെ തന്നെ ഫിറ്റ്നസിനും വളരെ അധികം പ്രാധാന്യം കൊടുക്കുന്നയാളാണ് ഉണ്ണി.
ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള ദുശീലങ്ങളും താരത്തിന് ഇല്ല. കൃത്യമായ ജീവിതശൈലിയും ഉണ്ണിക്കുണ്ട്. ജനിച്ചപ്പോൾ ആസ്ത്മാ രോഗിയായിരുന്നു ഉണ്ണി. കഴിക്കാത്ത മരുന്നുകളില്ല. ഏഴാം ക്ലാസ് മുതലാണ് താരം ജിമ്മില്‍ പോയി തുടങ്ങിയത്. അതിന് കാരണക്കാരയിയായതാകട്ടെ അമ്മയും. എട്ടാം ക്ലാസ് മുതൽ പുലർച്ചെ എഴുന്നേൽക്കുന്ന ശീലം ഉണ്ണിക്കുണ്ട്. ഇന്നും താരം ആ ശീലം പിന്തുടരുന്നുണ്ട്.
ആരോഗ്യത്തോടെയും സമാധാനത്തോടെയും ഉള്ള ജീവിതമാണ് ഉണ്ണിയുടെ ലഹരി അല്ലാതെ മറ്റൊരു ലഹരിയിലും അഭയം കണ്ടെത്താൻ ഇന്നുവരെ ഉണ്ണി ശ്രമിച്ചിട്ടുമില്ല. കഥാപാത്രങ്ങൾക്ക് വേണ്ടി അല്ലാതെ സിഗരറ്റ് ഇന്നേവരെ താരം ഉപയോഗിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ ഇതേ കുറിച്ച് താരം സംസാരിക്കുകയും ചെയ്തിരുന്നു. കള്ള് കുടിച്ച് ഫിറ്റാകാറുണ്ടോയെന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിച്ചാണ് തന്റെ ജീവിതരീതിയെ കുറിച്ച് ഉണ്ണി മുകുന്ദൻ സംസാരിച്ചത്.
ഞാൻ കള്ള് കുടിക്കാറില്ല. ഒന്നോ, രണ്ടോ സിനിമയിൽ സ്മോക്ക് ചെയ്തിട്ടുണ്ട്. അത് ഞാൻ ആർക്കും റെക്കമന്റ് ചെയ്യുകയുമില്ല. മാത്രമല്ല സ്മോക്കിങ് കാൻസറിന് കാരണമാകുമെന്നും അത് നമ്മളെ കൊല്ലുമെന്നും അതിൽ തന്നെ എഴുതി വെച്ചിട്ടുമുണ്ട്. ഇതിനേക്കാളും മുകളിൽ നമുക്ക് കിക്ക് തരുന്ന പല കാര്യങ്ങളും ലൈഫിലുണ്ട്.

എന്റെ ഫ്രീ ടൈമിൽ ഞാൻ അക്രലിക്ക് സ്കെച്ചിങ് ചെയ്യാറുണ്ട്. എനിക്ക് ഇഷ്ടമാണ്. കവിതകൾ എഴുതാൻ ഇഷ്ടമാണ്. പുസ്തകം വായിക്കാനും ഇഷ്ടമാണ്. സംഗീതവും ഇഷ്ടമാണ്. അതുപോലെ എനിക്ക് ഒരുപാട് ഫ്രീ ടൈം കിട്ടുന്ന ദിവസം ഞാൻ രണ്ട് നേരവും ജിമ്മിൽ പോകും. നോർമലി ഞാൻ അഞ്ച് മണിക്ക് എഴുന്നേൽക്കും. എട്ടാം ക്ലാസ് മുതൽ ഇതേ രീതിയാണ്. അഞ്ചോ അഞ്ചരയോ ആകുമ്പോൾ എഴുന്നേൽക്കും. കൂടിപ്പോയാൽ ഏഴ് മണി. അതിന് അപ്പുറത്തേക്ക് പോകില്ല.
ഞാൻ നേരത്തെ എഴുന്നേൽക്കുമെങ്കിൽ നമ്മുടെ ചുറ്റും എല്ലാവരും ഉണർന്ന് വരാൻ സമയം എടുക്കും. അതുകൊണ്ട് തന്നെ അഞ്ച് മണിക്ക് എന്ത് ചെയ്യണമെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ജിമ്മിൽ പോകും ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് നിന്ന് എക്സസൈസ് ചെയ്യും. അതിനുള്ളിൽ ഇരുന്നാൽ തന്നെ മാനസീകമായി ഒരു സന്തോഷമാണ് എന്നാണ് ഉണ്ണി പറഞ്ഞത്.
ഉണ്ണിയെ വിവാഹം ചെയ്യുന്ന പെൺകുട്ടി കഷ്ടപ്പെടുമല്ലോയെന്ന ചോദ്യത്തിന് അവളേയും കൂട്ടി താൻ ജിമ്മിൽ പോകുമെന്നായിരുന്നു ഉണ്ണിയുടെ മറുപടി. മുപ്പത്തിയേഴിലും അവിവാഹിതനാണ് നടൻ.


Click it and Unblock the Notifications