'മമ്മൂട്ടിക്ക് സീരിയസ് അസുഖം തന്നെയായിരുന്നു, ഏത് ആരോഗ്യവാനും രോഗം വാർധക്യം മരണം എന്നിവ വരും ഞെട്ടേണ്ടതില്ല'
മൂന്ന് മാസത്തിലേറെയായി ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയ്ക്കും മറ്റുമായി സിനിമയിൽ നിന്നും മറ്റെല്ലാ തിരക്കുകളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു മമ്മൂട്ടി. കഴിഞ്ഞ ദിവസം രോഗം മാറി റിസൽട്ട് നെഗറ്റീവാണെന്ന റിപ്പോർട്ടുകൾ വന്നപ്പോൾ നടന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരുമെല്ലാം അത് ആഘോഷിച്ചു. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് വി.കെ ശ്രീരാമന്റെ സോഷ്യൽമീഡിയ പോസ്റ്റാണ്. തന്റെ പരിശോധന ഫലം നെഗറ്റീവാണെന്ന് മമ്മൂട്ടി നേരിട്ട് ശ്രീരാമനെ വിളിച്ച് അറിയിക്കുകയായിരുന്നു.
നടനുമായി വർഷങ്ങളുടെ സൗഹൃദം ശ്രീരാമനുണ്ട്. വല്ലാത്തൊരു ആത്മവിശ്വാസം രോഗാവസ്ഥയിൽ ആയിരുന്നപ്പോഴും മമ്മൂട്ടിയിൽ കണ്ടിരുന്നുവെന്നും സീരിയസ് അസുഖം ആയിരുന്നുവെന്നും പക്ഷെ അദ്ദേഹം അതിനെ കീഴടക്കിയെന്നും വി.കെ ശ്രീരാമൻ ന്യൂസ് ടുഡെ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഞങ്ങളുടേത് ഉപദികളില്ലാത്ത സൗഹൃദമാണ്. മമ്മൂട്ടിയുടെ സുഹൃത്താണെന്നത് ഒരു ഗമയാണ്. ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷെ അതിനും മുമ്പ് മമ്മൂട്ടിയുമായി ഒരു കമ്യൂണിക്കേഷൻ എനിക്ക് സാധ്യമായിരുന്നു. സിനിമയ്ക്ക് പുറത്തുള്ള കാര്യങ്ങളെ പറ്റിയെല്ലാം സംസാരിക്കാൻ താൽപര്യമുള്ളയാളാണ് മമ്മൂട്ടി. മിനിഞ്ഞാന്ന് വിളിച്ചപ്പോൾ ക്യാമറകളെപ്പറ്റിയാണ് സംസാരിച്ചത് ശ്രീരാമൻ പറഞ്ഞ് തുടങ്ങി.
രോഗത്തിന്റെ സൈഡ് എഫക്ട് എന്ന നിലയിൽ മമ്മൂട്ടിക്ക് മണവും ടേസ്റ്റും ഇല്ലാതെയായിരുന്നു. വായിൽ തെറാപ്പി അടക്കം ഉണ്ടായിരുന്നു. പക്ഷെ രോഗത്തിൽ ഊന്നിയൊന്നുമല്ല നമ്മളോട് സംസാരിക്കുക. ഒരു രോഗമുണ്ടെന്ന് കരുതി അതേ കുറിച്ച് തന്നെ നിരന്തരം പറഞ്ഞുകൊണ്ടിരുന്നാൽ രോഗം മാറുമോ?. വൈദ്യന്മാരും മരുന്നുമല്ലേ രോഗം മാറ്റുന്നത്.
രോഗം... രോഗമെന്ന് മൂപ്പര് ഒട്ടും പറയാറില്ല. രോഗി എന്നുള്ള മട്ടിൽ മൂപ്പർ സംസാരിച്ചിട്ടില്ല. ഇതൊന്നും എന്നെ ബാധിക്കുന്നതല്ലെന്ന തോന്നലോടെയായിരുന്നു വർത്തമാനം. വല്ലാത്തൊരു ആത്മവിശ്വാസം കണ്ടിരുന്നു. പുറത്ത് പോകാൻ പറ്റില്ലെന്നതായിരുന്നു മൂപ്പർക്കുണ്ടായിരുന്ന ബുദ്ധിമുട്ട്. ഇൻഫക്ഷൻ വന്നേക്കും. അല്ലെങ്കിൽ മൂപ്പർ വന്നേനെ. ആ ഒരു ഫ്രസ്ട്രേഷൻ മാത്രമെ ഉണ്ടായിരുന്നുള്ളു.
മൂപ്പർ തന്നെ സ്വയം ഡിസൈൻ ചെയ്ത് പണിത വീടാണ് മദ്രാസിലേത്. കുറേ വർഷങ്ങളുടെ പഴക്കമുണ്ട്. ആരംഭകാലത്ത് ഞാൻ ആ വീട്ടിൽ പോയിട്ടുണ്ട്. പിന്നെ അത് മകൾക്ക് കൊടുത്തു. സുറുമിയുടെ വീടാണിപ്പോൾ അത്. ഞാൻ പണിത വീട് ഇപ്പോൾ അവളുടേതാണെന്നാണ് പറയുന്നത്... കുട്ടികളുടേത് പോലെയാണ് മൂപ്പരുടെ സംസാരം. മിനിഞ്ഞാന്ന് വിളിച്ചപ്പോൾ പിറ്റേ ദിവസം ലാസ്റ്റ് ടെസ്റ്റാണെന്നൊന്നും പറഞ്ഞില്ല.

രോഗത്തെ പറ്റി ഓർമിപ്പിച്ചതുമില്ല. മൂപ്പര് റിസൽട്ട് പറയാൻ വിളിച്ചപ്പോൾ ഞാൻ ഓട്ടോയിലാണ്. അവസാനത്തെ ടെസ്റ്റും പാസായടാ എന്ന് പറഞ്ഞശേഷം ഞങ്ങൾ വേറെയും എന്തൊക്കയോ സംസാരിച്ചു. മൂപ്പർക്ക് അസുഖമാണെന്ന് അറിഞ്ഞപ്പോൾ അത്ഭുതം തോന്നിയില്ല. മനുഷ്യനല്ലേ അസുഖം വരും. എനിക്കും അസുഖമുണ്ട്. ഞാൻ പ്രശസ്തനല്ലാത്തതുകൊണ്ട് എന്റെ രോഗവും പ്രശസ്തമല്ല.
മരിക്കേണ്ട സമയം ആകുമ്പോൾ മരിക്കും. മൂപ്പര് പെട്ടന്ന് എല്ലായിടത്ത് നിന്നും മാറി നിന്നപ്പോൾ ആളുകൾ അന്വേഷിച്ചു. അതാണ് സംഭവിച്ചത്. അത്രയും പ്രശസ്തനായ മനുഷ്യനല്ലേ. മാറി നിൽക്കാനുള്ള കാരണം പറഞ്ഞില്ലെങ്കിൽ ആളുകൾ അവർക്ക് തോന്നിയ കഥ ഇറക്കും. അതാണ് മമ്മൂട്ടിയുടെ അസുഖത്തിന്റെ കാര്യത്തിലും സംഭവിച്ചത്. ആത്മവിശ്വാസ കുറവ് മുപ്പർക്ക് ഇല്ലായിരുന്നു. സീരിയസ് അസുഖം തന്നെയായിരുന്നു.
അദ്ദേഹം അതിനെ കീഴ്പ്പെടുത്തി. രോഗം സ്ഥിരീകരിച്ചപ്പോഴും ആത്മവിശ്വാസം പോയില്ല. എത്ര ആരോഗ്യവാനായ മനുഷ്യനും രോഗം വരും. അതിൽ ഞെട്ടേണ്ട കാര്യമില്ല. ഏത് ആരോഗ്യവാനും രോഗം വരും വാർധക്യം വരും മരണം വരും. അത് ഭൂമിയിലെ നിയമമാണ്. പണ്ടൊക്കെ നിലവിളിയും ഞെട്ടലും ഒരു ആചാരമായിരുന്നു എന്നും വി.കെ ശ്രീരാമൻ പറഞ്ഞു.


Click it and Unblock the Notifications











