'വിഷമിച്ചിരിക്കുമ്പോൾ സാന്ത്വനം ആകുന്നവൾ... എന്റെ തങ്കക്കട്ടി... ചെല്ലക്കുട്ടി'; വിജയ് ആന്റണിയുടെ ഭാര്യ!
കുറഞ്ഞ സമയത്തിനുള്ളിൽ തമിഴിൽ തന്റേതായ ഒരു ഇരിപ്പിടം ഉണ്ടാക്കി എടുത്ത നടനാണ് വിജയ് ആന്റണി. ആദ്യ സിനിമയായ നാൻ മുതൽ അവസാനം പുറത്തിറങ്ങിയ കൊലൈ വരെ എടുത്ത് നോക്കിയാൽ ഒരു മിനിമം ഗ്യാരന്റി ഉള്ള നടൻ എന്ന പേര് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കി എടുക്കാൻ വിജയ്ക്ക് സാധിച്ചിട്ടുണ്ട്.
ഒരു കാലത്ത് തെന്നിന്ത്യയിൽ ഒട്ടാകെ പലരും മൂളി നടന്ന ഒട്ടുമിക്ക ഹിറ്റ് ഗാനങ്ങളും വിജയ് ആന്റണിയുടേതായിരുന്നു. രത്തം സിനിമയുടെ പ്രമോഷൻ തിരക്കിലാണ് വിജയ് ആന്റണി.
അതിനിടയിലാണ് എല്ലാവരും ഞെട്ടിച്ചുകൊണ്ട് വിജയ് ആന്റണിയുടെ മൂത്ത മകൾ മീര വിജയ് ആന്റണി ആത്മഹത്യ ചെയ്തുവെന്ന വാർത്ത പുലർച്ചെ പുറത്ത് വന്നത്. ഒരു അമ്പരപ്പോടെയും കേട്ടത് വിശ്വാസിക്കാൻ കഴിയാതെയുമാണ് ആരാധകരും സിനിമാ ലോകത്തുള്ള മറ്റുള്ളവരും മീരയുടെ മരണ വാർത്ത കേട്ടത്. പ്ലസ് ടു വിദ്യാർഥിനിയായ മീരയെ ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസിക സമ്മർദം മൂലമാണ് മീര ആത്മഹത്യ ചെയ്തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. രണ്ട് പെൺമക്കളാണ് വിജയ് ആന്റണിക്ക്. മൂത്ത മകളാണ് മീര.
ഇളയവൾ ലാറ വിജയ്ക്കൊപ്പം പൂജ ചടങ്ങുകളിലും ഓഡിയോ ലോഞ്ച് ഫങ്ഷനുകളിലും സ്ഥിരം സാന്നിധ്യമാണ്. ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. താരത്തിന്റെ പ്രൊഡക്ഷൻ ഹൗസിന്റെ ചുമതല വഹിക്കുന്നത് ഫാത്തിമയാണ്.
പെൺ മക്കൾ രണ്ടുപേരും വിജയ് ആന്റണിയുടെ ജീവനാണ്. മക്കളെ കുറിച്ച് സംസാരിക്കാൻ ലഭിക്കുന്ന അവസരങ്ങളിലെല്ലാം അതിന് ശ്രമിക്കാറുണ്ട് താരം. തനിക്ക് രണ്ട് പെൺമക്കളുണ്ടെന്നും അവരിൽ ഒരാൾക്ക് നടിയാകാനും മറ്റൊരാൾക്ക് ഡോക്ടറാകാനുമാണ് ഇഷ്ടമെന്നും താരം അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞിരുന്നു.
അവർക്ക് സ്വന്തം ഇഷ്ടങ്ങളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും തന്നാൽ കഴിയുന്ന വിധത്തിൽ അവരെ അക്കാര്യത്തിൽ സഹായിക്കുമെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ മീരയുടെ മരണവാർത്ത മാധ്യമങ്ങളിൽ നിറയുമ്പോൾ വിജയിയുടെ ഭാര്യ ഫാത്തിമയുടെ പഴയൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.

ഇക്കഴിഞ്ഞ മാർച്ചിലാണ് മീരയുടെ ചിത്രം പങ്കിട്ടുകൊണ്ട് ഫാത്തിമ മകളെ കുറിച്ച് വാചാലയായി എത്തിയത്. സ്‌കൂൾ യൂണിഫോമിലുള്ള മീരയുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് മകളുടെ നേട്ടത്തെക്കുറിച്ചാണ് ഫാത്തിമ കുറിച്ചത്. 'എന്റെ ഏറ്റവും വലിയ സ്ട്രെങ്ത്... വിഷമിച്ചിരിക്കുമ്പോൾ എനിക്ക് സാന്ത്വനം ആകുന്നവൾ... കുസൃതിക്കുടുക്ക എന്റെ തങ്കക്കട്ടി... ചെല്ലക്കുട്ടി', എന്നാണ് മകളെക്കുറിച്ച് ഫാത്തിമ എഴുതിയത്.
മകൾ മീരയുടെ സ്കൂൾ ഫങ്ഷനിൽ ഫാത്തിമ അതിഥിയായി എത്തിയതിന്റെ വീഡിയോകളും മീരയുടെ മരണശേഷം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഖുശ്ബു അടക്കം സിനിമാ ലോകത്ത് നിന്നും നിരവധി പേർ വിജയ് ആന്റണിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും മറ്റുമായി ചെന്നൈയിലെ വസതിയിൽ എത്തിച്ചേർന്നിട്ടുണ്ട്. മീരയുടെ മരണത്തില്‍ ഒട്ടേറെയാളുകളാണ് അനുശോചനം രേഖപ്പെടുത്തുന്നത്. വളരെ ഞെട്ടിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണ് മീരയുടെ മരണമെന്ന് നടന്‍ ശരത്കുമാര്‍ കുറിച്ചു.
ആശ്വാസവാക്കുകളോ അനുശോചനങ്ങളോ വിജയ് ആന്റണിയുടെയും ഭാര്യ ഫാത്തിമയുടെയും ദുഖത്തിന് പകരമാകില്ല. അഗാധമായ ഈ നഷ്ടത്തെ അതിജീവിക്കാന്‍ ദൈവം കുടുംബത്തിന് ശക്തി നല്‍കട്ടേയെന്നും ശരത്കുമാര്‍ കൂട്ടിച്ചേര്‍ത്തു. സംവിധായകരായ കാര്‍ത്തിക് സുബ്ബുരാജ്, വെങ്കട് പ്രഭു തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.


Click it and Unblock the Notifications











