താരങ്ങൾ ഉയർന്ന പ്രതിഫലം പറയുന്നു: വേതനത്തിന്റെ കാര്യത്തില്‍ നമുക്കൊന്നും ചെയ്യാൻ സാധിക്കില്ലെന്ന് വിജയ് ബാബു
സിനിമയുമായി ബന്ധപ്പെട്ട് അതിന്റെ ബജറ്റും താരങ്ങളുടെ പ്രതിഫലവുമടക്കം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്ന പ്രധാന സംഭവങ്ങള്‍ നിരവധിയാണ്. സൂപ്പര്‍താരങ്ങളടക്കം ഒരു സിനിമയ്ക്ക് വേണ്ടി കോടികളാണ് പ്രതിഫലമായി വാങ്ങിക്കുന്നത്. അതിഥി വേഷത്തില്‍ വന്ന് പോകുന്നതിന് വേണ്ടി നടിമാര്‍ പോലും കോടികള്‍ വാങ്ങിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് പലപ്പോഴായി വരാറുണ്ട്.
അത്തരത്തില്‍ സിനിമാ മേഖലയില്‍ ചര്‍ച്ചയാവുന്ന അഭിനേതാക്കളുടെ പ്രതിഫലത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടനും നിര്‍മാതാവുമായ വിജയ് ബാബു. നിര്‍മാതാക്കള്‍ക്ക് വലിയ തലവേദനയാകുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് നടി-നടന്മാരുടെ പ്രതിഫലമാണെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വിജയ് ബാബു വെളിപ്പെടുത്തിയിരിക്കുന്നത്.

'താരങ്ങളുടെ പതിഫലത്തിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. 2010 ലൊക്കെ സാറ്റലൈറ്റ് ബും വന്നിരുന്നു. അതിന് മുന്‍പ് കേരളത്തിലെ അഭിനേതാക്കള്‍ വളരെ നോര്‍മലായിട്ടുള്ള ശമ്പളം ആയിരുന്നു വാങ്ങിയിരുന്നത്. സാറ്റലൈറ്റ് ബും വരുമ്പോള്‍ റവന്യു സ്ട്രീം വരികയാണ്. അപ്പോള്‍ എനിക്ക് ഇത്ര റേറ്റ് ഉണ്ട് എന്നുള്ള രീതിയില്‍ നടിനടന്മാര്‍ പ്രതിഫലം കൂട്ടി.
സാറ്റലൈറ്റ് ബൂം കഴിഞ്ഞപ്പോള്‍ ഒടിടി വന്നു. അതുകൂടെ ആയപ്പോള്‍ വേറൊരു സ്ട്രീം വരുന്നു. പിന്നെ ബോക്‌സോഫീസ്. എനിക്ക് ഇത്രയും സാറ്റലൈറ്റ് അല്ലെങ്കില്‍ ഒടിടി ഉണ്ടെന്ന് പറഞ്ഞ് വീണ്ടും ശമ്പളം ഉയര്‍ത്തുന്നു. പക്ഷേ ഇപ്പോള്‍ രണ്ടും കൈവിട്ടു. ഈ ഉയര്‍ന്ന ശമ്പളം അങ്ങനെ നില്‍ക്കുന്നുണ്ട്. പക്ഷേ ഒടിടിയും സാറ്റലൈറ്റും ചവിട്ടി. അത് ഭയങ്കര പ്രശ്‌നത്തിലേക്കാണ് പോയി കൊണ്ടിരിക്കുന്നതെന്നും' വിജയ് ബാബു പറയുന്നു.
മാത്രമല്ല ഇനി മലയാള സിനിമയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെ പറ്റിയും വിജയ് ബാബു സൂചിപ്പിച്ചു. 'ഇനി സംഭവിക്കാന്‍ പോകുന്നത് മീഡിയം, സ്മാള്‍ സൈസ് സിനിമകള്‍ ഉണ്ടാകില്ല. മലയാളത്തിന്റെ ഐഡന്റിറ്റി ആയിരുന്നു നല്ല കഥകളും, മീഡിയം സൈസിലുള്ള സിനിമകളും. ആ ഐഡിന്റിറ്റി പതിയെ മാറി കൊണ്ടിരിക്കയാണ്.
ഇനി പാന്‍ ഇന്ത്യന്‍ സിനിമകളോട് നമ്മള്‍ മത്സരിക്കും. തമിഴിലും തെലുങ്കിലും പണ്ട് ഉണ്ടായിരുന്ന തട്ട് പൊളിപ്പന്‍ മാസ് മസാല പടങ്ങളിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ആ പടങ്ങള്‍ക്ക് ഉള്ള തിയറ്ററേ ഉണ്ടാകൂ. മുന്‍പ് വിജയ്, അജിത്ത്, രജനി സാര്‍, അല്ലു അര്‍ജുന്‍ പടങ്ങളൊക്കെയാണ് മലയാള സിനിമ പോലെ റിലീസ് നടന്നു കൊണ്ടിരുന്നത്. ബാഹുബലിയ്ക്ക് ശേഷം അതല്ല. ഈ ക്രിസ്മസിന് ഒരൊറ്റ മലയാളം പടം മാത്രമാണ് റിലീസ് ചെയ്ത്.

മഴയും നോമ്പും സ്‌കൂളും സ്‌കൂള്‍ ഓപ്പണിങ്ങുമൊക്കെ കഴിഞ്ഞ് കിട്ടുന്നത് ഒരു മുപ്പത്തി എട്ട് ആഴ്ചയാണ്. ഈ 38 ആഴ്ചയില്‍ പണ്ട് അജിത്ത്, വിജയ് പടങ്ങളൊക്കെ കഴിഞ്ഞ് നമുക്ക് കിട്ടിക്കൊണ്ടിരുന്നത് മുപ്പത്തിരണ്ടെണ്ണമാണ്. ഈ ആഴ്ചയില്‍ വേണം 200 പടങ്ങളിറക്കാന്‍. കഴിഞ്ഞ വര്‍ഷം ഇറങ്ങിയത് 225 സിനിമകള്‍.
പാന്‍ സൗത്ത്, പാന്‍ ഇന്ത്യന്‍ പടങ്ങളുടെ ഒരു ഇന്‍ഫ്‌ലുവന്‍സ് കഴിയുമ്പോള്‍ മലയാള സിനിമയ്ക്ക് കിട്ടുന്നത് ഇരുപത്തി അഞ്ച് ആഴ്ചയാണ്. ഒരാഴ്ച പത്ത് സിനിമകളൊക്കെയാണ് വരുന്നത്. കൊവിഡിന് മുന്‍പ് ഷൂട്ട് ചെയ്ത പടങ്ങള്‍ വരെ ഇപ്പോഴും റിലീസ് ചെയ്യാനുണ്ട്. ഇതിറങ്ങി തീരണ്ടേ. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ നിര്‍മാണ ചെലവിന്റെ പത്ത് ശതമാനം പോലും എഴുപത് ശതമാനം സിനിമകളും നേടിയിട്ടില്ല.
പിന്നെ നമുക്ക് ഇരുപത് കമേഷ്യല്‍ ഹീറോസും ഹീറോയിന്‍സുമുണ്ട്. ഇവര്‍ ഒരു വര്‍ഷത്തില്‍ നാല് പടം വച്ച് ചെയ്യുന്നവരാണ്. അപ്പോള്‍ തന്നെ എണ്‍പതായോ', എന്നും വിജയ് ബാബു പറയുന്നു. അത്തരത്തില്‍ സിനിമാ മേഖലയിലെ നിര്‍മാണമടക്കം പല പ്രതിസന്ധിയിലേക്കും എത്തുമെന്നും നിര്‍മാതാവ് സൂചിപ്പിച്ചിരിക്കുകയാണ്.


Click it and Unblock the Notifications











