'കണ്ണിൽ നോക്കി സംസാരിക്കാനാണ് ഞാൻ പ്രണവിനോട് ആവശ്യപ്പെട്ടത്, ആ ഫീൽ അവനും കിട്ടി, പ്രത്യേക സ്നേഹമുണ്ട്'
തുടക്കത്തിൽ വലിയ രീതിയിൽ വിമർശനവും ട്രോളും ഏറ്റ് വാങ്ങേണ്ടി വന്നുവെങ്കിലും ഡീയസ് ഈറേയുടെ ട്രെയിലർ കണ്ടശേഷം പ്രണവ് മോഹൻലാലിന്റെ അഭിനയ മികവ് കണ്ട് അത്ഭുതപ്പെടുകയാണ് പ്രേക്ഷകർ. ഞൊടിയിടയിൽ മിന്നി മായുന്ന പ്രണവിന്റെ ഭാവങ്ങൾ ആരെയും അതിശയിപ്പിക്കും. പണിയറിയാവുന്ന ആളുകളുടെ കയ്യിൽ കിട്ടിയാൽ വിസ്മയിപ്പിക്കുന്ന പ്രകടനം പ്രണവിന് സാധ്യമാണെന്നത് നേരത്തെ മുതൽ ആരാധകർ പറയാറുള്ള ഒന്നാണ്. ഇതുവരെ താരപുത്രൻ ചെയ്തതിൽ ഹിറ്റായ സിനിമകളിൽ ഒന്ന് ഹൃദയമാണ്. സിനിമയിൽ പ്രണവിനൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണിപ്പോൾ വിജയരാഘവൻ.
അച്ഛന്റെ സുഹൃത്തെന്ന രീതിയിൽ തന്നോട് ബഹുമാനം കലർന്ന അകൽച്ചയായിരുന്നു പ്രണവിന് തുടക്കത്തിലെന്നും താൻ തന്നെയാണ് അത് മാറ്റിയെടുത്തതെന്നും വിജയരാഘവൻ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ദേശാടനത്തിലെ കഥാപാത്രം കിട്ടിയപ്പോൾ ഞാൻ ഇതെങ്ങനെ ചെയ്യും എനിക്ക് പറ്റുമോ എന്നതായിരുന്നു എനിക്ക് ആദ്യം തോന്നിയ വികാരം.

ഇരുത്തം വന്ന ആളായിരിക്കണം, നമ്പൂതിരിയാണ്... പെരുമാറ്റത്തിലും അംഗവിക്ഷേപങ്ങളിലും ഒരു മാറ്റം വരും. നടത്തത്തിൽ അടക്കം അത് ഞാൻ ശ്രദ്ധിക്കും. അങ്ങനെയാണ് ഞാൻ കഥാപാത്രങ്ങളെ സമീപിക്കുന്നത്. ആ കഥപാത്രത്തിന്റെ മാനസീകാവസ്ഥയിൽ നിന്ന് ചിന്തിക്കും. കാണിക്കാൻ വേണ്ടി കാണിക്കുമ്പോൾ കാണിക്കലായി മാറും. മേലേപറമ്പിൽ ആൺവീടും ദേശാടനവും ഒരേ സമയത്ത് അഭിനയിച്ച സിനിമകളാണ്.
ടെക്നോളജികൾ നിരവധി പുതുതായി വന്നപ്പോഴുള്ള മാറ്റം സിനിമയിലുണ്ട്. മേലേപറമ്പിൽ ആൺവീട് ചെയ്യുന്ന സമയത്ത് കാരവാൻ സമ്പ്രദായമില്ല. ഷോട്ട് കഴിഞ്ഞാൽ മരത്തിന്റെ ചുവട്ടിലിരുന്ന് എല്ലാവരും സംസാരിക്കും തമാശ പറയും. അല്ലാതെ ഞാൻ വന്ന് എന്റെ ഡയലോഗ് പറഞ്ഞ് പോവുകയായിരുന്നില്ല. അഭിനയം മനസുകൊണ്ട് ചെയ്യേണ്ട കാര്യമാണ്. കഥാപാത്രത്തിന്റെ അവസ്ഥ നമ്മളിൽ ഉണ്ടാവണം. ഞാൻ ഒരു അച്ഛൻ കഥാപാത്രമാണ് ചെയ്യുന്നതെങ്കിൽ മകനായി അഭിനയിക്കുന്ന വ്യക്തിയെ മോനെയെന്ന് വിളിക്കാൻ പറ്റണം.
വേണു, തിലകൻ ചേട്ടൻ, ഗോപി ചേട്ടൻ ഇവർക്കൊക്കെ ഒപ്പം അഭിനയിക്കാൻ വളരെ രസമായിരുന്നു. ജനാദ്ദനൻ ചേട്ടനാണെങ്കിലും പരിചയക്കാരും അടുപ്പമുള്ളവരുമായതുതൊണ്ട് അഭിനയിക്കാൻ കൂടുതൽ എളുപ്പമാണ്. പിന്നെ ഇപ്പോഴത്തെ പുതിയ പിള്ളേർക്കൊപ്പം അഭിനയിക്കുമ്പോഴും എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. അവർക്ക് ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാകുമായിരിക്കും. അതുകൊണ്ട് തന്നെ അവർക്ക് കാര്യങ്ങൾ ഈസിയാകാൻ ഞാൻ അവരുമായി കമ്പനിയാകും.
വിനീതിന്റെ ഹൃദയം സിനിമയിൽ മോഹൻലാലിന്റെ മകനായിരുന്നല്ലോ അഭിനയിച്ചത്. പുള്ളി വന്നപ്പോൾ മുതൽ അങ്കിൾ എന്നൊക്കെ വിളിച്ച് അച്ഛന്റെ ഫ്രണ്ടെന്ന ബഹുമാനമൊക്കെ തന്നാണ് നിന്നിരുന്നത്. പക്ഷെ എനിക്ക് അത് ഉൾക്കൊള്ളാൻ പറ്റുന്നില്ലായിരുന്നു. ആ സിനിമയിൽ മകനെ ട്രെയിൻ കേറ്റി വിടുന്ന ഒരു സീനുണ്ട്.

അതിന് മുമ്പ് ഒരു സംഭാഷണമുണ്ട്. നീ വിഷമിക്കേണ്ട എപ്പോഴും അച്ഛൻ കൂടെയുണ്ടാകും. നീ കള്ള് കുടിക്കരുത്. കുടിച്ചാലും കുഴപ്പമില്ല. പക്ഷെ കള്ളം പറരുത് എന്നുള്ള തരത്തിലുള്ള ഡയലോഗാണ്. അൽപ്പം മദ്യപാനമൊക്കെയുള്ള മകന്റെ കഥാപാത്രമാണ് പ്രണവിന്റേത്. മാത്രമല്ല നിനക്ക് നാണക്കേടില്ലെങ്കിൽ നിന്നെ ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെയെന്നും എന്റെ കഥാപാത്രം ചോദിക്കുന്നുണ്ട്. ആ സീൻ ഞങ്ങൾ ചെയ്ത് കഴിഞ്ഞപ്പോൾ വിനീത് സന്തോഷം പ്രകടിപ്പിച്ച് തുള്ളുകയായിരുന്നു. ആ സീനിന് മുമ്പ് അപ്പു അവിടെ മാറി നിൽക്കുകയായിരുന്നു.
ഞാൻ അടുത്ത് ചെന്ന് സിഗരറ്റുണ്ടോയെന്ന് ചോദിച്ചു. അസിസ്റ്റന്റിന്റെ കയ്യിൽ നിന്നും അപ്പു വാങ്ങി തന്നു. ഞാൻ സത്യത്തിൽ സിഗരറ്റ് വലിക്കുന്നയാളല്ല. അവൻ വലിച്ചില്ല. ഞാൻ അവിടെ നിന്ന് സിഗരറ്റ് വലിച്ച് അപ്പുവിനോട് കുറേനേരം സംസാരിച്ചു. സംസാരിക്കുമ്പോൾ കണ്ണിൽ നോക്കി സംസാരിക്കണം. ഞാൻ ഡയലോഗ് പറയുമ്പോൾ കണ്ണിൽ നോക്കണമെന്നും അപ്പുവിനോട് പറഞ്ഞു.
പിന്നെ അവൻ അത് ഫോളോ ചെയ്തു. അപ്പോൾ അവനെ എന്റെ മോനായി തന്നെ എനിക്ക് തോന്നി. പിന്നെ അല്ലാതെയും ലാലിന്റെ മോനോടും മമ്മൂസിന്റെ മോനോടും വിനീതിനോടുമെല്ലാം നമ്മുടെ കുട്ടി എന്ന തോന്നലും വേറൊരു തരത്തിൽ ഒരു സ്നേഹം കൂടിയുമുണ്ട്.
എന്റെ കണ്ണിൽ നോക്കി ഡയലോഗ് പറഞ്ഞ് തുടങ്ങിയപ്പോൾ പ്രണവിനും ഫീൽ വന്നു. പിറ്റേദിവസം മുതൽ പ്രണവിന് വലിയൊരു മാറ്റമായിരുന്നു അഭിനയത്തിൽ. യുവതാരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ അവർക്കെന്തും പറയാനുള്ള ഫ്രീഡം ഞാൻ കൊടുക്കാറുണ്ടെന്നും വിജയരാഘവൻ പറയുന്നു.


Click it and Unblock the Notifications











