ഫേസ്ബുക്കിലൂടെ വധുവിനെ കണ്ടെത്താനൊരുങ്ങി നടന്‍ വിജിലേഷ്! ഈ തീരുമാനത്തിന് പിന്നിലൊരു കാരണമുണ്ട്
വിവാഹം പല വിധത്തിലും നടത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വധുവിനെ കണ്ടെത്താന്‍ ആരും ഉപയോഗിക്കാത്ത രീതികള്‍ പരീക്ഷിക്കുന്നവരെ കുറിച്ച് കൂടുതല്‍ പുറത്ത് വരുന്നതേയുള്ളു. നേരത്തെ തമിഴ് നടന്‍ ആര്യ വധുവിനെ കണ്ടെത്താന്‍ റിയാലിറ്റി ഷോ വരെ നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഷോ യിലൂടെ പെണ്‍കുട്ടിയെ കണ്ടെത്തിയില്ലെങ്കിലും അദ്ദേഹം നടിയെ തന്നെ വിവാഹം കഴിച്ചു.
ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ ഭാവി വധുവിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് നടന്‍ വിജിലേഷ്. താരത്തിന്റെ പോസ്റ്റ് അതിവേഗമാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്. ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ സത്യമെന്താണെന്ന് മനോരമ ഓണ്‍ലൈനോട് വിജിലേഷ് പറഞ്ഞിരിക്കുകയാണ്.

സിനിമയും അഭിനയവും ആയി തിരക്കില്‍ ആയി പോയത് കൊണ്ട് വിവാഹത്തെ പറ്റി ആലോചിക്കാന്‍ സമയം കിട്ടിയില്ല. വീട്ടില്‍ നിന്ന് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ നിര്‍ബന്ധവും തുടങ്ങി. ഫേസ്ബുക്ക് വഴി ആകുമ്പോള്‍ ഒരുപാട് പേര്‍ കാണുമല്ലോ. അതുവഴി നല്ല ആലോചനകള്‍ വരുമെന്ന പ്രതീക്ഷയില്‍ പരീക്ഷിച്ചതാണ്.

ഒരു ബ്രോക്കര്‍ വഴി വിവാഹാലോചന നടത്തുമ്പോള്‍ ആദ്യം ചോദിക്കു ചെറുക്കന് എന്താ ജോലി എന്നാണ്. സിനിമയില്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് താല്‍പര്യമില്ല. സ്ഥിരമായ വരുമാനം ഇല്ലെന്നാണ് അവര്‍ ഒരു പ്രശ്‌നമായി പറയുക. പിന്നെ സിനിമാക്കാരനാണെന്ന് പറയുമ്പോള്‍ കള്ളുകുടിയും കഞ്ചാവ് വലിയും ഒക്കെ ഉണ്ടാവുമെന്ന് പലര്‍ക്കും തെറ്റിദ്ധാരണ ഉണ്ട്.

സിനിമ വളരെ മോശം ഫീല്‍ഡ് ആണെന്ന് ചിന്തിക്കുന്നവരുണ്ട്. എല്ലാവരുടെയും ചിന്ത ഇതാണെന്നല്ല. എന്നാല്‍ പലര്‍ക്കും ഇത്തരം തെറ്റിദ്ധാരണകളുണ്ട്. എന്റെ ചില സുഹൃത്തുകള്‍ വിവാഹാലോചന നടത്തിയ സമയത്ത് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതായി പറഞ്ഞ് കേട്ടിട്ടുണ്ട്. എന്തായാലും അങ്ങനെ വിചാരിക്കുന്നവരുടെ ധാരണ തിരുത്താന്‍ വേണ്ടി കൂടിയാണ് ഇങ്ങനെ വിവാഹാലോചന നടത്തിയത്. എന്റെ ഫീല്‍ഡിനെ കുറിച്ച് അറിഞ്ഞ് വരുന്നവര്‍ ആകുമ്പോള്‍ തെറ്റിദ്ധാരണ ഉണ്ടാകില്ലല്ലോ.

എല്ലാ ഫീല്‍ഡിലും നല്ലവരും മോശക്കാരും കാണും. എത്രയോ ആളുകള്‍ കുടുംബം പോറ്റുന്ന മേഖലയാണ് സിനിമ. എനിക്ക് വലിയ സങ്കല്‍പ്പങ്ങള്‍ ഒന്നുമില്ല. എന്റെ ഫീല്‍ഡ് മനസിലാക്കുന്ന ഒരു പെണ്‍കുട്ടി ആകണം. കലാബോധമുള്ള കുട്ടിയാണെങ്കില്‍ സന്തോഷം. വീട്ടില്‍ അച്ഛനും അമ്മയും ഏട്ടനുമാണ് ഉള്ളത്. ഏട്ടന്റെ വിവാഹം കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന് കൂലി പണിയാണ്. പെണ്ണന്വേഷിച്ച് പോകുമ്പോള്‍ ഇതെല്ലാം പ്രശ്‌നങ്ങളായി പറയുമെന്നും വിജിലേഷ് പറയുന്നു.

ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു. ആരെങ്കിലും വന്നു ചേരുമെന്ന എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചു കൊണ്ടിരിക്കുന്നത്. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ. എന്നുമായിരുന്നു ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ വിജിലേഷ് പറഞ്ഞത്.


Click it and Unblock the Notifications