'19 വർഷം മുമ്പ് പ്രണയിച്ച് തുടങ്ങി, തികച്ചും വ്യത്യസ്തരായ രണ്ടുപേര്‍ എങ്ങനെ ഒന്നിച്ചുവെന്നത് അത്ഭുതം'; വിനീത്
മലയാള സിനിമയുടെ വിവിധ മേഖലകളിലായി തന്റേതായ ഇടം നേടിയെടുത്ത താരമാണ് വിനീത് ശ്രീനിവാസന്‍. അഭിനേതാവായും സംവിധായകനായും പാട്ടുകാരനായുമൊക്കെ വിനീത് മലയാളികളുടെ പ്രിയങ്കരനാണ്. അച്ഛൻ ശ്രീനിവാസന്റെ സഹായം ഇല്ലാതെ തന്നെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഹേറ്റേഴ്സ് ഇല്ലാത്ത നടൻ എന്ന ടൈറ്റിലും വിനീതിന് സ്വന്തമാണ്.
കുടുംബവുമായി വളരെ അടുത്ത് നിൽക്കുന്നയാളാണ് വിനീത്. ഷൂട്ടിങിനിടെ വളരെ ചെറിയ ഇടവേള കിട്ടിയാൽ പോലും വിനീത് ഫൈറ്റ് പിടിച്ച് ചെന്നൈയിലെ വീട്ടിലേക്ക് എത്തും. വിനീതിനെപോലെ തന്നെ ഭാര്യ ദിവ്യയും സംഗീതത്തിൽ പ്രിയമുള്ളയാളാണ്.

അടുത്തിടെ ദിവ്യയുടെ പാട്ട് പുറത്തിറങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റേയും ദിവ്യയുടേയും പ്രണയത്തെ കുറിച്ച് വിവരിച്ച് വിനീത് ശ്രീനിവാസൻ സോഷ്യൽമീഡിയയിൽ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. ആനിവേഴ്സറി സ്പെഷ്യലായിരുന്നു വിനീതിന്റെ പോസ്റ്റ്. താരങ്ങളും ആരാധകരുമെല്ലാം പോസ്റ്റിന് താഴെയായി ഇരുവർക്കും ആശംസകൾ അറിയിച്ചെത്തിയിട്ടുണ്ട്.
ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. '19 വര്‍ഷം മുന്‍പുള്ള മാര്‍ച്ച് 31നാണ് ഞങ്ങള്‍ പ്രണയിച്ച് തുടങ്ങിയത്. എന്റെ ജീവിതത്തിലെ എല്ലാ ഓര്‍മ്മകളും പ്രധാന സംഭവങ്ങളുമെല്ലാം ദിവ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ടീനേജ് കാലത്താണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ആ ബന്ധം വിവാഹത്തിലെത്തി.'
'പിന്നീടിങ്ങോട്ട് ഞങ്ങള്‍ എപ്പോഴും ഒന്നിച്ചാണ്. തികച്ചും വ്യത്യസ്തരായ രണ്ടുപേര്‍ എങ്ങനെ ഒന്നിച്ചു എന്നത് അത്ഭുതം തന്നെയാണ്. പൊതുവെ ശാന്തതയും സൈലന്‍സുമാണ് എനിക്കിഷ്ടം. ബഹളവും ശബ്ദവും ഇഷ്ടപ്പെടുന്നയാളാണ് ദിവ്യ. ദിവ്യ വെജിറ്റേറിയനാണ്. നോണ്‍ വെജില്ലാതെ ഒരു ദിവസം പോലും ആലോചിക്കാന്‍ പറ്റാത്ത ആളാണ് ഞാന്‍. എല്ലാത്തിനും അടുക്കും ചിട്ടയുമുള്ള വ്യക്തിയാണ് ദിവ്യ ഞാന്‍ നേരെ തിരിച്ചും.'
'തമാശയും ഫീല്‍ ഗുഡ് സിനിമകളും കാണാനാണ് എനിക്കിഷ്ടം. ചില രാത്രികളില്‍ ഞാന്‍ ഉറക്കം വരുത്താനായി ശ്രമിക്കുന്നത് കാണുമ്പോള്‍ സ്ട്രസൊക്കെ മാറ്റി വെച്ചു ഉറങ്ങൂവെന്ന് അവള്‍ എന്നോട് പറയാറുണ്ട്. എനിക്ക് ഉറക്കം വരുന്നില്ലെന്ന് നീ എങ്ങനെ മനസിലാക്കിയെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ശരിക്കും ഉറങ്ങുമ്പോഴുള്ള ശ്വാസമിടിപ്പ് ഇങ്ങനെയല്ലെന്നായിരുന്നു മറുപടി.'

'ചെറിയ കാര്യങ്ങള്‍ പോലും സസൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട് ദിവ്യ. ഹാപ്പി ആനിവേഴ്‌സറി ദിവ്യ' എന്നായിരുന്നു വിനീതിന്റെ കുറിപ്പ്. ദീപ്തി വിധുപ്രതാപ്, ശരണ്യ ആനന്ദ്, അശ്വതി ശ്രീകാന്ത്, ഗിരിഷ് നമ്പ്യാര്‍, രഞ്ജിനി ജോസ്, കലേഷ് രാമാനന്ദ്, ബിജു ധ്വനിതരംഗ്, ആര്‍ ജെ മാത്തുക്കുട്ടി, ഐമ റോസ്മി ഇവരെല്ലാം ഇരുവർക്കും ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.
ഇരുവർക്കും രണ്ട് മക്കളാണുള്ളത്. അടുത്തിടെ ദിവ്യ ഹൃദയം സിനിമയ്ക്ക് വേണ്ടി പാടിയ ഉണക്കമുന്തിരി പാട്ട് വൈറലായിരുന്നു. വിനീതിന്റെ ഭാര്യ ദിവ്യയാണ് പാടിയത് എന്ന കാര്യം വിശ്വസിക്കാൻ പറ്റുന്നില്ലെന്നാണ് പലരും കമന്റായി കുറിച്ചത്. ദിവ്യയെ ആദ്യമായി പരിചയപപ്പെട്ട കഥയും പലപ്പോഴായി വിനീത് പങ്കുവെച്ചിട്ടുണ്ട്.
റാഗിങ്ങിനിടയില്‍ വിനീതിന്റെ സുഹൃത്തുക്കള്‍ ദിവ്യയെ കൊണ്ട് പാട്ട് പാടിപ്പിച്ചിരുന്നു. മലയാളത്തില്‍ പാടാനായിരുന്നു പറഞ്ഞത്. മലയാളിയാണെങ്കിലും ചെന്നൈയില്‍ വളര്‍ന്നതിനാല്‍ മലയാളം പാട്ടുകളൊന്നും അറിയില്ലായിരുന്നു. ഇവന്‍ പാടിത്തരുമെന്ന് പറഞ്ഞാണ് വിനീതിനെ അവര്‍ ദിവ്യയ്ക്ക് പരിചയപ്പെടുത്തിയത്. അങ്ങനെ തുടങ്ങിയ ബന്ധമാണ് പ്രണയമായി മാറിയത്.
സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് വിനീതും ദിവ്യയും. ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. മുപ്പത്തിയെട്ടുകാരനായ വിനീതിന്റെ വിവാഹം 2012ലായിരുന്നു. ഏറ്റവും അവസാനം റിലീസ് ചെയ്ത വിനീത് ശ്രീനിവാസൻ സിനിമ തങ്കമാണ്.


Click it and Unblock the Notifications