'എല്ലാവരും അവരവരുടെ കാഴ്ചപ്പാടാണ് പറഞ്ഞത്, സംഘടനയിൽ അഭിപ്രായ വ്യത്യാസമോ ഭിന്നതയോ ഉള്ളതായി തോന്നിയില്ല'

സിനിമാലോകത്തെ ഞെട്ടിച്ച് താരസംഘടനയായ അമ്മയിലെ മുഴുവൻ ഭാരവാഹികളും രാജിവെച്ചതും ഇതേ തുടർന്ന് ഉയർന്ന് വന്ന വിവിധ ചർച്ചകളുമാണ് കഴിഞ്ഞ രണ്ട് ദിവസമായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. പ്രസിഡന്റ് മോഹൻലാലിന് പുറമെ വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ തുടങ്ങിയവരും എക്സിക്യൂട്ടീവിലെ മറ്റ് അംഗങ്ങളുമാണ് രാജിവെച്ചത്. കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹൻ, ടൊവീനോ തോമസ്, സരയൂ, അൻസിബ, ജോമോൾ എന്നിവരാണ് രാജിവച്ച എക്സിക്യൂട്ടീവ് അംഗങ്ങൾ.

അമ്മ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് ഭരണ സമിതിയുടെ രാജിയെന്നാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പിൽ മോഹൻ‌ലാൽ പറഞ്ഞത്. അതേസമയം അമ്മ കൂട്ടരാജി തീരുമാനം തള്ളി എക്സിക്യുട്ടീവ് അംഗം സരയു മോഹൻ രം​ഗത്തെത്തിയിരുന്നു.

Actor Vinu Mohan

താൻ രാജിവെച്ചിട്ടില്ലെന്നും ഇപ്പോഴും നിർവാഹക സമിതി അംഗമാണെന്നും കോലാഹലങ്ങളിൽ താൽപര്യമില്ലാത്തത് കൊണ്ടാണ് മോഹൻലാൽ രാജിവെച്ചതെന്നുമാണ് സരയു മാധ്യമങ്ങളോട് പറഞ്ഞത്. വിവാദങ്ങൾ കത്തുന്ന സാഹചര്യത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഒരാളായിരുന്ന വിനു മോഹൻ വൺ ടു ടോക്ക് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജ​ഗദീഷ് അടക്കമുള്ളവരുടെ വാർത്താസമ്മേളനത്തെ കുറിച്ച് ചോദിച്ചപ്പോൾ എല്ലാവരും അവരവരുടെ കാഴ്ചപ്പാടാണ് പറഞ്ഞതെന്നും സംഘടനയിൽ അഭിപ്രായ വ്യത്യാസമോ ഭിന്നതയോ ഉള്ളതായി തോന്നിയിട്ടില്ലെന്നുമാണ് വിനു മോഹൻ പറഞ്ഞത്.

രാജിവെച്ചുവെന്നത് ശരിയാണ്. 506 അം​ഗങ്ങൾ തെരഞ്ഞെടുത്ത് വിട്ടയാൾക്കാരാണ് ഞങ്ങൾ. അതുകൊണ്ട് തന്നെ അവരോട് നമ്മൾ പറയേണ്ട കാര്യമുണ്ട്. അതുപോലെ സംഘടനയിൽ മെമ്പേഴ്സ് ആയിട്ടുള്ളവർ​ക്കുള്ള കൈനീട്ടം, ഇൻഷുറൻസ് എന്നീ കാര്യങ്ങൾ ഞങ്ങൾ‌ ചെയ്ത് കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് കമ്മിറ്റി പിരിഞ്ഞ് പോകുമ്പോൾ എന്താണ് സംഭവിക്കുക എന്ന കൺസേണായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്.

ശേഷം ഞങ്ങൾ ഓൺലൈൻ മീറ്റിങ് കൂടി കാര്യങ്ങൾ ചർച്ച ചെയ്തശേഷം മെജോറിറ്റിയുടെ തീരുമാനം അനുസരിച്ച് രാജിവെച്ചിട്ട് ജനറൽ ബോഡിയിൽ സംസാരിക്കാം എന്ന തീരുമാനത്തിലേക്ക് എത്തി. രാജിയിലേക്ക് പെട്ടന്ന് പോണോയെന്ന ചിന്ത വന്നിരുന്നു. പിന്നീട് ചർച്ച ചെയ്തശേഷം രാജി എന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു. ബാക്കിയുള്ള കാര്യങ്ങൾ ജനറൽ ബോഡിയുടെ തീരുമാനത്തിന് വിടാമെന്നാണ് ലാലേട്ടനും പറഞ്ഞത്.

രണ്ട് മാസത്തിനുള്ളിൽ ജനറൽ ബോഡി കൂടാനാണ് തീരുമാനം. എല്ലാവർക്കും വന്ന് എത്താൻ പറ്റണമല്ലോ. ജ​ഗദീഷേട്ടൻ അടക്കം എല്ലാവരും വാർത്താസമ്മേളനത്തിൽ അവരവരുടെ കാഴ്ചപ്പാടാണ് പറഞ്ഞത്. അല്ലാതെ അഭിപ്രായ വ്യത്യാസമോ ഭിന്നതയോ സംഘടനയിലുള്ളതായി ഞ​ങ്ങൾക്ക് തോന്നിയിട്ടില്ല. ആരോപണം വന്നാൽ അത് തെളിയിക്കപ്പെടണം. എല്ലാവരെയും പോലെ എന്റെയും അഭിപ്രായം അത് തന്നെയാണ്.

Actor Vinu Mohan

പ്രശ്നങ്ങളില്ലാത്ത മേഖലയില്ല. എല്ലായിടത്തും ഇത്തരത്തിലുള്ള ഒരുപാട് പ്രശ്നങ്ങളുണ്ട്. അതെല്ലാം കണ്ടെത്തി നമ്മുടെ സഹോദരിമാർ സുരക്ഷിതരായിക്കുക എന്നത് തന്നെയാണ് ചെയ്യേണ്ട ഒരു കാര്യം. പല കാസ്റ്റിങ് കോളും നമുക്ക് അറിയാൻ പറ്റുന്നില്ല. അങ്ങനെയൊരു സിനിമ വരുന്നുണ്ടോ എന്നുള്ള കാര്യങ്ങളൊന്നും അറിയില്ല. ഇതിനെല്ലാം ക്ലാരിറ്റി വേണം. എല്ലാവരും ഇതേ കുറിച്ച് വിശദമായി അന്വേഷിച്ചശേഷം വേണം പോകാൻ. വെറുതെ ആരോപണങ്ങൾ മാത്രം പുറത്ത് വന്ന് ആരോപണവിധേയരായവരെ മാനസീകമായി വിഷമിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകാതെ ഇതിന്റെ എല്ലാം സത്യാവസ്ഥ പുറത്ത് വരണം.

ആരോപണങ്ങൾ ഉണ്ടെങ്കിൽ കൃത്യമായ തെളിവുകളും പുറത്ത് വരണം. കാരണം സത്യം ഏതാണെന്നത് അറിയാനുള്ള അവകാശം നമുക്ക് എല്ലാവർക്കുമുണ്ട്. വനിതാ പ്രാതിനിധ്യം വേണോ അതോ ആരാണ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വരേണ്ടത് എന്നെല്ലാം തീരുമാനിക്കുന്നത് ജനറൽ ബോഡിയാണ്. ആ തീരുമാനത്തിനൊപ്പമാണ് ഞാനും നിൽക്കാൻ പോകുന്നത്.

എല്ലാം ജനറൽ സീറ്റുകളാണ്. നമുക്ക് ഒരു സംവരണത്തിന്റെ ആവശ്യമില്ലല്ലോ. നമ്മൾ ഇക്വാളിറ്റിയെ കുറിച്ച് സംസാരിക്കുന്ന സമയമല്ലേ ഇത്. അത്തരം സാഹചര്യത്തിൽ എന്തിനാണ് സംവരണം. നേതൃസ്ഥാനത്തേക്ക് വരുന്നവർ സംഘടനയെ മുന്നോട്ട് നയിക്കുന്നവരും അതിന് അനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നവരുമാകണം. പുതിയ ആളുകൾ നേതൃസ്ഥാനത്തേക്ക് വരുന്നതിനോടും യോജിക്കുന്നുവെന്നാണ് വിനു മോഹൻ അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X