സീരിയലുകാർ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കി, കാണിച്ച് തരാമെന്ന് പറഞ്ഞു; അനുഭവം പങ്കുവെച്ച് വിഷ്ണു പ്രസാദ്
സിനിമാ, സീരിയൽ രംഗത്ത് പരസ്പരം വേർതിരിവുണ്ടെന്ന് പല താരങ്ങളും ഇതിനോടകം സംസാരിച്ചിട്ടുണ്ട്. സീരിയലിൽ അഭിനയിച്ചത് കൊണ്ട് സിനിമയിൽ അവസരം ലഭിക്കാതിരിക്കുക, പ്രതിഫലത്തിലുള്ള പ്രശ്നങ്ങൾ തുടങ്ങിയവ അഭിനേതാക്കൾ സംസാരിക്കാറുണ്ട്. സീരയലിൽ അഭിനയിച്ചത് മൂലം സിനിമകളിൽ അവസരം കുറഞ്ഞതിനെ പറ്റി സ്വാസിക, ഷെല്ലി തുടങ്ങിയ തുടങ്ങിയ താരങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്.

സിനിമയുടെയും സീരിയലിന്റെയും ഡേറ്റുകൾ തമ്മിൽ ഒത്തു പോവാത്തതാണ് സീരിയൽ അഭിനേതാക്കളെ സിനിമകളിലേക്ക് കാസ്റ്റ് ചെയ്യാത്തതിന് കാരണമെന്നാണ് സ്വാസിക അടുത്തിടെ പറഞ്ഞത്. ഇപ്പോഴിതാ സമാന അനുഭവം പങ്കുവെച്ചിരിക്കുകയാണ് സീരിയലുകളിലൂടെ ശ്രദ്ധേയനായ നടൻ വിഷ്ണു പ്രസാദ്. റൺവേ എന്ന സിനിമയിൽ അഭിനയിക്കവെയുണ്ടായ പ്രശ്നത്തെക്കുറിച്ചാണ് വിഷ്ണു പ്രസാദ് സീരിയൽ ടുഡേയോട് സംസാരിച്ചത്.

'ഡിസംബറിൽ സിനിമ ചെയ്യാനിരിക്കുകയാണ്. സീരിയൽ ചെയ്യുന്നത് പ്രശ്നമാവുമോ എന്ന് അറിയില്ല. ഡേറ്റ് ക്ലാഷിന്റെ പ്രശ്നം വരും. സിനിമയിൽ രണ്ട് മാസം ആയിരിക്കും പറഞ്ഞിരിക്കുന്നത്. ലൊക്കേഷൻ കട്ടപ്പനയോ മറ്റോ ആയിരിക്കും. സീരിയലിന്റെ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമോ എറണാകുളമോ ആയിരിക്കും. ഫിക്സഡ് ആയ ഡേറ്റ് സീരിയലിൽ നിന്ന് കിട്ടും. സിനിമയിൽ ഒരു ആർട്ടിസ്റ്റിന് വയ്യ എന്ന് പറഞ്ഞാൽ നാളെ എടുക്കാം പാക്കപ്പ് എന്ന് പറയും. പക്ഷെ നമ്മൾ നാളത്തെ ഡേറ്റ് സീരിയലിന് കൊടുത്തിട്ടുണ്ടാവും'

'റൺവേ ചെയ്യുമ്പോഴും അങ്ങനെ ഒരു പ്രശ്നം ഉണ്ടായി. അന്നെടുക്കേണ്ട സീൻ തീർന്നില്ല. പിറ്റേ ദിവസത്തേക്ക് വെച്ചു. ഞാൻ പറഞ്ഞു ജോഷി സാറെ നാളെ സീരിയലിന് ഡേറ്റ് കൊടുത്തിരിക്കുകയാണെന്ന്'
'സീരിയലൊക്കെ ചെയ്തോണ്ടിരുന്നാൽ എങ്ങനെയാ, നമ്മൾ സിനിമ ചെയ്യുകയല്ലേ എന്ന് എന്നോട് ചോദിച്ചു. രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും അഡ്ജസ്റ്റ് ചെയ്യുന്നില്ല. ഞാൻ വെളുപ്പിനെ അഞ്ച് മണി ആയപ്പോൾ വീട്ടിൽ നിന്നറങ്ങി. കാരണം സീരിയലുകാർ രാവിലെ ആവുമ്പോൾ വണ്ടി അയക്കുമല്ലോ'

'ഞാൻ അവരുടെ അടുത്ത് എത്തിക്കോളാം എന്ന് പറഞ്ഞ് ഇറങ്ങി. അവരോട് ഉച്ച ആവുമ്പോൾ എത്താം എന്ന് പറഞ്ഞു. ഇവർ ആറ് മണി ആയപ്പോൾ വന്നു. ആഹാ എവിടെ പോയി എന്നൊക്കെ ചോദിച്ചു. ഇവിടെ ഇല്ലെന്ന് പറഞ്ഞപ്പോൾ, കാണിച്ച് തരാം എന്നൊക്കെ പറഞ്ഞ് സീരിയലുകാർ വീട്ടിൽ വെച്ച് ഉടക്കിയിട്ട് പോയി'
'ചേർത്തല ആയിരുന്നു സിനിമയുടെ ലൊക്കേഷൻ. സീരിയൽ എറണാകുളവും. എന്തുകൊണ്ടോ ദൈവം സഹായിച്ച് ജോഷി സർ വന്ന് ലൊക്കേഷൻ നോക്കിയപ്പോൾ ഈ ലൊക്കേഷൻ പറ്റില്ല, ഈ സീൻ പിന്നെ എടുക്കാം എന്ന് പറഞ്ഞു'

'എന്റെ ജീവൻ വീണു. ഞാൻ അവിടെ നിൽക്കുകയായിരുന്നു. എന്നെ വിളിപ്പിച്ചു. എന്താടാ നീ സീരിയലിന് പോവുന്നുണ്ടോ എന്ന് ചോദിച്ചു. പോകുന്നുണ്ടെന്ന് പറഞ്ഞു. എന്നാൽ നീ ചെല്ല് എന്ന് പറഞ്ഞു. പിന്നെ തിരിച്ച് എറണാകുളത്തേക്ക് വന്നു. ഭാഗ്യത്തിനാണ് ലൊക്കേഷൻ ഇഷ്ടപ്പെടാതായത്. അല്ലെങ്കിൽ അവിടെയും ഇവിടെയും അടി ആയേനെ. പൈസ മുടക്കി ഒരു പ്രൊജക്ട് ചെയ്യുമ്പോൾ ആർട്ടിസ്റ്റ് ഇല്ല എന്ന് പറയുന്ന ബുദ്ധിമുട്ട് ഉണ്ടല്ലോ,' വിഷ്ണു പ്രസാദ് പറഞ്ഞു.


Click it and Unblock the Notifications