കള്ളനാണെന്ന് പറഞ്ഞ് ട്രെയിനില്‍ നിന്നും പിടിച്ചു! കരഞ്ഞിട്ടും അവര്‍ വിട്ടില്ല; അനുഭവം പറഞ്ഞ് വിഷ്ണു
നടന്‍ എന്നതിലുപരി തിരക്കഥാകൃത്തായി തിളങ്ങിയിട്ടുള്ള വിഷ്ണു ഉണ്ണികൃഷ്ണന്‍ തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ സിനിമയിലൂടെ കാണിച്ചിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ്.
ട്രെയിനില്‍ വച്ച് കള്ളനാണെന്ന് കരുതി തന്നെ പിടിച്ചതിനെ കുറിച്ചായിരുന്നു വിഷ്ണു ഉണ്ണി കൃഷ്ണന്‍ പറഞ്ഞത്. സുഹൃത്തായ ബിബിന്‍ ജോര്‍ജിനൊപ്പം ഫളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ചെറിയ പ്രായത്തില്‍ കള്ളനായി ചിത്രീകരിക്കപ്പെട്ടതിനെ പറ്റി വിഷ്ണു വെളിപ്പെടുത്തിയത്.

അന്ന് സ്‌കൂളില്‍ നിന്നും കലോത്സവത്തില്‍ പങ്കെടുക്കാന്‍ കൊണ്ട് പോയി. എന്റെ ടീച്ചറിന്റെ ഭര്‍ത്താവിനൊപ്പമാണ് പോവുന്നത്. അദ്ദേഹം അടുത്തുള്ള മറ്റൊരു സ്‌കൂളിലെ അധ്യാപകനാണ്. ടീച്ചറിന് സമയമില്ലാത്തത് കൊണ്ട് എന്നെയും അവര്‍ക്കൊപ്പം വിട്ടതാണ്.
എനിക്ക് മിമിക്രി മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് അവരുടെ എല്ലാ പരിപാടിയും കഴിഞ്ഞ് എന്റെ ഐറ്റം തീരുന്നത് വരെ കാത്തിരിക്കുകയാണ് സാറും കുട്ടികളും. ഒടുവില്‍ എന്റെ ഐറ്റം കഴിഞ്ഞ് തിരികെ പോരുകയാണ്. ട്രെയിനിന് പോകാനുള്ളത് കൊണ്ട് റിസള്‍ട്ട് എന്തായി എന്നറിയാന്‍ കാത്തിരിക്കാനൊന്നും സമയം ഇല്ലായിരുന്നു. അന്ന് ഫസ്റ്റ് കിട്ടുന്ന കുട്ടികളുടെ ഫോട്ടോ മാത്രമേ എടുക്കുകയുള്ളു.
എന്തായാലും റിസള്‍ട്ട് അറിയാന്‍ നില്‍ക്കാതെ ഞങ്ങള്‍ തിരികെ പോന്നു. റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഒന്‍പത് മണി. ട്രെയിന്‍ രണ്ട് മണിക്കേ വരികയുള്ളു. അങ്ങനെ അവിടെ കാത്ത് നില്‍ക്കുമ്പോഴാണ് മിമിക്രിയില്‍ പങ്കെടുത്ത വേറൊരു കുട്ടി വരുന്നത്. അവനോട് റിസള്‍ട്ട് എന്തായി എന്ന് ചോദിച്ചപ്പോള്‍ ഒന്നാം സ്ഥാനം ഇരുപത്തിയൊന്നാം നമ്പറിനാണെന്ന് പറഞ്ഞു. നോക്കുമ്പോള്‍ അതെന്റെ നമ്പറാണ്.

അങ്ങനെയാണ് അതില്‍ വിജയിച്ചത് ഞാനാണെന്ന് അറിയുന്നത്. ഇതോടെ വലിയ സന്തോഷത്തോടെയാണ് ട്രെയിനില്‍ കയറുന്നത്. കാല് കുത്താന്‍ പോലും സ്ഥലമില്ലായിരുന്നു. ഒടുവില്‍ ഞാനും എന്റെ കൂട്ടുകാരനും കൂടെ വാതിലിന്റെ സൈഡിലായി സ്ഥലം കിട്ടി നിന്നു. ഇടയ്ക്ക് ഒരു പ്രായമുള്ള ആള് ഞങ്ങളെ തിക്കി ഞെരുക്കി ബാത്ത്‌റൂമിലേക്ക് പോയി. തിരികെയും അതുപോലെ പോയി. പെട്ടെന്ന് അദ്ദേഹമൊരു കരച്ചിലാണ്.
അദ്ദേഹത്തിന്റെ പേഴ്‌സ് ആരോ അടിച്ച് മാറ്റിയെന്ന് പറഞ്ഞാണ് കരയുന്നത്. ശേഷം അത് ഞാനാണെന്ന് പറഞ്ഞു. അന്നേ ബോഡി ഷെയിമിങ്ങിന്റെ ഏറ്റവും പീക്കായ സമയമാണ്. കേട്ടവരെല്ലാം എന്റെ നേരെ തിരിഞ്ഞു. ഇതോടെ ഞാനല്ല പേഴ്‌സ് എടുത്തതെന്നും ഞാനിങ്ങനെ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയാണെന്നുമൊക്കെ പറഞ്ഞു. സ്‌കൂളിന്റെ ഐഡിന്റിറ്റി കാര്‍ഡ് വരെ കാണിച്ച് കൊടുത്തു. എന്നിട്ടും അവര്‍ വിട്ടില്ല. എന്റെ കണ്ണൊക്കെ നിറഞ്ഞ് വരികയാണ്.
പക്ഷേ ആളുകള്‍ എന്റെ ശരീരം മൊത്തം പരിശോധിച്ചിട്ടും പേഴ്‌സ് കിട്ടിയില്ല. ഇവന്‍ ഒറ്റയ്ക്കാവില്ല, വേറെയും ആളുകളുണ്ടാവും. അതൊക്കെ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടാവുമെന്നൊക്കെ ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍ പേഴ്‌സ് അയാള്‍ ഇരുന്നിടത്ത് നിന്നും തിരികെ കിട്ടി. ഇതോടെ എന്നെ പിടിച്ച് നിര്‍ത്തിയവരൊക്കെ വിട്ടിട്ട് പോയി. രാവിലെ 5 മണിക്ക് ട്രെയിന്‍ തൃശൂര്‍ എത്തിയപ്പോള്‍ പത്രം വാങ്ങി. അതില്‍ എന്റെ മത്സരഫലം ഉണ്ടായിരുന്നു. അത് ഞാന്‍ അവരെ കാണിച്ച് കൊടുത്തിട്ടാണ് പോന്നതെന്നും വിഷ്ണു പറയുന്നു.


Click it and Unblock the Notifications











