'രൺവീറിനെ കോപ്പിയടിച്ചതല്ല, 2 വർഷം മുമ്പ് ഭാര്യയെടുത്ത ഫോട്ടോയാണ്, അവളാണ് സോഷ്യൽമീഡിയയിൽ ഇടാൻ പറഞ്ഞത്'; വിഷ്ണു
രാക്ഷസൻ, വെണ്ണില കബടി കുഴു തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലും ആരാധകരെ സമ്പാദിച്ച നടനാണ് തമിഴ് താരം വിഷ്ണു വിശാൽ. മുപ്പത്തിയെട്ടുകാരനായ വിഷ്ണു വിശാൽ തന്റെതായ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിലൂടെ എപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ള നടൻ കൂടിയാണ്.
താരത്തിന്റെ ആദ്യ വിവാഹ മോചനവും അതിന് ശേഷമുള്ള ജീവിതവും ശേഷം ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയെ വിവാഹം ചെയ്തതുമെല്ലാം വലിയ വാർത്തയായിരുന്നു.
എഫ്ഐആറിന്റെ വിജയത്തിന് ശേഷം വിഷ്ണു വിശാലിന്റെ പുതിയ സിനിമയായ ഗാട്ട ഗുസ്തി റിലീസിന് തയ്യാറെടുക്കുകയാണ്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായിക.
രൺവീർ സിങ് അടുത്തിടെ നഗ്നനായുള്ള ഫോട്ടോ പങ്കുവെച്ച ശേഷം വിഷ്ണു വിശാലും അർധ നഗ്നനായി ബെഡ്ഡിൽ കിടക്കുന്ന ചിത്രം പങ്കുവെച്ച് എത്തിയത് വലിയ വാർത്തയാവുകയും തമിഴ് നാട്ടിൽ നിന്നും വലിയ രീതിയിൽ വിഷ്ണുവിന് സൈബർ ആക്രമണം നേരിടേണ്ടതായും വന്നിരുന്നു.

ഇപ്പോഴിത ആ ഫോട്ടോ താൻ ആരെയും അനുകരിച്ച് എടുത്തതല്ലെന്നും രണ്ട് വർഷം മുമ്പ് ഭാര്യ ജ്വാല ഗുട്ട തന്നെയാണ് ആ ചിത്രം പകർത്തിയതെന്നും ഗാട്ട ഗുസ്തി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ വിഷ്ണു വിശാൽ വെളിപ്പെടുത്തിയിരിക്കുകയാണ്.
'ഹ്യൂമർ റോൾ ചെയ്യാൻ എനിക്ക് പേടിയാണ്. ഇമോഷണൽ റോൾ, സീരിയസ് റോൾ ഇവയെല്ലാം വേഗത്തിൽ ചെയ്യാൻ എനിക്ക് സാധിക്കും. ഹ്യൂമർ ചെയ്യുമ്പോൾ വളരെ ഏറെ ശ്രദ്ധ ആവശ്യമാണ്. ഒരു ശതമാനം പെർഫോമൻസ് കൂടിയാൽ തന്നെ ഓവറാക്ടിങാണെന്ന് ആളുകൾക്ക് തോന്നും.'

'ചിലപ്പോൾ ആരും ചിരിച്ചെന്നും വരില്ല. അതുകൊണ്ട് തന്നെ ഭയത്തോടെയാണ് കോമഡി ചെയ്യുന്നത്. മാത്രമല്ല രണ്ട്, മൂന്ന് ടേക്ക് എടുക്കുകയും ചെയ്യും. ഏതാണ് സംവിധായകന് ശരിയെന്ന് തോന്നുന്നത് അത് എഡിറ്റിങ് സമയത്ത് ഉപയോഗിക്കട്ടെയെന്ന് കരുതിയാണ് അങ്ങനെ ചെയ്യുന്നത്.'
'ഭാര്യ എപ്പോഴും തനിക്ക് താഴെയാണെന്ന് വിശ്വസിക്കുന്ന കഥാപാത്രമാണ് ഗാട്ട ഗുസ്തിയിലെ വീര എന്ന കഥാപാത്രം. ഞാൻ ആ ചിന്തിഗതിയുള്ള ആളല്ല. അതുകൊണ്ട് ആ റോൾ ചെയ്യാൻ കുറച്ച് കൂടി അധിക പരിശ്രമം ആവശ്യമായിരുന്നു.'

'കുറച്ച് നാൾ മുമ്പ് ചർച്ച ചെയ്യപ്പെട്ട അർധ നഗ്നനായുള്ള എന്റെ ഫോട്ടോ പകർത്തിയത് ഭാര്യയാണ്. അവളാണ് ആ ഫോട്ടോ എടുത്തശേഷം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാനും പറഞ്ഞത്. രണ്ട് വർഷം മുമ്പ് എന്റെ ഭാര്യ എടുത്തതാണ് ആ ഫോട്ടോ.'
'അല്ലാതെ രൺവീർ സിങ് ന്യൂഡ് ഫോട്ടോയിട്ട ശേഷം അത് അനുകരിച്ച് എടുത്തതല്ല. അന്ന് ഫോട്ടോ പകർത്തിയ ശേഷം പങ്കുവെക്കണമെന്ന് തോന്നിയില്ല. സ്വകാര്യതയുടെ ഭാഗമായി സൂക്ഷിക്കുകയായിരുന്നു. നമ്മുടെ സമൂഹം ഇതൊന്നും ശരിവെക്കില്ലെന്ന് അന്നേ എനിക്ക് അറിയാമായിരുന്നു.'

'പിന്നീടാണ് രൺവീർ സിങിന്റെ ഫോട്ടോ വന്നത്. അപ്പോൾ ഭാര്യയാണ് പറഞ്ഞത് ഈ ഫോട്ടോ പങ്കുവെക്കാൻ. സ്ത്രീകൾ വരെ ഇത്തരം ഫോട്ടോകൾ പരസ്യപ്പെടുത്തുന്നുണ്ടല്ലോ പിന്നെ എന്തുകൊണ്ടാണ് ചെയ്തുകൂട എന്നാണ് ഭാര്യ അന്ന് എന്നോട് ചോദിച്ചത്. അങ്ങനെയാണ് ആ ഫോട്ടോ പങ്കുവെച്ചത്.'
'ആ ഫോട്ടോ പങ്കുവെച്ചതിൽ എനിക്ക് പ്രശ്നമൊന്നും തോന്നിയില്ല. എന്ത് പബ്ലിഷ് ചെയ്യാമോ അതേ ഞാൻ ആ ഫോട്ടോയിൽ കാണിച്ചിട്ടുള്ളു. അതിൽ മോശമായി ഒന്നുമില്ലായിരുന്നു. എന്ത് തന്നെയായാലും ആളുകൾ നെഗറ്റീവ് കമന്റിടുമെന്ന് എനിക്ക് അറിയാമായിരുന്നു.'

'ആ ഫോട്ടോ വൈറലായപോലെ എന്റെ മറ്റൊരു ഫോട്ടോയും വൈറലായിട്ടില്ല. എന്റെ ഇമേജ് ബ്രേക്ക് ചെയ്യാനാണ് ഞാൻ ആ ഫോട്ടോ പങ്കുവെച്ചത്' വിഷ്ണു വിശാൽ പറഞ്ഞു. 2021ലാണ് വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായത്.
ഏറെ നാളായുള്ള പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്. ആദ്യ ഭാര്യ രജിനി നടരാജുമായി 2018ൽ വിഷ്ണു വിവാഹ മോചനം നേടിയിരുന്നു. ആദ്യ വിവാഹത്തിൽ പിറന്ന മകൻ വിഷ്ണുവിനൊപ്പമാണ് താമസം.


Click it and Unblock the Notifications











