ഹണിമൂണിനായി ഗ്രീസിലേക്ക്..., എല്ലാവരെയും കൂട്ടി മാത്രമല്ല യാത്ര പോവുന്നത്, ഹണിമൂൺ വിശേഷങ്ങളുമായി അഭി മുരളി!
സ്റ്റാർമാജിക്ക് റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് അഭി മുരളി. മോഡലിങ്, നൃത്തം, കളരി, അഭിനയം, ബോക്സിങ് തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച അഭി സോഷ്യൽമീഡിയയ്ക്കും പ്രിയങ്കരിയാണ്.
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അഭി വിവാഹിതയായത്. ഫോറിനറെ വിവാഹം കഴിക്കണമെന്ന് വലിയ ആഗ്രഹത്തിന്റെ പുറത്താണ് അഭി മുരളി കേരളം സന്ദർശിക്കാനും കളരി പഠിക്കാനുമായി എത്തി വിദേശി ഡിയാനെ പരിചയപ്പെട്ടത്. പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറിയതോടെ രണ്ടുപേരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി.
വിദേശത്തുള്ള ഡയാന്റെ മാതാപിതാക്കളെയും കുടുംബത്തെയും വീഡിയോ കോളിലൂടെയായാണ് അഭിയുടെ വീട്ടുകാര്‍ കണ്ടത്. കല്യാണം ഉറപ്പിച്ചതും വീഡിയോ കോളിലൂടെയായിരുന്നു. ഡയാനും സഹോദരിയും കൂടാതെ മൂന്നാമതൊരു കുഞ്ഞ് ജനിച്ചത് പോലെയാണ് തന്റെ ഭർത്താവിന്റെ വീട്ടുകാർ തന്നെ നോക്കുന്നതെന്നും അഭി മുരളി പറഞ്ഞിരുന്നു.

വിവാഹശേഷം അഭി ഭർത്താവിനൊപ്പം മസദോണിയയിലേക്ക് ചേക്കേറി. യുട്യൂബിലും സജീവമായ അഭി ഭർത്താവിന്റെയും അദ്ദേഹത്തിന്റെ സ്വദേശമായ മസദോണിയയിലേയും വിശേഷങ്ങൾ ദോശ ഈസ് ബിസി വിത്ത് ചട്നി എന്ന സ്വന്തം ചാനലിലൂടെ ആരാധകരിലേക്ക് എത്താറുണ്ട്.
അഭിക്കൊപ്പം കൂടിയ ശേഷം ഡയാനും മലയാളം മനസിലാക്കാനും കുറച്ച് സംസാരിക്കാനും തുടങ്ങി. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷത്തോട് അടുക്കാൻ പോവുകയാണെങ്കിലും അഭിക്ക് സ്ഥിരമായി ഭർത്താവിനൊപ്പം മസദോണിയയിൽ താമസിക്കാനുള്ള പേപ്പറുകൾ ശരിയായിട്ടില്ല. അഭിക്കുള്ളതുപോലെ തന്നെ ആരാധകർ ഡയാനുമുണ്ട്.
യാത്രകൾ ഏറെ ഇഷ്ടപ്പെടാറുള്ള ഇരുവരും ഹണിമൂൺ വ്ലോഗ് പങ്കിട്ട് എത്തിയിരിക്കുകയാണ് ഇപ്പോൾ. ഗ്രീസിലേക്കാണ് ഇരുവരും ഹണിമൂൺ പോയത്. ഇരുവരും മാത്രമായി ഒരു യാത്ര ആദ്യമായാണ് സംഭവിക്കുന്നത്. ഇതിന് മുമ്പ് നടത്തിയ യാത്രകളിലൊക്കെ ഡയാന്റെ കുടുംബമോ സുഹൃത്തുക്കളോ ഒക്കെ ഒപ്പമുണ്ടാകുമായിരുന്നു.
അതുകൊണ്ട് തന്നെ എല്ലാവരെയും കൂട്ടി മാത്രമാണോ എപ്പോഴും യാത്ര പോകാറ് എന്നുള്ള ചോദ്യം ആരാധകരിൽ നിന്നും വന്നിരുന്നു. അതിനുള്ള മറുപടി കൂടിയാണ് അഭിയുടെ ഹണിമൂൺ യാത്ര. 'ഞങ്ങളൊന്നിച്ചുള്ള ആദ്യത്തെ ട്രിപ്പാണ്. എല്ലാവരെയും കൂട്ടിയാണോ എല്ലാ സ്ഥലത്തും പോവുന്നതെന്ന് എപ്പോഴും പലരും ചോദിക്കാറുണ്ട്. എല്ലാവരും ഒന്നിച്ച് പോവേണ്ട സ്ഥലമാണെങ്കില്‍ അങ്ങനെ പോവാറുണ്ട്.'

'ഇതങ്ങനെയല്ല പപ്പയും മമ്മയും ആനുമെല്ലാം വെക്കേഷനിലാണ്. ഞങ്ങളാണ് ഒടുവിലായി ഇറങ്ങുന്നത്. കോഴിക്കോട് നിന്നും ഇങ്ങോട്ടേക്ക് വന്നതല്ലാതെ വേറെവിടേക്കും യാത്ര ചെയ്തിട്ടില്ല. ഹണിമൂണിനായി ഞങ്ങള്‍ ഗ്രീസിലേക്ക് പോവുകയാണ്.'
'ഇന്ത്യയില്‍ നിന്നും ഇങ്ങോട്ടേക്കുള്ള യാത്ര ഫ്‌ളൈറ്റിലാണ്. ഇതങ്ങനെയല്ല ഞങ്ങള്‍ കാറിലാണ് പോവുന്നത്. ഗ്രീസ് വിസ എനിക്ക് പെട്ടെന്ന് കിട്ടിയിരുന്നു. അഞ്ച് ദിവസം കൊണ്ട് എല്ലാം ശരിയായി. കാര്യങ്ങളെല്ലാം നല്ല ഈസിയായിരുന്നു. ഒരാഴ്ചത്തെ ട്രിപ്പാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്.'
'ഞങ്ങള്‍ എഞ്ചോയ് ചെയ്യുന്നതിനൊപ്പമായി കാഴ്ചകളെല്ലാം നിങ്ങളേയും കാണിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ വ്ലോഗ് ചെയ്യാനൊക്കെ ഇഷ്ടമാണ്. മടിയൊക്കെ കുറഞ്ഞുവരുന്നുണ്ടെന്നും അഭി മുരളി വീഡിയോയിൽ പറയുന്നു. ഷുഗറും താനും മാത്രമായുള്ള യാത്രയായതിനാല്‍ താൻ ഒരുപാട് എക്‌സൈറ്റഡാണെന്ന്', പറഞ്ഞാണ് അഭി വീഡിയോ അവസാനിപ്പിച്ചത്.


Click it and Unblock the Notifications