'ആദ്യ പ്രതിഫലം 2000 രൂപ, രാവിലെ എന്റെ കണ്ണ് തുറപ്പിക്കുന്നത് മോനാണ്, ബാലുവിന് പണ്ട് മുതൽ കുഞ്ഞുങ്ങളെ ഇഷ്ടമാണ്'
സൗന്ദര്യ മത്സരങ്ങളില്‍ നിരവധി ടൈറ്റിലുകള്‍ നേടിയിട്ടുള്ള ആളാണ് നടിയും മോഡലുമെല്ലാമായ എലീന കാതറിന്‍. മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ്, മിസ് സൗത്ത് ഇന്ത്യ എന്നിവയാണ് അവയില്‍ ചിലത്. എന്നാൽ എലീനയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മിടുക്കിയിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ മുതലാണ്. കുട്ടിക്കാലം മുതൽ എലീന കണ്ട സ്വപ്നമായിരുന്നു മോഡലിങ്. ആ സ്വപ്നത്തിലേക്ക് എത്താനും കൂടുതൽ പേജെന്റുകളിൽ പങ്കെടുക്കാനുമുള്ള ആത്മവിശ്വാസം എലീന സമ്പാദിച്ചത് മിടുക്കിയിലൂടെയാണ്.
മോഡലിങ്ങിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് സിനിമാ അവസരങ്ങൾ ലഭിച്ചത്. ഹായ് ഐ ആം ടോണിയിലൂടെയായിരുന്നു അരങ്ങേറ്റം. ശേഷം അയാള്‍ ഞാനല്ല അടക്കം നിരവധി സിനിമകളിലും അഭിനയിച്ചു. മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ ബാലു വർഗീസാണ് എലീനയുടെ ജീവിത പങ്കാളി. ഇരുവർക്കും എസക്കിയേൽ എന്നൊരു മകനുമുണ്ട്.

കുഞ്ഞിന്റെ ജനനത്തിനുശേഷമാണ് എലീന അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. പൊതുവെ അഭിമുഖങ്ങളിലൊന്നും പ്രത്യക്ഷപ്പെടാത്ത എലീന അടുത്തിടെ റെഡ് കാൻഡി മീഡിയയ്ക്ക് നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. മോഡലിങിലേക്ക് തിരിയാനുള്ള കാരണവും ഭാര്യയും അമ്മയുമായ ശേഷമുള്ള ജീവിതത്തെ കുറിച്ചുമെല്ലാം എലീന മനസ് തുറന്നു. മോഡലിങ്ങ് ഞാൻ ചെറുപ്പം മുതൽ കാണുന്ന സ്വപ്നമായിരുന്നു.
1994ൽ അമ്മയ്ക്കൊപ്പമിരുന്നാണ് ദുരദർശനിൽ മിസ് ഇന്ത്യ കോംപറ്റീഷൻ കണ്ടത്. അന്ന് സുസ്മിത കിരീടം ചൂടിയപ്പോൾ അമ്മയുടെ സന്തോഷം മടിയിൽ ഇരുന്ന് ഞാൻ അനുഭവിച്ചതാണ്. അവിടം മുതലാണ് ഇതിനോടാണ് ഫാസിനേഷൻ തുടങ്ങിയത്. മോഡലിങ് എന്താണെന്ന് അറിയില്ലായിരുന്നു. റാംപിൽ നടക്കണമെന്ന് മാത്രമെ തുടക്കത്തിൽ അറിയുമായിരുന്നുള്ളു.
അമല പോൾ മോഡലിങിലേക്ക് ഇറങ്ങിയെന്ന് അറിഞ്ഞതോടെയാണ് എനിക്കും മോഡലിങ് ചെയ്യാൻ ആഗ്രഹം വന്നത്. അമലയും ഞാനും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. ഡിഗ്രി കഴിഞ്ഞശേഷമാണ് ഞാൻ മോഡലിങിലേക്ക് ഇറങ്ങിയത്. സുഹൃത്താണ് ആദ്യത്തെ വർക്ക് എനിക്ക് തന്നത്. പിന്നീട് ശീമാട്ടിക്ക് വേണ്ടി മോഡലിങ് ചെയ്തു. അതോടെ കുറേയധികം ഷോകൾ ചെയ്തു. 2012ലാണ് ആദ്യത്തെ പേജെന്റിൽ പങ്കെടുക്കുന്നത്. മിസ് കേരളയായിരുന്നു അത്.
അതിന്റെ ഗ്രൂമിങ് സെക്ഷൻ എനിക്ക് വലിയൊരു അനുഭവമായിരുന്നു. ശേഷം മിടുക്കി ഷോയിൽ പങ്കെടുത്തു. ഇപ്പോഴും മിടുക്കിയിലെ മത്സരാർത്ഥി എന്ന രീതിയിൽ ആളുകൾ തിരിച്ചറിഞ്ഞ് എന്നോട് സംസാരിക്കാൻ വരാറുണ്ട്. എന്താണ് ഇനി ചെയ്യേണ്ടത് എന്നതിൽ എനിക്ക് ഗൈഡൻസ് കിട്ടിയത് മിടുക്കിയിലൂടെയാണ്. ആ ഷോയിൽ എന്നെ ആദ്യം കണ്ടപ്പോൾ തന്നെ അംബികാ മാം എന്നോട് പറഞ്ഞത് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കണമെന്നാണ്.

മോഡലിങ് തുടങ്ങിയപ്പോൾ 2000 രൂപയായിരുന്നു പ്രതിഫലം. ആ തുകയ്ക്ക് വാങ്ങിയ സാരി ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നുണ്ടെന്നാണ് മോഡലിങിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കവെ എലീന പറഞ്ഞത്. ഹായ് ഐ ആം ടോണിയിലേക്ക് ഓഡീഷനിലൂടെയാണ് വന്നത്. ജീൻ ചേട്ടൻ എന്റെ സീനയറായിരുന്നു സ്കൂളിൽ. സിനിമ ഇപ്പോഴും ഇഷ്ടമാണ്. പക്ഷെ മകനുള്ളതുകൊണ്ടാണ് ഇപ്പോൾ ചെയ്യാത്തത്. വിവാഹത്തിനുശേഷവും ജീവിതം മനോഹരമായി മുന്നോട്ട് പോകുന്നു.
ബാലുവിനും എനിക്കും യാത്രകൾ വളരെ ഇഷ്ടമാണ്. മകൻ പിറന്ന് മൂന്ന് മാസം മുതൽ അവനേയും കൊണ്ടും ഞങ്ങൾ യാത്രകൾ ചെയ്യുന്നുണ്ട്. അമ്മയായശേഷമുള്ള ജീവിതം ബ്യൂട്ടിഫുള്ളാണ്. അതോടൊപ്പം സ്ട്രസ്സുമുണ്ട്. ചിലപ്പോൾ രാവിലെ കണ്ണ് തുറപ്പിക്കുന്നത് തന്നെ മോനാണ്. ബൈബിളിൽ നിന്നുള്ള പേര് മകന് ഇടണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് എസക്കിയേൽ എന്ന പേരിട്ടത്. മാമോദീസയ്ക്ക് പന്ത്രണ്ട് മണിക്കൂർ മുമ്പാണ് ഞങ്ങൾ ഈ പേര് ഫിക്സ് ചെയ്തത്.
ദൈവത്തിന്റെ ശക്തി എന്നാണ് അർത്ഥം. ബാലുവിന് പണ്ട് മുതൽ കുഞ്ഞുങ്ങളെ ഇഷ്ടമാണ്. കുട്ടികളെല്ലാം ബാലുവിന് അടുത്തേക്ക് വരും. അവർക്കെല്ലാം ബാലുവിനെ ഭയങ്കര കാര്യമാണ്. ഭർത്താക്കന്മാർ ഒപ്പമില്ലെങ്കിലും ഞാനും സമയും നികിതയുമെല്ലാം മക്കളുമായി എപ്പോഴും ഒത്തുകൂടാറുണ്ട്. അവരാണ് എന്റെ നല്ല കമ്പനി എന്നുമാണ് കുടുംബ ജീവിതത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചും സംസാരിക്കവെ എലീന പറഞ്ഞത്.


Click it and Unblock the Notifications











