'അന്ന് കണ്ടപ്പോൾ തന്നെ ഇവൾ ആള് കൊള്ളാമല്ലോയെന്ന് തോന്നി, ഇലൈ പപ്പയുടെ ഫോട്ടോകോപ്പിയാണെന്ന് എനിക്ക് തോന്നും'
അമല പോൾ വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും വിജയവും സന്തോഷവും അനുഭവിക്കുന്ന സമയമാണിത്. മലയാളിയാണെങ്കിൽ കൂടിയും അന്യഭാഷകളിലേക്ക് ചേക്കേറിയ ശേഷമാണ് നായിക എന്ന രീതിയിൽ അമല പോൾ പ്രശസ്തി ആർജിച്ച് തുടങ്ങിയത്. അടുത്തിടെയായി മലയാളത്തിലാണ് അമലയുടെ പുതിയ സിനിമകളുടെ റിലീസുകളെല്ലാം. ആടുജീവിതം വൻ വിജയമായതിന് പിന്നാലെ ആസിഫ് അലിക്കൊപ്പം അമല നായിക വേഷം ചെയ്ത ലെവൽ ക്രോസും മികച്ച വിജയവും പ്രേക്ഷക പ്രതികരണവും നേടുന്നുണ്ട്.
പ്രസവം കഴിഞ്ഞ് ശരിയായ വിശ്രമത്തിന് പോലും നിൽക്കാതെ സിനിമയുടെ പ്രമോഷൻ പരിപാടികളെല്ലാം അമല സജീവമായിരുന്നു. രണ്ട് മാസം മുമ്പായിരുന്നു അമലയ്ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. സിനിമയിൽ ചുവടുറപ്പിക്കും മുമ്പ് തന്നെ പരിചയക്കാരും അടുത്ത സുഹൃത്തുക്കളുമാണ് അമലയും പേളി മാണിയും.

പേളിയുടെ കുടുംബത്തിൽ നടക്കുന്ന എല്ലാ ചടങ്ങുകളിലും അമലയുടെയും കുടുംബത്തിന്റെയും സാന്നിധ്യമുണ്ടാകാറുണ്ട്. അമല ഗർഭിണിയായിരുന്ന സമയത്ത് പേളിയും രണ്ടാമത്തെ മകൾ നിതാരയെ ഗർഭിണിയായിരുന്നു. പേളിയുടെ ബേബി ഷവറിൽ അമല ഭർത്താവ് ജഗതിനൊപ്പം പങ്കെടുത്തിരുന്നു. പേളിയും അമലയും ഒരുമിച്ച് ഒരു സിനിമയിൽ പോലും പ്രവർത്തിച്ചിട്ടില്ലല്ലോ... പിന്നെ എങ്ങനെയാണ് ഇരുവരും തമ്മിൽ ഇത്രയേറെ സൗഹൃദമുണ്ടായതെന്ന് ആരാധകർക്കെല്ലാം ഉണ്ടായിരുന്ന ഒരു സംശയമായിരുന്നു.
എന്നാൽ ഇരുവരുടെയും സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ടത്രെ. സ്കൂൾ കാലം മുതൽ അമലയും പേളിയും പേളിയുടെ സഹോദരി റേച്ചലുമെല്ലാം സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം പേളി മാണി ഷോയിൽ ലെവൽ ക്രോസ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി അമല എത്തിയിരുന്നു.
അവിടെ വെച്ച് പേളിയുമായുള്ള സൗഹൃദത്തെ കുറിച്ച് അമല സംസാരിക്കുകയും ചെയ്തിരുന്നു. കുട്ടിയായിരുന്നപ്പോൾ പേളിയെ കണ്ടപ്പോൾ തന്നെ ഇവൾ ആള് കൊള്ളാമല്ലോയെന്ന് തനിക്ക് തോന്നിയിരുന്നുവെന്നാണ് അമല പറയുന്നത്. പേളിയുടെ സഹോദരി റേച്ചലിന്റെ ക്ലാസ്‌മേറ്റാണ് ഞാൻ. ഇടയ്ക്ക് ഒരു ഞായറാഴ്ച ഞങ്ങള്‍ ഫ്രണ്ട്‌സെല്ലാം ഇവരുടെ വീട്ടിലേക്ക് പോയിരുന്നു. അന്ന് പേളി എല്ലാവരെയും കൊണ്ട് അടുത്തുള്ളൊരു സ്‌കൂളിലേക്ക് പോയി.
അവിടെ സമ്മര്‍ ക്യാംപ് പോലെ എന്തോ നടക്കുന്നുണ്ടായിരുന്നു. അവിടെ വെച്ച് പേളി മോട്ടിവേഷന്‍ ക്ലാസൊക്കെ എടുക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ തന്നെ ഇവൾ ആള് കൊള്ളാമല്ലോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത് എന്നാണ് അമല പേളിയെ കുറിച്ച് പറഞ്ഞത്. പേളിയുമായുള്ള സൗഹൃദത്തെ കുറിച്ച് മാത്രമല്ല ഏറ്റവും പ്രിയപ്പെട്ട പപ്പയെ നഷ്ടപ്പെട്ടതിനെ കുറിച്ചും അതേ അഭിമുഖത്തിൽ അമല വെളിപ്പെടുത്തി.

പപ്പയുടെ വേർപാട് ഉണ്ടായശേഷം താൻ തന്നെ ഇല്ലാതെയായ അവസ്ഥയായിരുന്നുവെന്ന് അമല പറയുന്നു. കാന്‍സറായിരുന്നു പപ്പയ്ക്ക്. പപ്പ പോയപ്പോഴാണ് ആ റോള്‍ എന്തായിരുന്നുവെന്ന് ഞാന്‍ അറിഞ്ഞത്. ഞാനങ്ങ് ഇല്ലാണ്ടായിപ്പോയി. മുമ്പ് ഒരു മാസം പപ്പ സോളോ ട്രിപ്പ് പോയിരുന്നു. എല്ലാ കാര്യത്തിനും പപ്പയ്ക്ക് മമ്മി വേണമായിരുന്നു.
ആലീസ് എന്ന വിളി ഇല്ലാതെ പപ്പയെ കാണാനാവില്ലായിരുന്നു. പപ്പയ്ക്ക് ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു. മരിച്ച് കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ അത് കണ്ടത്. ഒരുപാട് കാര്യങ്ങളെക്കുറിച്ച് അതില്‍ എഴുതിയിരുന്നു. ഇലൈയെ പപ്പയുടെ ഫോട്ടോകോപ്പിയായാണ് എനിക്ക് തോന്നാറുള്ളത്.
അതുപോലെ മമ്മിയും സ്‌ട്രോങായൊരു വ്യക്തിയാണ്. എല്ലാ കാര്യങ്ങളും തനിച്ച് കൈകാര്യം ചെയ്യുന്ന ആളാണ്. തടി കൂടിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരെ നോക്കൂ... ഇവരെ നോക്കൂ എന്നൊക്കെയാണ് മമ്മി പറയാറുള്ളതെന്നും അമല പറയുന്നു.
ഒരു വർഷം മുമ്പാണ് ജഗത് ദേശായിയെ അമല വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് വൈകാതെ ഇരുവർക്കും മകൻ പിറന്നു. ഒരു കുഞ്ഞിന്റെ അമ്മയായിട്ടും അമല സിനിമയിൽ സജീവമായി നിൽക്കുന്നത് പിന്നിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ ഒന്നുകൊണ്ട് മാത്രമാണ്.


Click it and Unblock the Notifications