ഗര്‍ഭിണിയായപ്പോള്‍ ആദ്യം തോന്നിയത് എന്തായാലും ഒരു കുഞ്ഞ് വേണമല്ലോ എന്നാണ്! താനിപ്പോഴും ആക്ടീവാണെന്ന് അമല പോള്‍
അമ്മയാവാന്‍ ഒരുങ്ങുകയാണ് നടി അമല പോള്‍. കഴിഞ്ഞവര്‍ഷം വിവാഹിതയായതിന് തൊട്ടു പിന്നാലെയാണ് താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ ആദ്യത്തെ കണ്മണി എത്തുമെന്നും നടി ആരാധകരോടായി വെളിപ്പെടുത്തുന്നത്. അവിടുന്നിങ്ങോട്ട് ഗര്‍ഭകാലം ഏറ്റവും അധികം ആഘോഷമാക്കി മാറ്റാനാണ് അമലയും ഭര്‍ത്താവ് ജഗദ് ദേശായിയും ശ്രമിച്ചത്.
സോഷ്യല്‍ മീഡിയ പേജുകളിലൂടെ അമലയുടെ ഗര്‍ഭകാലത്തെ ജീവിതരീതികളും യാത്രകള്‍ക്കിടയില്‍ നിന്നുള്ള വിശേഷങ്ങളുമൊക്കെ പങ്കുവെച്ചിരുന്നു. മാത്രമല്ല ഇതേ സമയത്താണ് അമല നായികയായി അഭിനയിച്ച നിരവധി സിനിമകളും റിലീസിനെത്തുന്നത്. ഇതിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രൊമോഷന്‍ പരിപാടികളിലും നടി പങ്കെടുത്തിരുന്നു.

നിറവയറുമായി വേദികള്‍ കയറി ഇറങ്ങുകയാണ് അമലയിപ്പോള്‍. ഈ സമയത്ത് ഇങ്ങനെ നടക്കുന്നതില്‍ ബുദ്ധിമുട്ടൊന്നുമില്ലേ എന്ന ചോദ്യത്തിന് താനിപ്പോഴും ആക്ടീവാണെന്നാണ് നടി പറയുന്നത്. അങ്ങനെ വേറൊരു കുഴപ്പവും തോന്നാത്തത് കൊണ്ട് വെറുതേ വീട്ടില്‍ ഇരിക്കേണ്ടതില്ലല്ലോ എന്നാണ് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ സംസാരിക്കവേ നടി പറഞ്ഞത്.
'എനിക്ക് ആക്ടീവായിട്ടാണ് ഇപ്പോഴും ഫീല്‍ ചെയ്യുന്നത്. വേറെ കുഴപ്പമൊന്നുമില്ല, ആക്ടീവായി ഇരിക്കുമ്പോള്‍ വെറുതേ ഒരു പണിയുമെടുക്കാതെ വീട്ടില്‍ ഇരിക്കേണ്ടതില്ലല്ലോ. പ്രഗ്നന്‍സി എന്ന് പറയുന്നത് എന്തോ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണെന്നോ വലിയൊരു ടാസ്‌ക് ആയിട്ടൊന്നും എനിക്ക് തോന്നുന്നില്ല. ഇപ്പോഴുള്ള ഒരു ഒഴുക്കിന് അനുസരിച്ചങ്ങ് പോകുന്നു. മാത്രമല്ല എനിക്ക് കൂടുതല്‍ ലവ് തോന്നുന്നതും സ്‌നേഹിക്കപ്പെടുന്നതും ഇപ്പോഴാണ്.
ഈയൊരു എനര്‍ജി സ്വീകരിക്കാന്‍ സാധിക്കുന്നത് തന്നെ വലിയ കാര്യമല്ലേ? അതുപോലെ പോസിറ്റീവ് പ്രെഗ്നന്‍സി മെസേജ് കൂടി എനിക്ക് പങ്കുവെക്കാന്‍ ആഗ്രഹമുണ്ട്.
എന്റെ കുറേ സിനിമകള്‍ ഈ സമയത്ത് റിലീസ് ചെയ്യുന്നു. അതിനൊപ്പം പ്രൊമോഷനും ഇവന്റുകളും എല്ലാമൊരു അനുഗ്രഹമായിട്ടേ കാണുന്നുള്ളു. അതൊക്കെ ഞാന്‍ ആസ്വദിക്കുകയാണ് ചെയ്യുന്നതെന്നും' അമല പറയുന്നു.
അതേ സമയം തന്റെ സന്തോഷത്തിന്റെ ഏറ്റവും വലിയ കാരണം ഭര്‍ത്താവായ ജഗദ് ആണെന്ന് അമല പറഞ്ഞിരുന്നു. എന്തായാലും ഒരു കുഞ്ഞുവേണം. അപ്പോള്‍ എന്തുകൊണ്ട് ഇപ്പോള്‍ ആയിക്കൂടാ എന്നായിരുന്നു ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ ആദ്യം ചിന്തിച്ചത്. അന്നു മുതല്‍ എല്ലാത്തിനും ജഗദ് കൂടെ തന്നെയുണ്ടെന്നും നടി പറഞ്ഞിരുന്നു.
ജഗദ് ഇല്ലാതെ എനിക്ക് ഇത്രയും സന്തോഷത്തോടെ പോകാന്‍ ആകുമെന്ന് തോന്നുന്നില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയധികം സ്‌നേഹിക്കപ്പെടുന്നത് ജഗ്ഗ് എന്റെ ലൈഫില്‍ വന്ന ശേഷമാണ്. അത് വളരെ വലിയ ഭാഗ്യമാണ്. പ്രണയമെന്നാല്‍ ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ ഫീലിംഗ് ആണ്.
യഥാര്‍ത്ഥ പ്രണയം അണ്‍ കണ്ടീഷനാണ്. ഇതെന്റെ ആദ്യ പ്രണയം പോലെയാണ് എനിക്ക് തോന്നുന്നത്. കാരണം നമ്മളില്‍ നിന്നും മറ്റൊരാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്നും നടി വ്യക്തമാക്കിയിരുന്നു.
ഞാന്‍ ഇനി അഭിനയിക്കുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ നിരവധിയായി കേള്‍ക്കുന്നു. അത് കേള്‍ക്കുമ്പോള്‍ അതിശയമാണ് തോന്നുന്നത്. അമ്മയായ ശേഷം എന്തുകൊണ്ട് മറ്റു ജോലിയ്ക്ക് പോകുന്നത് പോലെ അഭിനയിക്കാനും പോയിക്കൂടാ. ഇത് വലിയ കടമയൊന്നുമല്ല. ജീവിതത്തിന്റെ ഭാഗമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications