'അദ്ദേഹം പ്രപ്പോസ് ചെയ്ത ഉടൻ ഞാൻ യെസ് പറഞ്ഞു, ഒരു കുറവും വരാതെ എന്നെ നോക്കുന്നു, അനുഗ്രഹീതയായതുപോലെ'
ആദ്യ വിവാഹ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങൾ നാഗാർജുന മറന്നത് തുടരെ തുടരെ സിനിമകൾ ചെയ്താണ്. അപ്പോഴാണ് അദ്ദേഹം നടി അമല മുഖർജിയെ കണ്ടുമുട്ടിയത്. നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അമലയുടെ സമർപ്പണും കൃത്യനിഷ്ഠതയും നാഗാർജുനയെ ആകർഷിച്ചു. തുടക്കത്തിൽ നല്ല സുഹൃത്തുക്കളായിരുന്നു. ശേഷം നാഗാർജുനയാണ് പ്രണയം പറഞ്ഞത്. 1991ൽ ഇരുവരും ഒരുമിച്ച് യുഎസിലേക്ക് ഒരു യാത്ര പോയിരുന്നു.
ആ യാത്രയ്ക്കിടയിൽ വെച്ചാണ് നാഗാർജുനയെ അമലയോട് വിവാഹാഭ്യർത്ഥന നടത്തിയത്. ശേഷം 1992 ജൂണിൽ ചെന്നൈയിൽ വെച്ച് ഇരുവരും വിവാഹിതരായി. വിവാഹമോചിതനും ഒരു ആൺകുഞ്ഞിന്റെ പിതാവുമായ നാഗാർജുനയെ വിവാഹം ചെയ്യുമ്പോൾ അമലയ്ക്ക് ഇരുപത്തിയഞ്ച് വയസ് മാത്രമായിരുന്നു പ്രായം. കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹമായിരുന്നു.

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു അമലയുടെ വിവാഹം. ശേഷം അമല അഭിനയത്തിൽ നിന്നും ബ്രേക്കെടുത്ത് കുടുംബജീവിതത്തിന് ശ്രദ്ധ കൊടുത്ത് തുടങ്ങി. നാഗാർജുനയ്ക്കൊപ്പമുള്ള മുപ്പത്തിമൂന്ന് വർഷത്തെ യാത്ര മനോഹരമായിരുന്നുവെന്നും അനുഗ്രഹിക്കപ്പെട്ടവളാണെന്ന തോന്നലുണ്ടെന്നും പറയുകയാണിപ്പോൾ അമല. ഒരു കുറവും വരാതൊയാണ് തന്നെ സംരക്ഷിക്കുന്നതെന്നും നടി പറഞ്ഞു. നാഗ് സാർ എന്നെ പ്രപ്പോസ് ചെയ്യുകയായിരുന്നു.
അതുവരെ എന്റെ ചിന്ത ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നായിരുന്നു. പ്രപ്പോസ് ചെയ്തപ്പോൾ തന്നെ ഞാൻ യെസ് പറഞ്ഞു. അദ്ദേഹത്തെ പ്രണയിക്കുന്ന സമയത്ത് എനിക്ക് ഇൻസെക്യൂരിറ്റി തോന്നിയിട്ടില്ല. കാരണം സിനിമയിൽ അഭിനയിച്ച് തുടങ്ങിയശേഷം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ അഞ്ജലിയും എന്റെ സൂര്യപുത്രിക്ക് സിനിമയിലെ മായയും എല്ലാമാണ്.
ശാക്തീകരിക്കപ്പെട്ട സ്ത്രീകളാണ് അവർ. അസൂയ, പൊസസീവ്നെസ്സ്, പിറുപിറുക്കൽ, നിസ്സഹായത തുടങ്ങിയ ഇമോഷൻസൊന്നും ഉണ്ടാവില്ല. ഞങ്ങൾക്ക് ഒരു സെൽഫ് കോൺഫിഡൻസ് ഉണ്ടാകും. ഇങ്ങനെയാണെന്ന് ചിന്തിക്കാനാണ് എനിക്ക് ഇഷ്ടം. അദ്ദേഹം എന്നെ സ്നേഹിക്കാതിരിക്കുകയോ എനിക്കൊപ്പം സമയം ചിലവഴിക്കാതിരിക്കുകയോ ചെയ്താൽ അല്ലേ ഞാൻ പൊസസീവ്നെസ് കാണിക്കേണ്ടതുള്ളു. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.
അദ്ദേഹത്തിന്റെ ആരാധകർ വരുമ്പോൾ അവർക്ക് ഞാനാണ് ഫോട്ടോ എടുത്ത് കൊടുക്കുന്നത്. മുത്തശ്ശിമാർ വരെ ഉണ്ടാകും. ഞാനും അദ്ദേഹത്തിന്റെ ഫാനാണ്. ബെസ്റ്റ് ഫ്രണ്ട്സ്, റൊമാന്റിക്ക് പാട്നേഴ്സ്, പാരന്റ്സ് എല്ലാമാണ് ഞങ്ങൾ. സ്വന്തം മാതാപിതാക്കളെ അവരുടെ മരണം വരെ അദ്ദേഹം വളരെ മനോഹരമായാണ് നോക്കിയത്.

33 വർഷം വളരെ മനോഹരമായിരുന്നു. അദ്ദേഹമാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്. ഞാൻ എന്ത് ചെയ്താലും അതിനെ എല്ലാം പിന്തുണയ്ക്കും പ്രോത്സാഹിപ്പിക്കും. ഒന്നും നിർത്തേണ്ടതില്ല. തുടർന്നും ചെയ്യൂവെന്നാണ് ഓരോ കാര്യങ്ങളിലും അദ്ദേഹം എന്നോട് പറയാറുള്ളത്. അനുഗ്രഹീതയായതുപോലെ തോന്നുന്നു. ഞങ്ങൾക്കിടയിലും വാദപ്രതിവാദങ്ങൾ ഉണ്ടാകാറുണ്ട്. എന്റെ കാര്യങ്ങളെ കുറിച്ചും അദ്ദേഹം ചിന്തിക്കുകയും ശ്രദ്ധിക്കുകയും ചെയ്യും.
ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും ആ ശ്രദ്ധ ഉണ്ടാകും. അമലയ്ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന ചിന്തയാണ്. ഇത്രത്തോളം നമ്മളെ ഒരാൾ കെയർ ചെയ്യുമ്പോൾ ചെറിയ വിഷയത്തിൽ വാഗ്വാദം വന്നാലും വലിയ പ്രശ്നമായി തോന്നുകയില്ല. എനിക്ക് ഇൻസെക്യൂരിറ്റി തോന്നാലുള്ള സാഹചര്യം അദ്ദേഹം ഇതുവരെ സൃഷ്ടിച്ചിട്ടില്ല.
എല്ലാം ചെയ്യാനും നോ പറയാനുമുള്ള ധൈര്യം അദ്ദേഹമാണ് തന്നത്. എന്നെക്കാൾ അദ്ദേഹമാണ് നന്നായി കുക്ക് ചെയ്യുക. വിദേശ യാത്രകൾ ചെയ്യുമ്പോൾ അദ്ദേഹം തന്നെ സാധനങ്ങൾ വാങ്ങി ഞങ്ങൾക്ക് ഭക്ഷണം തയ്യാറാക്കി തരും. എല്ലാ ഞായറാഴ്ചയും മസാല ദോശ ഉണ്ടാക്കും. ഇന്ത്യയ്ക്കുള്ളിൽ യാത്രകൾ കുറവാണ്. വിദേശയാത്രകളാണ് കൂടുതൽ. രണ്ടുപേർക്കും ഏറ്റവും ഇഷ്ടപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ മാൽഡീവ്സാണെന്നും അമല പറഞ്ഞു.


Click it and Unblock the Notifications











