അവർ പോയശേഷം ഒറ്റപ്പെട്ടതുപോലുള്ള ജീവിതം, പേടി കാരണം കൃഷ്ണ വിഗ്രഹത്തിനൊപ്പമാണ് ഉറങ്ങിയത്; അംബിക മോഹൻ
സിനിമകളിലും സീരിയലുകളിലും വർഷങ്ങളായി നിറഞ്ഞ് നിൽക്കുന്ന അഭിനേത്രിയാണ് അംബിക മോഹൻ. അമ്മ, അമ്മായിയമ്മ, ചേച്ചി തുടങ്ങിയ റോളുകളിൽ സൂപ്പർസ്റ്റാറുകളുടെ ഒപ്പം വരെ അംബിക അഭിനയിച്ച് കഴിഞ്ഞു. മുന്നോറോളം സിനിമകൾ താരം ഇതിനോടകം മലയാളത്തിൽ ചെയ്തു. കൂടാതെ മെഗാ സീരിയലുകളിൽ അടക്കം ഗംഭീര വേഷങ്ങൾ ചെയ്തു. സിനിമപ്രേമികൾക്ക് അംബിക മീശമാധവനിലെ പിള്ളേച്ചന്റെ ഭാര്യയും സീരിയൽ പ്രേമികൾക്ക് പാരിജാതത്തിലെ അമ്മായിയുമാണ് അംബിക.
ഈ കഥാപാത്രങ്ങളുടെ പേരിലാണ് ആളുകൾ അംബികയോട് സ്നേഹം പ്രകടിപ്പിക്കാൻ എത്തുന്നതും. ചിങ്ങപ്പെണ്ണിന് കണ്ണെഴുതാൻ എന്ന ആൽബത്തിൽ സുരേഷ് ഗോപിയുടെ അമ്മയായി അഭിനയിച്ചുകൊണ്ടാണ് അംബിക മോഹൻ ഈ രംഗത്തേക്ക് കടന്നുവന്നത്. മക്കളെ വിവാഹം ചെയ്തയച്ച് സ്വസ്ഥമായി കഴിയുന്ന കാലത്തായിരുന്നു അവസരങ്ങൾ ഒന്നൊന്നായി അംബികയെ തേടിയെത്തി തുടങ്ങിയത്.

കെഎസ്ഇബി എഞ്ചിനീയറായി റിട്ടയർ ചെയ്ത ചന്ദ്രമോഹനാണ് അംബികയുടെ ഭർത്താവ്. രണ്ട് പെൺമക്കൾ. ദിവ്യയും റോമിയും. രണ്ടുപേരും ടീച്ചർമാരാണ്. ഇപ്പോൾ അംബികയ്ക്ക് കൂട്ട് അമ്മയാണ്. ചാലക്കുടിയാണ് സ്വന്തം സ്വദേശമെങ്കിലും അമ്മയ്ക്ക് വാർധക്യസഹജമായ അസുഖങ്ങൾ പിടിപ്പെട്ടതോടെ ചികിത്സയ്ക്കും ഷൂട്ടിങ് ആവശ്യങ്ങൾക്കും എല്ലാമായി എറണാകുളത്താണ് ഇപ്പോൾ അംബികയുടെ താമസം.
ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ തന്റെ കുടുംബത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് അംബിക മോഹൻ. ഹസ്ബെന്റ് ഇലക്ട്രിസിറ്റി ബോഡിൽ എഞ്ചിനീയറായിരുന്നു. മേഘമൽഹാറായിരുന്നു എന്റെ ആദ്യ സിനിമ. മീശമാധവൻ റിലീസ് ചെയ്തശേഷമാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയത്.
പിള്ളേച്ചാ എന്നൊക്കെ ആളുകൾ എന്നെ വിളിക്കുമായിരുന്നു അംബിക പറയുന്നു. പാരിജാതം സീരിയൽ ഹിറ്റായശേഷം ആ പേരിലാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞിരുന്നതെന്നും അംബിക പറയുന്നു. നടിയുടെ എറണാകുളത്തെ വീടിന്റെ മുക്കിലും മൂലയിലും കൃഷ്ണന്റെ ചുമർ ചിത്രങ്ങളും വിഗ്രങ്ങളും കാണാം. കടുത്ത കൃഷ്ണ ഭക്ത കൂടിയാണ് താരം. മക്കളുടെ വിവാഹശേഷം തനിക്ക് കൂട്ട് കൃഷ്ണൻ മാത്രമാണെന്നും അംബിക പറയുന്നു.
ഇപ്പോൾ ഞാനും കൃഷ്ണൻമാരുമുള്ള ജീവിതമാണ്. ഞങ്ങളുടെ ജീവിതം ഇങ്ങനെയാണ്. കുട്ടികൾ കല്യാണം കഴിച്ച് പോയശേഷം ഒറ്റപ്പെട്ടത് പോലെയാണല്ലോ. അതുകൊണ്ട് എനിക്ക് സങ്കടം പറയാനും സന്തോഷം പറയാനും ഈ കൃഷ്ണന്റെ ഫോട്ടോകളും സ്റ്റാച്യുകളും മാത്രമെയുള്ളു. വീട്ടിലെ ഹാളിലിരിക്കുന്ന വലിയ കൃഷ്ണ വിഗ്രഹത്തെ ഞാൻ കട്ടിലിൽ കിടത്തുമായിരുന്നു.

അന്ന് അടുത്തുള്ള വീടുകളിലൊക്കെ കള്ളന്മാർ കയറി പ്രശ്നമായിരുന്നു. അതോടെ എനിക്ക് പേടിയായി. അതുകൊണ്ട് ഞാൻ കൃഷ്ണനെ എടുത്ത് എന്റെ കട്ടിലിൽ കിടത്തും. ആരെങ്കിലും വരികയാണെങ്കിൽ നോക്കികോളാൻ കൃഷ്ണനോട് പറയും. അതിനുശേഷം പേടി എന്ന സാധനം എനിക്കുണ്ടായിട്ടില്ല. ആ കൃഷ്ണൻ അടുത്തുള്ളത് എനിക്ക് ഭയങ്കര ധൈര്യമാണ്. ഒരാളോട് സംസാരിക്കുന്നത് പോലെയാണ് ആ കൃഷ്ണ വിഗ്രഹത്തോട് സംസാരിക്കുക.
സങ്കടം വന്നാലൊക്കെ പോയി പറയും. ആദ്യമൊന്നും നടന്നില്ലെങ്കിലും അവസാനമാകുമ്പോൾ നടക്കും. ആദ്യമൊന്നും നടക്കാതെയാകുമ്പോൾ എനിക്ക് അറിയാം അവസാനം ചെയ്ത് തരുമെന്നും അംബിക പറയുന്നു. ഈ പ്രായത്തിലും ഫിറ്റ്നസിനും മനസിന്റെ സന്തോഷത്തിനുമാണ് അംബിക ഏറെയും പ്രാധാന്യം കൊടുക്കുന്നത്.
അതുകൊണ്ട് തന്നെ ഒന്നിനെ കുറിച്ചും അമിതമായി ചിന്തിച്ച് വിഷമിക്കാറില്ലെന്നും അംബിക പറയുന്നു. ഇടയ്ക്ക് ഞാൻ വർക്കൗട്ട് ചെയ്യാറുണ്ട്. വല്ലാതെ ടെൻഷനടിച്ച് ചിന്തിച്ച് മനസ് കുഴപ്പിക്കാറില്ല. അങ്ങനെ ചെയ്തിട്ട് കാര്യവുമില്ല. എന്തെങ്കിലും ശരിയാകണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം. അതുകൊണ്ട് ടെൻഷൻ അടിക്കുന്ന സമയത്ത് പ്രശ്നത്തിന്റെ പോം വഴി ആലോചിക്കുകയാണ് ചെയ്യാറെന്നും അംബിക കൂട്ടിച്ചേർത്തു.


Click it and Unblock the Notifications