'ഞാൻ ഭാര്യയാണെന്ന് വേദിയിൽ അമ്പിളി ചേട്ടൻ പറഞ്ഞു, 80 വയസിൽ ഗർഭിണി പക്ഷെ സന്തോഷിക്കാൻ സ്ത്രീക്ക് പറ്റുന്നില്ല'
നിരവധി മലയാള സിനിമകളിൽ ഒരു കാലത്ത് അമ്മ, ഭാര്യ റോളുകളിൽ തിളങ്ങിയിട്ടുള്ള അഭിനേത്രിയാണ് അംബിക മോഹൻ. ഇതിനകം ചെറുതും വലുതുമായ 300ഓളം ചലച്ചിത്രങ്ങളിൽ അംബിക അഭിനയിച്ചിട്ടുണ്ട്. മൂന്നാംനൊമ്പരമാണ് അംബികയുടെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. 80 വയസിൽ ഗർഭിണിയാകുന്ന എലിസബത്ത് എന്ന സ്ത്രീയുടെ കഥാപാത്രമാണ് നടിയുടേത്.
ഈ സിനിമയെ കുറിച്ചും ഇതുവരെയുള്ള സിനിമ ജീവിതത്തെ കുറിച്ചും അംബിക സിനിമ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നു. ഈ സിനിമയിൽ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഞാൻ ചെയ്തിരിക്കുന്നത്. അമ്മ വേഷം തന്നെയാണ്. എലിസബത്ത് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഈ സ്ത്രീക്ക് എൺപത് വയസുവരെ കുട്ടികളൊന്നും ഉണ്ടാവില്ല.

കുട്ടികളില്ലാത്തവരെ ആളുകൾ വളരെ മോശമായാണ് പറയുക. സന്താന ഭാഗ്യമില്ലാത്ത നശിച്ച ജന്മം എന്നാണ് പറയുക. ഇത്തരത്തിൽ കുറ്റപ്പെടുത്തലുകൾ കേട്ട് ജീവിച്ച എലിസബത്തിന് ദൈവത്തിന്റെ അനുഗ്രഹത്താൽ 80 ആം വയസിൽ ഗർഭിണിയാകുന്നു. ദൈവീകമായ ഒരു ശക്തിയിലൂടെയാണ് അത് സംഭവിക്കുന്നത്. കുഞ്ഞിന് വേണ്ടി എലിസബത്തിന്റെ ഭർത്താവ് സക്കറിയ പ്രാർത്ഥിക്കും.
അങ്ങനെ എൺപതാം വയസിൽ നിങ്ങൾക്ക് ഒരു കുഞ്ഞ് പിറക്കുമെന്ന് ദൈവം പറയുമ്പോൾ പുള്ളി കളിയാക്കും. അന്ന് തൊട്ട് പുള്ളി മിണ്ടാതെയാകും. എലിസബത്ത് പിന്നീട് ഗർഭിണിയാകും പക്ഷെ എല്ലാവരും പരിഹസിക്കുന്നതുകൊണ്ട് സന്തോഷിക്കാൻ പറ്റുന്നില്ല. ഞാൻ ഇതുവരെ ഇങ്ങനൊരു കഥാപാത്രം ചെയ്തിട്ടില്ല. സ്നാപക യോഹന്നാന്റെ അമ്മ വേഷമാണ് എനിക്ക്.
ഇങ്ങനൊരു കഥാപാത്രം കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് അംബിക പറഞ്ഞു. സിനിമയിലേക്ക് ഞാൻ വന്നത് പോലും ഒരു ദൈവാനുഗ്രഹമാണ്. നമ്മൾ എല്ലാവരും ആരാധിക്കുന്ന മോഹൻലാൽ, മമ്മൂട്ടി തുടങ്ങി എല്ലാ താരങ്ങളുടേയും അമ്മയായിട്ട് എനിക്ക് അഭിനയിക്കാൻ പറ്റി. നിരവധി മുൻനിര നായികമാരുടെ അമ്മ വേഷങ്ങളും എനിക്ക് ചെയ്യാൻ കഴിഞ്ഞു.
ഒരുപാട് വലിയ സംവിധായകർക്കൊപ്പവും ഇക്കാലയളവിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട് താരം കൂട്ടിച്ചേർത്തു. നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ലൊക്കേഷൻ അനുഭവങ്ങളും അംബിക ഒപ്പം പങ്കുവെച്ചു. അമ്പിളി ചേട്ടനൊപ്പം ഒരുപാട് സിനിമകളിൽ ഭാര്യ റോൾ ഞാൻ ചെയ്തിട്ടുണ്ട്. പക്ഷെ ഓരോ പടം ചെയ്യുമ്പോഴും എല്ലാം വ്യത്യസ്തമാണ്. അദ്ദേഹത്തിന് അപകടം സംഭവിക്കും മുമ്പ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമയാണ് പറുദീസ.

ഞങ്ങൾ ഒരുമിച്ച് ചെയ്തതിൽ പ്രേക്ഷകരുടെ മനസിൽ ഇപ്പോഴും കിടക്കുന്നത് മീശമാധവൻ എന്ന സിനിമയാണ്. എനിക്ക് ഒരു ബ്രേക്ക് തന്ന സിനിമ കൂടിയാണത്. ആ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ അമ്പിളി ചേട്ടൻ ക്ഷണിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം ഒരു ഫങ്ഷന് ഞാൻ പോയി. ജനങ്ങൾക്ക് എന്നെ അറിയുന്ന സമയമല്ല. അമ്പിളി ചേട്ടനൊപ്പം ചമ്മലോടെയാണ് ഞാൻ പോയത്. പക്ഷെ അദ്ദേഹം എനിക്ക് ഇരിക്കാൻ സീറ്റൊക്കെ റെഡിയാക്കി തന്നു.
ശേഷം പ്രസംഗിക്കാൻ കയറിയപ്പോൾ എന്നെ ചൂണ്ടി കാണിച്ച് സദസിലിരിക്കുന്നവരോട് ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് പറഞ്ഞു. ഞാൻ ആകെ അമ്പരന്നു. എല്ലാവരും ആ സമയം എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നെ അദ്ദേഹം തിരുത്തി മീശമാധവനിൽ എന്റെ ഭാര്യയായി അഭിനയിക്കുന്ന ആർട്ടിസ്റ്റാണെന്ന് വ്യക്തമായി പറഞ്ഞു.
എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി. ഇത്രയും സപ്പോർട്ടൊക്കെ അദ്ദേഹത്തെ പോലുള്ളവർക്ക് മാത്രമെ ചെയ്യാൻ പറ്റു. അമ്പിളി ചേട്ടനൊപ്പം അപകടശേഷം ഒരു സിനിമയിൽ പെങ്ങളായി അഭിനയിച്ചിരുന്നു എന്നും അംബിക പറയുന്നു. സിനിമയിൽ എന്നതുപോലെ മിനിസ്ക്രീനിലും അംബിക തിളങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications











