ബാത്ത് റൂം സൗകര്യങ്ങളില്ല; ഇൻഫെക്ഷൻ വന്നു; ഇങ്ങനെ ലാഭിക്കുന്ന പണം നിലനിൽക്കുമോ; അമ്മു അഭിരാമി
ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന തമിഴ് നടിയാണ് അമ്മു അഭിരാമി. ഭൈരവ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന അമ്മു അഭിരാമി പിന്നീട് രാക്ഷസൻ, അസുരൻ ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തു. സിനിമാ രംഗത്ത് താനുൾപ്പെടെയുള്ള നടിമാർ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അമ്മു അഭിരാമിയിപ്പോൾ. നടിമാർക്ക് ബാത്ത് റൂം സൗകര്യം സെറ്റുകളിൽ ഉറപ്പാക്കേണ്ടതുണ്ടെന്ന് അമ്മു അഭിരാമി വ്യക്തമാക്കി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
ഇപ്പോൾ കാരവാനും റെസ്റ്റ് റൂമുകളും ലഭിക്കുന്നുണ്ട്. ലഭിച്ചില്ലെങ്കിൽ ചോദിക്കും. ഒരുപാട് സിനിമാ സെറ്റുകളിൽ വസ്ത്രം മാറ്റാനുള്ള സൗകര്യം പോലുമില്ലായിരുന്നു. റെസ്റ്റ് റൂമിൽ വെള്ളമുണ്ടാകില്ല. അതുകൊണ്ട് എനിക്ക് ഇൻഫെക്ഷനും വന്നിട്ടുണ്ട്. ഇത് എങ്ങനെ എടുക്കുമെന്ന് അറിയില്ല. വേദന കൊണ്ടാണ് പറയുന്നത്. വലിയ ആർട്ടിസ്റ്റ്, ചെറിയ ആർട്ടിസ്റ്റ്, പുതുമുഖം എന്നതെല്ലാം താണ്ടി ഒരു മനുഷ്യന് കൊടുക്കേണ്ട മര്യാദ കൊടുക്കണം. അത് ഏത് ഇൻഡസ്ട്രിയായാലും.

ഇത്രയും ബഡ്ജറ്റ് ഉള്ളപ്പോൾ ഒരു ബാത്ത് റൂം വെച്ച് എന്ത് വേണമെങ്കിലും ചെയ്യൂ, സ്ത്രീകൾക്കായും പുരുഷൻമാർക്കായും ടോയ്ലെറ്റ് വെക്കൂ. വസ്ത്രം മാറാനായി ഒരു റൂം അറേഞ്ച് ചെയ്യൂ. എന്നാൽ ഇതൊന്നും പരിഗണക്കില്ല. ആരുടെയെങ്കിലും വീട്ടിൽ പോയി വസ്ത്രം മാറണം. ഒരു ക്യാമറ വെച്ച് എന്തെങ്കിലും സംഭവിച്ചാൽ ആരാണത് അഭിമുഖീകരിക്കേണ്ടത്. ആരോഗ്യ പ്രശ്നങ്ങൾ വന്നാൽ ആര് സഹിക്കണം. ഞാൻ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടുണ്ട്.
ആ സമയത്ത് ഒരു അവസരം ലഭിക്കുന്നെന്ന് കരുതി നമ്മൾ ചെയ്യും. പക്ഷെ ആർക്ക് വേണ്ടിയും സ്വന്തം ആരോഗ്യം ത്യാഗം ചെയ്ത് ഒന്നും ചെയ്യേണ്ടതില്ല. ഇത്തരം സൗകര്യങ്ങൾ കുറച്ച് ലാഭിക്കുന്ന പണം നിലനിൽക്കുമോ എന്നറിയില്ല. കൃത്യസമയത്ത് ഭക്ഷണം കൊടുക്കുക, ഒരേപോലെ ഭക്ഷണം കൊടുക്കുക, വസ്ത്രം മാറ്റാനുള്ള സൗകര്യം നൽകുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം നിർമാതാക്കൾ ചെയ്ത് തരേണ്ടതുണ്ടെന്നും അമ്മു അഭിരാമി വ്യക്തമാക്കി.

വ്യക്തിപരമായ കാര്യങ്ങൾ സംസാക്കാൻ താൽപര്യമില്ലെന്നും അമ്മു അഭിരാമി വ്യക്തമാക്കി. പ്രൊഫഷണൽ ലൈഫും പേഴ്സണൽ ലൈഫും വേറെയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരു കഥാപാത്രമായി മാത്രമേ എനിക്ക് ജനങ്ങളെ വിനോദിപ്പിക്കാൻ പറ്റൂ. അഭിരാമിയുടെ ജീവിതം വെച്ച് വിനോദിപ്പിക്കാൻ പറ്റില്ല. ഞങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് എവിടെയും സംസാരിക്കേണ്ടതില്ല, ഏത് ചോദ്യങ്ങൾക്ക് ഉത്തരം പറയണമെന്നും പറയേണ്ടെന്നതും തന്റെ ചോയ്സ് ആണെന്നും അമ്മു അഭിരാമി വ്യക്തമാക്കി.
ഒരു പെൺകുട്ടിയെന്ന നിലയിൽ നമ്മളെ സ്വയം സംരക്ഷിക്കുന്നതിന് ഒരു അതിർ വരമ്പ് വെച്ച് മാത്രമേ സംസാരിക്കാൻ പറ്റൂ. അതിന്റെ പേരിൽ നമ്മൾ അഹങ്കാരിയാണെന്ന് പറഞ്ഞാൽ അതിന് ഉത്തരം നൽകേണ്ടതില്ല. കാരണം ഞങ്ങൾക്ക് ഞങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. എന്റെ സ്വഭാവത്തിൽ മാറ്റാനാഗ്രഹിക്കുന്നത് ദേഷ്യമാണ്. എനിക്ക് വളരെ ഇഷ്‌ടമുള്ള ആളുകളോട് ഞാൻ ദേഷ്യപ്പെടും. അതിന് ശേഷം വിഷമിക്കും. ഇപ്പോൾ ഈ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും അമ്മു അഭിരാമി വ്യക്തമാക്കി. കണ്ണകിയാണ് നടിയുടെ പുതിയ തമിഴ് ചിത്രം.


Click it and Unblock the Notifications