ഞാൻ മനപ്പൂർവം മെലിഞ്ഞതല്ല; പുറത്ത് പറയാൻ പറ്റാത്ത രീതിയിൽ ബോഡി ഷെയ്മിംഗ്; അനശ്വര
മലയാള സിനിമയിൽ ഇന്ന് യുവനിരയിൽ ശ്രദ്ധേയയാണ് നടി അനശ്വര രാജൻ.എന്ന് സ്വന്തം സുജാത ഉൾപ്പെടെയുള്ള സിനിമകളിൽ ചെറിയ വേഷം ചെയ്ത അനശ്വര ശ്രദ്ധിക്കപ്പെടുന്നത് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ്.
വമ്പൻ ഹിറ്റായ സിനിമയ്ക്ക് ശേഷം സിനിമയിലഭിനയിച്ച അനശ്വര, നെൽസൺ, മാത്യു തോമസ് എന്നിവർ വൻ ജനപ്രീതി നേടി. മൂവരെയും തേടി നിരവധി അവസരങ്ങളെത്തി. അനശ്വര പിന്നീട് സൂപ്പർ ശരണ്യ, വാങ്ക്, മൈക്ക് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

മൂന്ന് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പ്രണയ വിലാസമാണ് നടിയുടെ ഏറ്റവും പുതിയ സിനിമ. അനശ്വരയ്ക്ക് പുറമെ മമിത ബൈജു, അർജുൻ അശോകൻ എന്നിവരാണ് സിനിമയിലെ പ്രധാന വേഷം ചെയ്യുന്നത്.
പ്രണയ കഥാപശ്ചാത്തലത്തിലൊരുങ്ങിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ മുരളിയിയാണ്. സൂപ്പർ ശരണ്യക്ക് ശേഷം അർജുൻ അശോകനും മമിതയും അനശ്വരയും ഒരുമിച്ചെത്തുന്ന സിനിമ കൂടിയാണിത്.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അഭിമുഖങ്ങളിൽ പങ്കെടുത്ത് വരികയാണ് അനശ്വര രാജൻ. ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ അനശ്വര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പലരിൽ നിന്നും തനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അനശ്വര പറയുന്നു.

'ഇപ്പോൾ ഞാൻ മെലിഞ്ഞിട്ടാണ്. മനപ്പൂർവം മെലിഞ്ഞതല്ല. ചില കാരണങ്ങൾ കൊണ്ട് മെലിഞ്ഞതാണ്. കാണുമ്പോൾ തന്നെ മെലിഞ്ഞ് പോയല്ലോ എന്താ ഫുഡ് കഴിക്കാത്തേയെന്ന് ചോദിക്കും. അവരെ സംബന്ധിച്ച് നമ്മളെ ആദ്യമായി കാണുമ്പോൾ ഒരു തവണ ചോദിക്കുന്നതാണ്'
'പക്ഷെ എനിക്കിത് ആയിരം പ്രാവശ്യം കേട്ടിട്ടുണ്ട്. ടോർച്ചറിംഗ് ആണത്. കൊള്ളി പോലിരിക്കുന്നു, ഇതും വെച്ച് നീ എന്ത് ചെയ്യാനായെന്നൊക്കെ ചോദിച്ച്. പുറത്ത് പറയാനാവാത്ത കുറേ കാര്യങ്ങൾ. അത് നേരിട്ടും പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വന്നിട്ടുണ്ട്,' അനശ്വര രാജൻ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ചിലരയക്കുന്ന മെസേജുകളെക്കുറിച്ചും അനശ്വര സംസാരിച്ചു. ചിലർ കുറേ ഹായ് അയച്ച് മറുപടി കിട്ടാതാവുമ്പോൾ പിന്നീട് ജാഡ, അഹങ്കാരിയെന്നൊക്കെ പറയുമെന്നും നടി ചൂണ്ടിക്കാട്ടി.
പ്രണയ വിലാസത്തിൽ ഒപ്പമഭിനയിക്കുന്ന മമിതയും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. സിനിമ വിട്ട് മറ്റെന്തെങ്കിലും നോക്കാൻ ഒരു വട്ടം തോന്നിയിരുന്നെന്ന് മമിത പറഞ്ഞു.
'പ്ലസ് ടു വരെ സിനിമകൾ കാര്യമായെടുത്തിരുന്നില്ല. ഫ്രീയാണെങ്കിൽ പോയി ചെയ്യും. പ്ലസ് ടു കഴിഞ്ഞപ്പോഴേക്കും പപ്പ പറഞ്ഞു നിനക്ക് മെഡിസിനെടുക്കാണല്ലേ ആഗ്രഹം അപ്പോൾ അങ്ങനെ പോയാൽ മതി ഇത് നിർത്താൻ'

'അപ്പോൾ കുറച്ച് വിഷമം ഉണ്ടായിരുന്നു. പപ്പയ്ക്ക് ഭയങ്കര പേടിയാണ്. പപ്പയ്ക്കറിയാത്ത റൂട്ടാണ് സിനിമ. ഗോഡ്ഫാദർ എന്ന് പറയാൻ എനിക്കാരുമില്ല. അതിനാൽ പപ്പയ്ക്ക് കുറച്ച് കോൺഫിഡൻസ് കുറവായിരുന്നു'
'ആ സമയത്ത് എനിക്ക് സിനിമ വേണ്ടെന്ന് വിചാരിച്ചിരുന്നു. പക്ഷെ പെട്ടെന്ന് എനിക്ക് വേറെ പടം വന്നപ്പോൾ ഞാനൊന്നും നോക്കിയില്ല. പപ്പ പറഞ്ഞു വേണ്ടെന്ന് പക്ഷെ ഞാൻ പറഞ്ഞു വേണമെന്ന്. അത് കഴിഞ്ഞപ്പോൾ തൊട്ട് പപ്പ ഓക്കെയായിരുന്നു,' മമിത ബൈജു പറഞ്ഞു.


Click it and Unblock the Notifications