ആര്യ ഇനി സിബിന് സ്വന്തം, വിവാഹ ചിത്രങ്ങൾ പങ്കിട്ട് താരം, മണ്ഡപത്തിലേക്ക് ആര്യ എത്തിയത് മകളുടെ കൈപിടിച്ച്!
ഏറെ നാളുകളായി മിനിസ്ക്രീൻ പ്രേക്ഷകർ കാത്തിരുന്ന വിവാഹമായിരുന്നു ആര്യയുടേയും സിബിന്റേയും. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. അതിനുശേഷം വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതിന്റെ സൂചനകൾ ഇടയ്ക്കിടെ ആര്യ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു. പക്ഷെ എന്നാണ് വിവാഹം എന്നതുമായി ബന്ധപ്പെട്ട് ഒരു വിവരവും പുറത്തുവിട്ടിരുന്നില്ല.
ഇപ്പോഴിതാ ഇരുവരും വിവാഹിതരായിരിക്കുന്നു. ഇന്ന് വളരെ പ്രൈവറ്റായി നടന്ന ചടങ്ങിൽ വെച്ച് ഹിന്ദു ആചാരപ്രകാരം സിബിൻ ആര്യയെ താലി ചാർത്തി സ്വന്തമാക്കി. എല്ലാത്തിനും ചുക്കാൻ പിടിച്ച് ആര്യയുടെ മകൾ ഖുഷി എന്ന റോയയും ഉണ്ടായിരുന്നു. കതിർമണ്ഡപത്തിലേക്ക് ആര്യയെ കൈപിടിച്ച് കൂട്ടികൊണ്ടുവന്നത് മകൾ തന്നെയാണ്.

പൊതുവെ വധു മാതാപിതാക്കളുടെ കൈപിടിച്ചാണ് വിവാഹവേദിയിലേക്ക് എത്താറുള്ളത്. എന്നാൽ ഇവിടെ ആര്യ മകളെ ആ കർത്തവ്യത്തിനായി തെരഞ്ഞെടുത്തത് നടിയുടെ എല്ലാമെല്ലാം മകളാണ് എന്നുള്ളതുകൊണ്ടാണ്. ഫെയറിടെയ്ൽ വെഡ്ഡിങ് എന്നാണ് ആര്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തെ വിശേഷിപ്പിച്ചത്. സ്നേഹം നിറഞ്ഞ ഒരു ദിവസം... ഇനി ഒരു ജീവിതകാലം മുഴുവൻ... എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കിട്ട് ആര്യ നൽകിയ ക്യാപ്ഷൻ.
ആര്യയുടെ സ്വന്തം സാരി ബ്രാന്റായ കാഞ്ചീവരത്തിൽ നിന്നുള്ള സാരിയാണ് ആര്യ വിവാഹ ദിവസം ഉടുത്തത്. ഗോൾഡൺ നിറത്തിലുള്ള സാരിയും അതിന് ഇണങ്ങുന്ന ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായിരുന്നു ആര്യ. ഇളം വയലറ്റ് നിറത്തിലുള്ള മുണ്ടും കുർത്തയും ഷാളുമായിരുന്നു വരൻ സിബിന്റെ വേഷം.
എറണാകുളത്തുള്ള ബിച്ച് റിസോർട്ടിലാണ് വിവാഹം നടന്നതെന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. വിവാഹനിശ്ചയവും സമാനമായ രീതിയിൽ വളരെ സ്വകാര്യമായി വേണ്ടപ്പെട്ടവരെ മാത്രം ഉൾക്കൊള്ളിച്ചാണ് ആര്യയും സിബിനും നടത്തിയത്. സിബിൻ താലികെട്ടിയപ്പോൾ സഹായിച്ചതും ആര്യയുടെ മകളാണ്. എത്രത്തോളം ഇരുവരും ഹാപ്പിയായിരുന്നുവെന്നത് ഫോട്ടോകളിൽ നിന്നും വ്യക്തമാണ്.
ഔർ ഫോർഎവർ, ഫെയറിടെയ്ൽ, ഫ്രണ്ട്ഷിപ്പ്, ഫോർഎവർ, ലവ്, ഔർ ഡെ തുടങ്ങിയ ഹാഷ് ടാഗുകളും വിവാഹ ഫോട്ടോയ്ക്കൊപ്പം നൽകിയിരുന്നു. വൈകാതെ ക്രിസ്ത്യൻ ആചാര പ്രകാരവും വിവാഹം ഉണ്ടാകും. സിബിൻ ക്രിസ്ത്യൻ മതവിശ്വാസിയാണ്. രണ്ട് ആചാരപ്രകാരവും വിവാഹവും റിസപ്ഷനും സംഗീതവുമെല്ലാം ഉണ്ടെന്ന് അടുത്തിടെ ഇരുവരുടേയും സുഹൃത്ത് ശിൽപ ബാല പറഞ്ഞിരുന്നു.

ക്രിസ്ത്യൻ വെഡ്ഡിങ്ങിന് അണിയാനുള്ള വെയിൽ തയ്യാറായി കിട്ടിയതിന്റെ സന്തോഷവും കഴിഞ്ഞ ദിവസം ആര്യ പങ്കുവെച്ചിരുന്നു. ഷംന കാസിം, അലക്സാന്ഡ്ര ജോൺസൺ, പ്രിയമണി, ഷഫ്ന നിസാം, സിജോ, അശ്വതി ശ്രീകാന്ത് തുടങ്ങി സിനിമ-സീരിയൽ മേഖലയിൽ ഉള്ളവരെല്ലാം നവദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തി. ഇരുവരുടേയും രണ്ടാം വിവാഹമാണ്.
ആര്യയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ഖുഷി. നടി അർച്ചന സുശീലിന്റെ സഹോദരനെയാണ് ആര്യ ആദ്യം വിവാഹം ചെയ്തത്. അന്ന് ഇരുപതുകളുടെ തുടക്കത്തിലായിരുന്നു നടി. പിന്നീട് ആ ബന്ധം തകർന്നു. ശേഷം ആര്യയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. പക്ഷെ ബിഗ് ബോസിൽ പോയി നടി തിരികെ എത്തിയപ്പോഴേക്കും അയാൾ ആര്യയെ വഞ്ചിച്ചു.
ശേഷമാണ് സിബിൻ ആര്യയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. ഇരുവരും വളരെ വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. ആ സൗഹൃദം ജീവിതത്തിൽ ഉടനീളം ഉണ്ടായാൽ നന്നാകുമെന്ന് തോന്നിയപ്പോൾ പ്രപ്പോസൽ ആദ്യം മുന്നോട്ട് വെച്ചത് സിബിനാണ്. ശേഷം ഇരുവരും ആര്യയുടെ മകളുമായി സംസാരിച്ചു. മകളും സമ്മതം അറിയച്ചതോടെ ഇരുവരും പ്രണയിച്ച് നടക്കാതെ വിവാഹിതരാകാമെന്ന് തീരുമാനിക്കുകയായിരുന്നു. സിബിന് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്.


Click it and Unblock the Notifications